September 28, 2022 Wednesday

Related news

September 12, 2022
August 17, 2022
August 4, 2022
June 30, 2022
June 13, 2022
June 9, 2022
June 8, 2022
May 30, 2022
May 26, 2022
May 24, 2022

പ്രവാചക നിന്ദ, ഗ്യാന്‍വാപി 32 പേരെ പ്രതിചേര്‍ത്ത് ഡല്‍ഹി പൊലീസ്

Janayugom Webdesk
June 9, 2022 11:45 pm

രാജ്യത്തിന് അന്താരാഷ്ട്രതലത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ നടപടിയെടുത്ത് ഡല്‍ഹി പൊലീസ്.
പ്രവാചക നിന്ദാ പ്രസ്താവന, ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടവര്‍, വിദ്വേഷ പ്രസംഗം നടത്തിയവര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തക സബാ നഖ്വിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും അടക്കം 32 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ട് എഫ്ഐആറുകളാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നുപുര്‍ ശര്‍മയ്ക്കെതിരെ ഒന്നും ബാക്കി 31 പേര്‍ക്കെതിരെ മറ്റൊരു എഫ്ഐആറുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, ടിവി ചര്‍ച്ചയിലെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്താണ് രണ്ടാം പ്രതിപ്പട്ടിക. സാമൂഹ്യ ഐക്യവും സമാധാനവും തകര്‍ക്കാനുള്ള പ്രകോപനം സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്കെതിരെ കേസെടുത്തത്. പുറത്താക്കിയ ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലും 32 പേരുടെ പട്ടികയില്‍ ഉള്‍പ്പെടും. ഐപിസി 153 (കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക), 295 (ഏതെങ്കിലും മതത്തിനോ ആരാധനാലയത്തിനോ അപമാനമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അനാദരവ് കാട്ടുക), 505 (സമൂഹത്തില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുക) എന്നീ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.

നവീന്‍ ജിന്‍ഡാലിനെതിരെ പ്രവാചകനെതിരെ നടത്തിയ ട്വീറ്റ്, സബാ നഖ്വിക്കെതിരെ ശിവലിംഗത്തെ ഇകഴ്ത്തുന്ന ട്വീറ്റ്, അസദുദ്ദീന്‍ ഒവൈസി, ഷദാബ് ചൗഹാന്‍ എന്നിവര്‍ക്കെതിരെ സാമൂദായിക വിഭജനത്തിന് പ്രേരണ, പൂകാ ശകുന്‍ പാണ്ഡെക്കെതിരെ മൂസ്‌ലിങ്ങളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതിയതിനെതിരെ, മുഫ്തി നദീമിനെതിരെ പ്രവാചകന്‍ നബിയെ അപമാനിക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണി മുഴക്കിയതിനെതിരെ എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. അബ്ദുര്‍ റഹ്‌മാന്‍, ഗുല്‍സാര്‍ അന്‍സാരി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം പൊലീസ് എല്ലാവരുടെയും പേര് കേസില്‍ ഉള്‍പ്പെടുത്തി സന്തുലനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.

ഇന്ത്യ- ഇറാന്‍ ചര്‍ച്ച വിവാദത്തില്‍; നടപടിയെടുക്കാമെന്ന് ഇന്ത്യ പറഞ്ഞതായി ഇറാന്‍, നിഷേധിച്ച് ഇന്ത്യ

ഇസ്‌ലാം മതത്തെ നിന്ദിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ആഗോളരോഷം രൂക്ഷമായിരിക്കെ ഇന്ത്യ- ഇറാന്‍ ചര്‍ച്ചയും വിവാദത്തില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ളാഹിയനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വിവാദം രൂക്ഷമായതോടെ ഇറാന്‍ ട്വീറ്റ് പിന്‍വലിച്ചു.

പ്രവാചകനെ അനാദരിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ സൃഷ്ടിച്ച നിഷേധാത്മകമായ അന്തരീക്ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഇസ്‌ലാമത സ്ഥാപകനോട് ബഹുമാനം പുലര്‍ത്തുന്നതായി ഇന്ത്യൻ സർക്കാര്‍ ആവര്‍ത്തിച്ചുവെന്നുമാണ് അബ്ദുള്ളാഹിയന്‍ ട്വീറ്റ് ചെയ്തത്. പ്രവാചക നിന്ദ നടത്തിയവരെ പാഠം പഠിപ്പിക്കുമെന്ന് ഡോവല്‍ ഉറപ്പുനല്‍കിയെന്നും അബ്ദുള്ളാഹിയന്‍ പറഞ്ഞു. എന്നാല്‍ ഇറാന്റെ വാദങ്ങള്‍ ഇന്ത്യ തള്ളി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ഇറാന്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മതങ്ങളെ ബഹുമാനിക്കാനും വിവാദപ്രസ്താവനകള്‍ ഒഴിവാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള വിവാദ പ്രസ്താവന നീക്കം ചെയ്തുകൊണ്ട് അബ്ദുള്ളാഹിയന്‍ പുതിയ ട്വീറ്റ് ചെയ്തു.

Eng­lish Summary:Delhi Police have arrest­ed 32 peo­ple for insult­ing the Prophet and Gyanwapi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.