Web Desk

ന്യൂഡൽഹി

January 11, 2021, 9:37 pm

ഡൽഹി കലാപവും തബ്‌ലീഗ് സമ്മേളനവും: കുടിയേറ്റ മുസ്‌ലിങ്ങൾ കഴിയുന്നത് ഭയാശങ്കകളോടെ

Janayugom Online

തബ്‌ലീഗ് സമ്മേളനവും ഡൽഹി കലാപവും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റത്തൊഴിലാളികളായി എത്തിയിരിക്കുന്ന മുസ്‍ലീങ്ങൾക്ക് മേൽ വിതച്ച ഭീതി ഒഴിയുന്നില്ല. പുറത്തിറങ്ങാൻ പോലും ഭയന്നാണ് ഡൽഹിയുടെ പലഭാഗത്തും താമസമാക്കിയിട്ടുള്ള ആഫ്രിക്കൻ മുസ്‍ലിങ്ങൾ കഴിയുന്നതെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. പോയവർഷം മാർച്ചിൽ ഡൽഹിയിൽ നടന്ന തബ്‌ലീഗി സമ്മേളനത്തി‍ൽ പങ്കെടുത്തവരെ നോവൽ കൊറോണ വൈറസിന്റെ സൂപ്പർ സ്പ്രെഡർമാരായിട്ടായിരുന്നു ഒരു വിഭാഗം ഇന്ത്യൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സമ്മേളനത്തിന്റെ ഭാഗമായ വിദേശി മുസ്‍ലീങ്ങളെയും ഇക്കാലത്തുടനീളം ഭരണപക്ഷ അനുകൂലികളും മാധ്യമങ്ങളും വളഞ്ഞാക്രമിച്ചു. 

സമൂഹത്തിലെ അസ്ഥിരമായ ഏക വിഭാഗം മുസ്‍ലീങ്ങളാണെന്നാണ് ഇവർ ആരോപിക്കുന്നത്. കോവിഡ് ദാതാക്കളെന്നും ചാവേറുകളെന്നും കൊറോണ ജിഹാദികളെന്നും വൈറസ് ബോംബുകളെന്നുമൊക്കെ സീ ന്യൂസും ഇന്ത്യ ടിവിയും എബിപി ന്യൂസുമൊക്കെ മാറിമാറി വിളിച്ചപമാനിച്ചപ്പോൾ സൊമാലിയയിൽ നിന്നും എത്യോപ്യയിൽ നിന്നുമൊക്കെ അഭയാർത്ഥികളായി ഡൽഹിയിലെത്തിയ മുസ്‍ലീങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനങ്ങൾ ആയിരുന്നു.
തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത വിദേശികളെ ഡൽഹി കോടതിയും രാജ്യത്തെ മറ്റ് ചില കോടതികളും കുറ്റവിമുക്തരാക്കിയിട്ടുണ്ടെങ്കിലും രാജ്യതലസ്ഥാനത്തെ മാൽവിയ നഗർ, ഭോഗൽ, ജംഗ്പുര, വാസിർപൂർ പ്രദേശങ്ങളിൽ താമസിക്കുന്ന സൊമാലിയ, എത്യോപ്യൻ അഭയാർത്ഥികൾ ഈ സാമൂഹിക വിദ്വേഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ആക്രമണങ്ങളെ ഭയന്ന് ആശങ്കകളോടെ കഴിച്ചുകൂട്ടുകയാണ്. ജീവിതം കരുപ്പിടിപ്പിക്കാൻ സ്വന്തം രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഇവരിൽ പലരും സമ്മേളനത്തിന്റെ ഭാഗമല്ലാതായിരുന്നിട്ടുകൂടി രാജ്യദ്രോഹികളെന്ന് ചുറ്റുമുള്ള സമൂഹം മുദ്രകുത്തുന്നു. ഭയംകാരണം ആഴ്ചകളോളം പുറത്തിറങ്ങിയിട്ടില്ലെന്നാണ് പലരും പറയുന്നത്. 

കോവിഡ് പ്രതിസന്ധിയിൽ അഭയാർത്ഥികൾ നേരിടുന്ന ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎൻ ഹൈക്കമ്മിഷൻ മാർച്ചിൽ റേഷൻ വിതരണം ചെയ്യുന്ന ഘട്ടത്തിൽ, വൈറസ് പരത്തുന്നവരെന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയത്തിൽ അത് വാങ്ങാൻ പോലും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ തങ്ങളിൽ മിക്കവരും ലോക്ഡൗൺകാലത്ത് പട്ടിണി ആയിരുന്നു എന്ന് പല അഭയാർത്ഥി കുടുംബങ്ങളും വെളിപ്പെടുത്തുന്നു. ഡൽഹി കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയം ആയിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് അഭയാർത്ഥി മുസ്‍ലിങ്ങളെ ഇക്കാരണം പറഞ്ഞ് കുറ്റക്കാരായി പരിഗണിക്കുന്നതെന്ന് ഇവർ ചോദിക്കുന്നു.
ഇതിനെല്ലാം പുറമെ ക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്കും ആഫ്രിക്കൻ അഭയാർത്ഥികൾ ഇന്ത്യയിൽ വിധേയരാകുന്നുണ്ട്. മൊഗാദിഷുവിനടുത്തുള്ള ഒരു ക്യാമ്പിൽ താമസിക്കുന്നതിനിടെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ യുവാവ് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയപ്പോൾ ഇവിടെ നേരിട്ടത് ക്രൂരമായ പീഡനങ്ങളാണെന്ന് അയാൾ വെളിപ്പെടുത്തുന്നു. മൈസൂരിൽ വച്ച് ഒരു സംഘം ഇയാളെ ചൂഷണം ചെയ്യുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലി അവശനാക്കുകയും ചെയ്തു. 

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മുഖം ഇനി പഴയപടിയാകണമെങ്കിൽ മാക്സിലോഫേഷ്യൽ എന്ന ശസ്ത്രക്രിയ കൂടിയേതീരൂ. ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന എത്യോപ്യൻ, സൊമാലിയൻ അഭയാർത്ഥി കുട്ടികളും ഇത്തരത്തിൽ വംശീയ ആതിക്രമങ്ങൾക്ക് നിരന്തരമായി വിധേയരാകാറുണ്ട്. സഹപാഠികൾ മാത്രമല്ല അധ്യാപകരും പലപ്പോഴും ഇത്തരം അധിക്ഷേപങ്ങൾക്ക് നേതൃത്വം നൽകാറുണ്ട്. അധിക്ഷേപം ഭയന്ന് പല കുട്ടികളും ഓപ്പൺ സ്കൂളുകൾ വഴിയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടു പോകുന്നത്. 

ആഭ്യന്തരയുദ്ധം തങ്ങളുടെ രാജ്യത്തെ കീറിമുറിച്ചപ്പോൾ, രക്തച്ചൊരിച്ചിൽ ഇല്ലാത്ത ജീവിതം നയിക്കാമെന്ന ആശയിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തവർ, തീവ്രവർഗ്ഗീയ‑സാമുദായിക വിദ്വേഷ പ്രക്ഷോഭങ്ങളിൽ വീടും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട് നാടുവിട്ടവർ, സ്വന്തം നാട്ടിൽ നിന്ന് ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയവയൊക്കെ ഭയന്ന് വർഷങ്ങൾക്ക് മുൻപ് ഓടി പോന്നവർ ഇങ്ങനെ പല ചുറ്റുപാടുകളിൽ നിന്നും നമ്മുടെ രാജ്യത്തേക്ക് പ്രതീക്ഷയോടെ എത്തിയവരാണ് ഈ അഭയാർഥികളിൽ മിക്കവരും. എന്നാൽ ആഫ്രിക്കൻ വംശജരോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ അപകർഷത നിറഞ്ഞ പെരുമാറ്റത്തിനൊപ്പം മോഡി ഭരണകൂടത്തിന്റെ കീഴിൽ രാജ്യത്ത് വളർന്നുവരുന്ന മുസ്‍‍ലിം വിരുദ്ധതകൂടി ആയപ്പോൾ ഇവരുടെ പ്രതീക്ഷകളെല്ലാം ഇല്ലാതായിരിക്കുന്നു എന്നതാണ് വാസ്തവം. സ്വന്തം നാടുകളിൽ തിരിച്ചു പോകുന്നതാണ് ഉചിതം എന്നാണ് ഈ അഭയാർത്ഥികളിൽ പലരുടെയും പക്ഷം. 

ENGLISH SUMMARY:Delhi riots and the Tab­ligh Con­fer­ence: Immi­grant Mus­lims live in fear
You may also like this video