വായുമലിനീകരണം: ഡല്‍ഹിയില്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു

Web Desk
Posted on November 01, 2018, 10:15 pm

ന്യൂഡല്‍ഹി: വായുമലിനീകരണം മൂലം ശ്വാസം മുട്ടുന്ന ഡല്‍ഹിയില്‍ ആശുപത്രികളും നിറഞ്ഞു കവിഞ്ഞു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമായാണ് രോഗികള്‍ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. ചുമയും ശ്വാസംമുട്ടും കൂടാതെ പൊടിനിറഞ്ഞ അന്തരീക്ഷം മൂലം പലര്‍ക്കും ചൊറിച്ചിലും അനുഭവപ്പെടുന്നുവെന്നാണ് പരാതി. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് രോഗികളോട് നല്‍കാനുള്ള ഉപദേശം. പ്രത്യേകിച്ച് കുട്ടികളും വൃദ്ധരും പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ഇന്ന് വായു മലിനീകരണതോതില്‍ അല്‍പ്പം മാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും മോശം കാറ്റഗറിയില്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ബുധനാഴ്ചയായിരുന്നു വായുമലിനീകരണ തോത് ഏറ്റവും മോശം അവസ്ഥയിലുണ്ടായിരുന്നത്. 442 ആണ് ബുധനാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് എങ്കില്‍ ഇന്നലെ 370ല്‍ എത്തിയിട്ടുണ്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 050 ഇടയിലാണെങ്കില്‍ വായു ഗുണമുള്ളത്, 51നും 100നും ഇടയിലാണെങ്കില്‍ തൃപ്തികരം, 101 മുതല്‍ 200 വരെ ഇടത്തരം, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അതിഗുരുതരം എന്നിങ്ങനെയാണ് അവസ്ഥ. അടുത്ത ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി പ്രമാണിച്ച് വരും ദിവസങ്ങളിലും മലിനീകരണം കൂടുതല്‍ രൂക്ഷമാകും.

വ്യാവസായിക മാലിന്യങ്ങളും മറ്റും കത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കും. പ്രദേശത്തെ താപവൈദ്യുത നിലയം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങള്‍ വായു ശുചീകരണ വാരമായി ആചരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.