ഡൽഹി കലാപത്തിൽ മരണം 34 ആയി

Web Desk

ന്യൂഡൽഹി

Posted on February 26, 2020, 9:02 pm

രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 200ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. 106 പേർ അറസ്റ്റിലായി. ഡൽഹി പൊലീസ് പിആർഒ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്തു വിട്ടത്. കലാപങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന്  ഡൽഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് നിര്‍ദ്ദേശം. കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.

കൂടാതെ  ദ്രുതകർമ സേന, സശസ്ത്ര സീമാബൽ, സിആർപിഎഫ് തുടങ്ങി ആവശ്യമായത്ര സേനയെ ഡൽഹിയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഉദ്യോഗസ്ഥരെയും വിന്യസിക്കുകയാണ്. ഡൽഹിയിൽ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുമെന്നും പൊലീസ് വക്താവ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Del­hi riots fol­lowup

You may also like this video