June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മരണസംഖ്യ 38; അന്വേഷണ സംഘങ്ങളെ നിയോഗിച്ചു

By Janayugom Webdesk
February 27, 2020

ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ക്ക് വെടിയേറ്റിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഐ ബി ഉദ്യോഗസ്ഥനുമുണ്ട്. കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 200ല്‍ അധികം പേരില്‍ പലരുടെയും നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്നലെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സായുധ പൊലീസിന്റെ സാന്നിധ്യം ഈ മേഖലകളില്‍ ശക്തമാണ്. സിആര്‍പിഎഫിന്റെ 113 കമ്പനിയെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

ഇതിനു പുറമെ ഡല്‍ഹി പൊലീസും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കലാപം ഏറ്റവും രൂക്ഷമായ ജാഫറാബാദ്, ചാന്ദ് ബാഗ്, ശിവ് വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിന്റെ കാഴ്ചകളും ദൃശ്യമായി. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങി എത്തുകയാണ്. ഇതുവരെ 106 പേരാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും സ്‌പെഷ്യല്‍ കമ്മിഷണർ എസ് എന്‍ ശ്രീവാസ്തവ പറഞ്ഞു. നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കലാപ മേഖലയില്‍ ഉള്‍പ്പെടുന്ന ആപ്പ് കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ഫാക്ടറി പൊലീസ് സീല്‍ ചെയ്തു. പല കെട്ടിടങ്ങളുടെയും മുകളിലത്തെ നിലയില്‍ കല്ലുകളും പെട്രോള്‍ ബോംബുകളും കണ്ടെത്തിയിട്ടുണ്ട്.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായം നല്‍കും. ഇതുകൂടാതെ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കണമെന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പു വരുത്തണമെന്നും സ്‌പെഷ്യല്‍ സെല്‍ സി പി സുന്ദരി നന്ദയ്ക്ക് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാള്‍ നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹി സിഖ് ഗുരുദ്വാരാ കമ്മിറ്റിയും ഡല്‍ഹി വഖഫ് ബോര്‍ഡും കലാപ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഭക്ഷണവും മരുന്നുകളും റേഷന്‍ സാധനങ്ങളും പാലും മറ്റും ക്യാമ്പുകളില്‍ ലഭ്യമാണ്. ഡല്‍ഹി വനിതാ കമ്മിഷനും കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കലാപത്തിന് ഇരയായ ഒരു സ്ത്രീ അല്‍ ഹിന്ദ് ഹോസ്പിറ്റലില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കി. ഡി സി ഡബ്ള്യു സ്വാതി ഇവരെയും സന്ദര്‍ശിച്ചു. കലാപത്തെ തുടര്‍ന്ന് ഈ മേഖലകളില്‍നിന്നും പലരും പലായനം ചെയ്തിരുന്നു. അതുപോലെതന്നെ മറ്റ് പല വീടുകളിലും അഭയം തേടുകയും ചെയ്തു. ഇത്തരത്തില്‍ ഹിന്ദു വീടുകളില്‍ അഭയം തേടിയ മുസ്‌ലിംകുടുംബത്തെ കരാവല്‍ നഗറില്‍ കാണാനായി. വന്‍ തോതില്‍ തീവെയ്പ്പുണ്ടായതിനെ തുടര്‍ന്ന് എല്ലാം കത്തി നശിച്ച മേഖലകളിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളും തെരുവോരങ്ങളില്‍ കച്ചവടം നടത്തിയും ഉപജീവനം തേടിയിരുന്നവര്‍ ജീവിതം എങ്ങനെ ഇനി മുന്നോട്ടു നയിക്കും എന്ന ആശങ്കയും ഇന്നലെ പങ്കുവച്ചു.

അന്വേഷണ സംഘങ്ങളെ നിയോഗിച്ചു

ഡൽഹി കലാപം അന്വേഷിക്കാൻ അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ക്രൈം ബ്രാഞ്ചിന്റെ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളാകും അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ചിന്റെ ആദ്യ അന്വേഷണ സംഘത്തിന്റെ തലവൻ ഡി സി പി ജോയ് ടിർക്കിയാണ്. രണ്ടാമത്തെ സംഘത്തെ നയിക്കുന്നത് രാജേഷ് ഡിയോയും. ര

ണ്ടു സംഘത്തിലും നാല് എസി പി മാരും ഉണ്ടാകും. കൂടാതെ മൂന്ന് ഇൻസ്പെക്ടർമാരും നാലു സബ് ഇൻസ്പെക്ടറമാരും മൂന്നു ഹെഡ്കോൺസ്റ്റബിളോ, കോൺസ്റ്റബിളോ സംഘത്തിലുണ്ടാകും. രണ്ട് സംഘങ്ങളുടെ അന്വേഷണ പുരോഗതി വിലയിരുത്തുക എ സി പി ബി കെ സിങാണ്. മൂന്നു ദിവസം നീണ്ടു നിന്ന കലാപ മേഖലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 48 എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. സംഘം ഉടൻ അന്വേഷണ നടപടികൾ ആരംഭിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ഷഹീൻബാഗിൽ പ്രതിഷേധക്കാർക്കുനേരെ വെടിവച്ച കപിൽ ഗുജാർ എഎപി പ്രവർത്തകനാണെന്ന് പരസ്യമായി പരാമർശിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയ രാജേഷ് ഡിയോ ആണ് ഒരു സംഘത്തെ നയിക്കുന്നത്.

Eng­lish Sum­ma­ry; Del­hi riots Death toll reach­es 38

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.