Site iconSite icon Janayugom Online

ഡല്‍ഹി കലാപക്കേസില്‍ ആദ്യ ശിക്ഷ വീടിനു തീയിട്ടയാള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യ ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. കലാപത്തില്‍ ഏര്‍പ്പെട്ടതിനും വീട് അഗ്നിക്ക് ഇരയാക്കിയതിനും ദിനേഷ് യാദവിന് അഞ്ച് വര്‍ഷം തടവും 12,000 രൂപ പിഴയുമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ട് വിധിച്ചത്.

കലാപത്തിനിടെ ഗോകുല്‍പുരിയിലെ ഭാഗീരഥി വിഹാറില്‍ 73 വയസുള്ള മനോരി ദേവി എന്ന സ്ത്രീയുടെ വീട് കത്തിച്ചതിനാണ് പ്രതിയായ യാദവിനെ ശിക്ഷിച്ചത്. വീടിന് തീയിട്ട കലാപകാരികള്‍ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കൊള്ളയടിക്കുകയും ചെയ്തു. വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടിയാണ് അയല്‍വീട്ടില്‍ അഭയം തേടിയതെന്നും സ്ത്രീ മൊഴി നല്‍കിയിരുന്നു. പിന്നീട് ബന്ധുക്കള്‍ പൊലീസിനെ വിളിച്ചാണ് രക്ഷപ്പെടുത്തിയത്.
കേസില്‍ 13 സാക്ഷികളെയാണ് വിസ്തരിച്ചത്. കലാപം, കൊള്ള, നിയമം ലംഘിച്ച് സംഘം ചേരുക, മാരകായുധങ്ങളുമായി കലാപം നടത്തുക, വീട്ടില്‍ അതിക്രമിച്ചു കടക്കുക, വീടിന് തീവയ്ക്കുക തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി യാദവിനെ ശിക്ഷിച്ചത്.

2020 ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ചത്. കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസുകളിലെ ആദ്യ വിധിയാണ് ഇന്നലെ കഡ്കഡ്ദുമാ കോടതി പുറപ്പെടുവിച്ചത്.
eng­lish sum­ma­ry; Del­hi riots case followup
you may also like this video;

Exit mobile version