ഡൽഹി കലാപം ഒരു മൃതദേഹം കൂടി ഇന്നലെ കണ്ടെടുത്തു. മരണ സംഖ്യ 47 ആയി. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ സംഖ്യ 47 ആയി ഉയർന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി പലരും ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. ഇതുവരെ ജി ടി ബി ആശുപത്രിയിൽ 38 പേരും ലോക്നായക് ആശുപത്രിയിൽ മൂന്നും ജഗ് പർവ്വേശ് ചന്ദർ ആശുപത്രിയിൽ ഒന്നും റാം മനോഹർ ലോഹ്യ ആശുപത്രിയിൽ അഞ്ചും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കലാപത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും ചികിത്സ ഉറപ്പു വരുത്താനും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ ജസ്റ്റിസ് ഹരി ശങ്കർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് പൊലീസിനോടു റിപ്പോർട്ടു തേടിയിരിക്കുന്നത്. ഏപ്രിൽ 30ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
ഇതിനിടെ കലാപകാരികൾ അഗ്നിക്കിരയാക്കിയ വീടു പുനർനിർമ്മിക്കാൻ ബിഎസ്എഫ് ജവാൻ മുഹമ്മദ് അനീസിന് പത്തു ലക്ഷം രൂപ ബി എസ് എഫുകാർ പിരിച്ചു നൽകി. അനീസിന്റെ വിവാഹം നടക്കാനിരിക്കെയാണ് അക്രമികൾ ഇയാളുടെ വീട് കത്തിച്ചത്. ബിഎസ്എഫ് ഐ ജി ഡി കെ ഉപാദ്ധ്യായയാണ് അനീസിന് പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ അനീസിന്റെ വീടു സന്ദർശിക്കുകയും പുനർ നിർമ്മാണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വടക്കു കിഴക്കൻ മേഖലയിൽ കലാപകാരികൾ അഗ്നിക്കിരയാക്കിയ ഡിആർപി കോൺവെന്റ് സ്കൂളും രാജധാനി പബ്ലിക് സ്കൂളും പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയം വിദ്യാർത്ഥികളും അദ്ധ്യാപകരും ഭയത്തിലാണെന്നും സ്കൂളിലേക്ക് അവർ മടങ്ങിയെത്തുമോ എന്നുപോലും സംശയമാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ കിട്ടാനില്ലെന്നും തൊഴിലാളികൾ ഇവിടേക്കു വരാൻ ഭയക്കുകയാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
ENGLISH SUMMARY: Delhi riot death rate became 47
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.