May 28, 2023 Sunday

ഡൽഹി വോട്ടെടുപ്പ്: വരാനിരിക്കുന്ന വലിയ സന്ദേശം

Janayugom Webdesk
January 7, 2020 9:43 pm

വത്സൻ രാമംകുളത്ത് 

 

മുഖം മുറച്ചെത്തിയ ഭരണകൂട കങ്കാണികൾ നെറ്റിപിളർത്തിയത് കേവലം ഐഷെ ഘോഷ് എന്ന പെൺകുട്ടിയുടേതല്ല. അവളുടെ നെറുകയിൽ നിന്നൊലിച്ച് രണാങ്കിതമായ ഇന്ദ്രപ്രസ്ഥം നരേന്ദ്രമോഡിക്കൂട്ടങ്ങൾക്ക് വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ തർക്കവും വേണ്ട. അഞ്ഞടിക്കാനൊ­രുങ്ങുന്ന കൊടുങ്കാറ്റിന്റെ ആരവമാണ് ഡൽ­ഹിയുടെ തെരുവോരങ്ങളിലാകെ മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ. ഡൽഹിയിൽ വോട്ടുള്ളവരുടെ ശ്വാസം ആ കാറ്റിന് ശക്തിയേകുകയാണ്. തിരമാലകൾ പോൽ ഇന്ത്യൻ പ്രതിഷേധങ്ങൾ സംഘപരിവാരത്തിന്റെ മേൽ ആഞ്ഞുപതിക്കും. ഒരു ജനതയോട് ഭരണാധികാരിയും ഭരണകൂടവും എന്തു ചെയ്തുകൂടാ, അതാണിന്ന് മോഡിയിൽ നിന്നും ബിജെപിയിൽ നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര അജണ്ട അ­തിവേഗം നടപ്പാക്കാനുള്ള മോഡീതന്ത്രം അ­ക്ഷരാർത്ഥത്തിൽ ഇന്ത്യൻ ജനതയെ സാഹോദര്യത്തിന്റെ കരുത്തുറ്റ ചങ്ങലക്കണ്ണികളാക്കിയിട്ടുണ്ട്. അതിന് കരുത്തുപകരുന്നതാകട്ടെ, ഇന്ത്യയിലെ പൊരുതുന്ന യുവജന‑വിദ്യാർത്ഥി മുന്നേറ്റങ്ങളും. അവരൊഴുക്കുന്ന ചോരയും അവരിൽ നിന്നടരുന്ന വിയർപ്പുമാണ് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഊർജ്ജം. ഇന്നിന്റെ ആവേശവും. അത് വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെ­ടു­പ്പി­നെ അതിരുകടന്നും സ്വാധീനിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഇന്നേയ്ക്ക് 32 ദിവസം മാത്രമാണ് ഡൽഹി തെരഞ്ഞെടുപ്പിനുള്ളത്. ജനുവരി 24ന് പത്രി­ക പിൻവലിക്കാനുള്ള സമയം പൂർത്തി­യാവുന്നതോടെ ഡൽഹിയിലെ രാ­ഷ്ട്രീയ പോരിന് ചൂടേറും. 70 നിയമ­സഭാ സീറ്റുകളിലേക്കായാണ് വോട്ടെടുപ്പ്. നിലവിലെ സഭയിൽ 67 സീറ്റുകളു­ള്ള ആംആദ്മിയും ശേഷിക്കുന്ന മൂന്ന് സീറ്റുകൾ നേടിയ ബിജെപിയും തമ്മിലാണ് ഇത്തവണയും പ്രധാനമത്സരമെന്നത് സ്വാഭാവികം. എന്നാൽ, കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ പച്ചതൊടാതിരുന്ന കോൺഗ്രസ് ഇക്കുറിയും മുന്നണിയിൽ മൂൻപനാവാനാഗ്രഹിച്ച് പത്തിമടക്കി തനിച്ചുള്ളള അങ്ക­ത്തിന് കച്ചകെട്ടു­കയാണ്. ഡൽഹി കെജ്‌രിവാളിനൊപ്പമാണെന്നും അതുകൊണ്ട് കോൺഗ്രസ് തനിച്ചുമത്സരിക്കുകയാണെന്നും സംസ്ഥാന ചുമതലക്കാരനായ എഐസിസി നേതാവാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഗോദയിൽ ദേശീയ രാഷ്ട്രീയത്തേക്കാളും ദേശത്തിന്റെ നിലനില്പിനേക്കാളും തങ്ങളുടെ അധികാരത്തിനാണ് പ്രാധാന്യമെന്ന നയമാണ് കോൺഗ്രസ് ഇവിടെ വീണ്ടും പയറ്റുന്നത്. ഇതുത­ന്നെ­യാണ് ഇവരെ പിന്നെയും കുട്ടയിലേക്കൊതുക്കുന്നത്. മഹാരാഷ്ട്രയിൽ ബിജെപിക്ക് പ്രതീക്ഷകൾ നൽകുന്ന നിലപാടുകളിലേക്കും രാഷ്ട്രീയ അടവുകളിലേക്കും കോൺഗ്രസ് പോകുന്നുവെന്ന ആശങ്കയും ഡൽഹിയിലെ സഖ്യചർച്ചകൾ അവസാനിപ്പിക്കുന്നതും ഒരുപോലെ കാണണം.

എന്തുതന്നെയായാലും രാജ്യം കലുഷിതമായി നിലകൊള്ളുമ്പോൾ ഡൽഹി തെരഞ്ഞെടുപ്പ് വേദി കീഴടക്കുക, മോഡീവിരുദ്ധ തരംഗമാകും. ഒരു ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അമ്പരപ്പിച്ച നവമുന്നേറ്റത്തിലൂടെയാണ് അരവിന്ദ് കെജ്‌­രിവാളും ആംആദ്മി എന്ന സംഘടനയും ഉയർന്നുവന്നത്. ഇന്ന് ആംആദ്മിയുടെ നേതൃത്വം പലവക നയങ്ങളുമായാണ് സംസ്ഥാനങ്ങളെ സമീപിക്കുന്നതെങ്കിലും ഡൽഹിയിലെ രാഷ്ട്രീയം വ്യത്യസ്തമാണ്. പ്രത്യേകിച്ച് നരേന്ദ്രമോഡി സർക്കാരിന്റെ രണ്ടാം വരവോടെ. ആംആദ്മിയുടെ മഹത്വത്തിനപ്പുറം ഇന്ത്യ നേരിടാൻ പോകുന്ന ആപത്തിനെ ചെറുക്കുക എന്ന തന്ത്രമാകും ഡൽഹിയിലെ വോട്ടർമാർ പയറ്റുക. അക്കാര്യത്തിൽ ഒരുകാലത്ത് ഡൽഹിയെ അടക്കിവാണ കോൺഗ്രസ് പാർട്ടിക്കുപോലും മറിച്ചൊരഭിപ്രായമില്ല. ഇന്നത്തെ സാഹചര്യത്തിൽ ഡൽഹി സംസ്ഥാനത്ത് ഒരു ഭരണമാറ്റം അനിവാര്യമാണെന്ന് ആരും ചിന്തിക്കുന്നില്ലെന്ന എന്നാണ് തലസ്ഥാന വർത്തമാനം. ഡൽഹി നിയമസഭയിൽ ഇടതുകക്ഷികളുടെ ശക്തമായ സാന്നിധ്യത്തിനും ദേശീയ തലസ്ഥാന മേഖല കരുതലെടുക്കുന്നു. കാവലാണ് ഇന്ന് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം വരുത്തി തങ്ങൾക്കനുകൂലമാക്കി കേന്ദ്ര ഭരണം തുടർച്ചയാക്കിയ നരേന്ദ്രമോഡിയിൽ നിന്നും സംഘപരിവാറിൽ നിന്നും മോചനമാണ് നാട് തേടുന്നത്. അത്രമേൽ കിരാതമാണ് ഭരണകൂടവും ഭരണാനുകൂല അക്രമിസംഘങ്ങളും നാടുനീളെ വിതയ്ക്കുന്നത്. രാജ്യത്തിന്റെയാകെയുള്ള ഈ പ്രതിഷേധം ഡൽഹി ജനത ഏറ്റെടുക്കുമെന്നതിൽ സംശയം തെല്ലുമില്ല. അമിത്ഷാ ഉൾപ്പെടെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന വീടുകയറിയിറങ്ങൽ ക്യാമ്പയിന് ഡൽഹിയിലെ കുടുംബങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനുഭവിക്കാനിരിക്കുന്ന വലിയ തിരിച്ചടികളുടെ ആദ്യപടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആഭ്യന്തരമന്ത്രിയെ വോട്ടർമാർ അവരുടെ വീടുകളുടെ മുറ്റത്തുനിന്ന് ആട്ടിയിറക്കിയത് അങ്ങേയറ്റം മാനക്കേടുണ്ടാക്കിയ സംഭവമാണ്. ജനങ്ങളെ ഭിന്നിച്ചും പൗരത്വത്തിന്റെ പേരിൽ നാടുകടത്തിയും രാജ്യം ഏകാധിപത്യലോകമാക്കാനുള്ള ആർഎസ്എസിന്റെ ഹൈന്ദവ അജണ്ടയ്ക്ക് വെള്ളപൂശാനെത്തുന്ന ബിജെപി നേതാക്കൾക്ക് ഡൽഹിയിലേതുപോലെ സകലയിടങ്ങളിലും തിരിച്ചടിയാണ് ലഭിക്കുന്നത്.

ഡൽഹി എല്ലാ പോരാട്ടങ്ങൾക്കും നേതൃത്വം നൽകുന്നുവെന്നതാണ് ഇതുസൂചിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കും എതിരെഡൽഹി ദേശം പടപൊരുതിക്കൊണ്ടേയിരിക്കുകയാണ്. ഒരുഭാഗത്ത് വിഷപ്പുകയാൽ മാസ്കിട്ട് ജീവിതം തള്ളി­നീക്കേണ്ടി­വരുന്നു. മറുഭാഗത്ത് കേന്ദ്രഭരണത്തെ എതിർക്കുന്നവരെ ഇല്ലായ്മചെയ്യാൻ മുഖംമൂടി ധരി­ച്ച് ദേശവിരുദ്ധരെത്തുന്നു. അവർക്ക് തുണനേർന്ന് ‘ഹിന്ദുമഹാ­ര­ക്ഷ­‘ക്കാരും. എല്ലാം ഭീതി തന്നെ. ഇവയ്ക്ക് അറുതിവേണം. ഡൽഹിക്കുമുന്നിൽ ഇ­ത­ല്ലാതെ വേറെ പോംവഴികളില്ല. ഡൽഹിയുടെ തെരുവോരം യുവതയുടെ ചുടുചോരവീണ് ചുവന്നിരിക്കുകയാണ്. ഡൽഹി ജനതയ്ക്കും ഇന്ത്യൻ രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഈടുംപാവും നൽകുന്നത് മാനവികതയുടെ ഉറവിടമായ ജവർഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. അവരുടെ ഉയർന്ന ചിന്തകളെയും ഉജ്ജ്വല സമരങ്ങളെയും കേന്ദ്ര ഭരണകൂടവും സംഘപരിവാർ ഒന്നടങ്കവും ഭയക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വിദ്യാർത്ഥികളെയാകെ അണിനിരത്താൻ ജെഎൻയു എന്ന കലാലയത്തിനാകും. അതു തീക്കാറ്റായി പടരുമെന്നതാണ് സംഘപരിവാറി­നെയും കേന്ദ്ര ഭരണകൂടത്തെയും ഭയപ്പെടുത്തുന്നത്. പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന ആർഎസ്എസ് രീതി, ജവർഹാൽ നെഹ്റു സർവകലാശാലയ്ക്കുനേരെയും പ്രയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചതിനുപിന്നിലും ആ ഉൾഭയമാണ്. ബോധപൂർവം ഫീസ് വർദ്ധനാ നടപടികളിലേക്ക് കടക്കുകയും വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെയുള്ള കേവലം ക്യാമ്പസ് സമരത്തിലേക്ക് വിദ്യാർത്ഥികളുടെ മനസ്സൊതുക്കാനുമുള്ള തന്ത്രമാണ് ആദ്യം പയറ്റിയത്. എന്നാൽ നിലനിൽപ്പിനായി പൊരുതുന്ന രാജ്യത്തിന് കൂടുതൽ കരുത്തുപാകുന്നതിലേക്കും ജെഎൻയുവിലെ ഫീസ് സമരം വഴിയൊരുക്കിക്കഴിഞ്ഞു. ഫീസിളവെന്ന മുദ്രാവാക്യത്തേക്കാൾ ഇന്ത്യൻ പൗരത്വം അളക്കാനും ഇനം തിരിച്ച് മാറ്റിനിർത്താനുമുള്ള കേന്ദ്ര നയത്തിനെതിരെ തെരുവിലിറങ്ങാനുള്ള ആഹ്വാനമാണ് അവിടെനിന്നുയർന്നത്. ആ ചലനം ഡൽഹിയെയാകെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടും ഡ‍ൽഹി തെര‍ഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരന്റെയും ഇന്ത്യുടെയും സ്വാതന്ത്ര്യം തന്നെയാകും പ്രധാന വിഷയം.

Eng­lish sum­ma­ry: Del­hi Polling: Great mes­sage to come


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.