June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഡൽഹി കലാപം: സഭകളിൽ ഉടനെ ചർച്ച വേണം

By Janayugom Webdesk
March 8, 2020

ഇന്ത്യയുടെ ജനാധിപത്യ ബോധം സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരിനെ ഓർത്ത് ലജ്ജിക്കുകയാണ്. ഡൽഹിയിൽ നടന്ന വർഗീയ കലാപം സംബന്ധിച്ച് ഇരുസഭകളിലും ചർച്ച ചെയ്യാനുള്ള മോഡി സർക്കാരിന്റെ നിഷേധാത്മകമായ സമീപനം കലാപത്തിൽ അവരുടെ പങ്കാണ് വെളിപ്പെടുത്തുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളും മന്ത്രിമാരും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ സൃഷ്ടിച്ച കലാപം കവർന്നെടുത്തത് ഔദ്യോഗിക കണക്കുകൾ പ്രകാരം 53 ജീവനുകളെയാണ്.

വീടുകൾ, കടകൾ, സ്കൂളുകൾ, ഫാക്ടറികൾ എന്നിവയ്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. ജീവനോപാധി നഷ്ടപ്പെട്ടതിൽ അവാച്യമായ വേദനകളും നൊമ്പരങ്ങളുമാണ് പ്രദേശവാസികള്‍ക്കുള്ളത്. പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വാഗ്ദാനങ്ങൾ ഒരു വിദൂര സ്വപ്നമായി അവശേഷിക്കും. പാർലമെന്റ് സമ്മേളിക്കുന്ന ഈ സാഹചര്യത്തിൽ ഇരുസഭകളും ഇക്കാര്യം അങ്ങേയറ്റം മുൻഗണനയോടെ ചർച്ച ചെയ്യേണ്ടത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് അവസരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ചർച്ചയ്ക്ക് അനുയോജ്യമായ സമയം ഹോളി കഴിഞ്ഞാണെന്നാണ് സർക്കാർ വാദിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് പേർ ദുഖത്തിന്റെയും ഭീതിയുടെയും നിഴലിൽ കഴിയുമ്പോൾ ജനങ്ങളുടെ മേൽ ആഘോഷത്തിന്റെ അശുദ്ധജലം പൊഴിക്കാനുള്ള നീക്കങ്ങളിലാണ് അവർ. ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യില്ലെന്ന നിഷേധാത്മക നിലപാടിലാണ് സർക്കാർ.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയം ഇപ്പോൾ ചർച്ച ചെയ്താൽ മാനം ഇടിഞ്ഞുവീഴുമോ എന്ന കാര്യത്തിൽ ജനങ്ങളോട് മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥരാണ്. ഡൽഹിയിൽ നടന്ന കലാപം ആകസ്മികമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ആശയങ്ങളുടെ ഭാഗമാണ്. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഭരണഘടനാ വിരുദ്ധമായ സിഎഎ, എൻആർസി, എൻപിആർ എന്നിവയാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുകയാണ് ഈ തീരുമാനങ്ങളുടെ ലക്ഷ്യം. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ അടിസ്ഥാനമായ മതേതര സംവിധാനങ്ങളെ തകർക്കപ്പെടും എന്നതാണ് പ്രശ്നം. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഇവർ നിയമത്തെ നോക്കുകുത്തിയാക്കുന്നു. സംഘപരിവാറിന്റെ ഭൂരിപക്ഷ വാദത്തിനായി സിഎഎ ഉപയോഗിച്ച് ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജനങ്ങൾ ഇതിനെ എതിർത്തതോടെ ഈ തീരുമാനങ്ങൾ അവർക്ക് തിരിച്ചടിയായി.

സർവകലാശാല കാമ്പസുകൾ പ്രതിഷേധത്തിന്റെ കോട്ടകളായി. രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഷഹീൻ ബാഗും സമാനമാതൃകയിലുള്ള സമരങ്ങളും പുത്തൻ ഗാഥകൾ രചിച്ചു. വിവിധ തരത്തിലുള്ള പ്രകോപനങ്ങൾക്ക് ഉപരിയായി ഇപ്പോഴും ശക്തമായി ഇവർ പ്രതിഷേധിക്കുന്നു. മാസങ്ങളായി തുടരുന്ന ശക്തമായ പ്രതിഷേധം വർഗീയ ഫാസിസത്തിന്റെ വക്താക്കൾക്ക് ഒരു ആഘാതമായി. ഈ ആഘാതത്തിന്റെ അടിസ്ഥാനത്തിലാണ് സംഘപരിവാറും ബിജെപിയും വർഗീയ ലഹളകൾ ആസൂത്രണം ചെയ്തത്. ‘പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലു…’ (ഗോലി മാറോ…) ഉൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ മന്ത്രിമാർ എംപിമാർ എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടായി. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സംഘപരിവാർ അക്രമികളുടെ അഴിഞ്ഞാട്ടങ്ങൾക്ക് സർക്കാർ കൂട്ടുനിന്നു. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെട്ടപ്പോഴും പൊലീസ് രംഗത്തില്ലായിരുന്നു. ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ അഭാവം തികച്ചും വാചാലമാണ്. ഏത് വിഷയത്തിലും വാഗ്ധോരണികൾ ചൊരിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തിൽ പ്രതികരിച്ചത് അഞ്ചാം ദിവസമാണ്.

സംഘപരിവാർ ഗുണ്ടകൾക്ക് തങ്ങളുടെ ലക്ഷ്യം പ്രാപ്തമാക്കാൻ ഈ സമയം മതിയാവോളമാണ്. തലസ്ഥാന നഗരമായ ഡൽഹി തികച്ചും നിസ്സഹായമായി. 2020ലെ ഡൽഹി കലാപത്തിനും 2002ലെ ഗുജറാത്ത് കലാപത്തിനും സാമ്യതകൾ ഏറെയുണ്ട്. രണ്ടും സർക്കാരിന്റെ ആശിർവാദത്തോടെയാണ് നടന്നത്. 2002ലെ ഗുജറാത്ത് മുഖ്യമന്ത്രി 2020ൽ രാജ്യത്തെ പ്രധാനമന്ത്രി. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി. കേവലം രാഷ്ട്രീയ നാടകങ്ങൾകൊണ്ട് ഈ ലഹളയിൽ ഇവരുടെ പങ്ക് മറച്ചുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനെ സർക്കാർ എതിർക്കുന്നത്. ഡൽഹി കലാപത്തോടുള്ള ലോകരാജ്യങ്ങളുടെ പ്രതികരണം ഇവർ ശ്രദ്ധിക്കട്ടെ. പല വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് മുന്നിലും ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നു. ബ്രിട്ടിഷ് പാർലമെന്റിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു. വർഗീയ കുരുതികൾക്കെതിരെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി.

കലാപം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ചു. രാജ്യത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായ ഇടിയാൻ കാരണമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചകൾ അനിവാര്യമാണ്. ജനങ്ങളുടെ പ്രതിനിധി സഭയാണ് പാർലമെന്റ്. ജനാധിപത്യത്തിന്റെ പരമോന്നത വേദിയാണ് പാർലമെന്റ്. ഭരണ നിർവഹണ സംവിധാനങ്ങൾ പാർലമെന്റിനോട് ബാധ്യസ്ഥരാണ്. രാജ്യത്തുണ്ടായ ഒരു സുപ്രധാന വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുന്നത് തടയാൻ സർക്കാരിന് അധികാരമില്ല. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ താളത്തിനൊത്ത് തുള്ളുന്ന പാവയല്ല പാർലമെന്റ്. ഫാസിസ്റ്റ് ചട്ടക്കൂടിന്റെ പരിധിയിലല്ല ഇന്ത്യൻ ജനാധിപത്യം. രാജ്യത്തെ ജനങ്ങളുടെ ഉൽക്കണ്ഠയും പ്രതീക്ഷകളും ഉയർത്തിപ്പിടിക്കാനുള്ള വേദിയാണിത്. അവർ മേലാളൻമാർ ആയിരിക്കാം. സർക്കാർ പാർലമെന്റിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. പാർലമെന്റ് ജനങ്ങളോട് കടപ്പെട്ടിരിക്കുമ്പോൾ സർക്കാർ പാർലമെന്റിനോട് മറുപടി പറയണം. ഡൽഹി കലാപം സംബന്ധിച്ച് ഇപ്പോൾ തന്നെ ചർച്ച ചെയ്യണമെന്ന ആവശ്യം അതുകൊണ്ടാണ് രാജ്യത്തുടനീളം പ്രിതിധ്വനിച്ച് കേൾക്കുന്നത്.

ENGLISH SUMMARY: Del­hi Riots: Dis­cus­sions should be held in the par­lia­ment immediately


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.