ന്യൂഡൽഹി: ശൈത്യത്തിന്റെ പിടിയിലമർന്ന ഡൽഹിയിൽ ശക്തമായ മഴയും. 22 വർഷത്തെ കണക്കനുസരിച്ച് ഡിസംബറിൽ ഏറ്റവും കൂടുതൽ മഴയാണ് ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ മഴ ഡൽഹിയിലെ മലിനീകരണ തോത് കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, പൊതുവെ ശൈത്യം തുടരുന്നതിനാൽ മഴ താപനില കുറയ്ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് 33.5 മില്ലിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഞായറാഴ്ചയോടെ താപനില 8 ഡിഗ്രിയിലേക്ക് കുറയാൻ സാധ്യതയുണ്ട്. വരുന്ന രണ്ടു ദിവസം ശക്തമായ മൂടൽമഞ്ഞായിരിക്കും അനുഭവപ്പെടുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം വായുമലിനീകരണ തോത് 430ൽ നിന്നും 240ലേക്ക് കുറഞ്ഞത് ആശ്വാസമാകുന്നു. 12.8 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ ഈ വർഷം ഡിസംബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഏറ്റവും കൂടിയത് 21.5 ഡിഗ്രി സെൽഷ്യസ്. 1997 ഡിസംബറിൽ 70 മിമീ മഴലഭിച്ചതാണ് ഡൽഹിയിലെ 22 വർഷത്തെ റെക്കോർഡ്. 1923 ഡിസംബറിൽ 75.5 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.