March 23, 2023 Thursday

Related news

February 26, 2023
December 3, 2022
November 6, 2022
October 9, 2022
October 3, 2022
September 29, 2022
September 27, 2022
August 27, 2022
August 19, 2022
August 4, 2022

ഡൽഹി കലാപം: അറസ്റ്റുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് ഹൈക്കോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 28, 2020 9:48 pm

ഡല്‍ഹി കലാപ കേസിലെ അറസ്റ്റുകള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിങ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. കോവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി കലാപത്തിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍നിന്നും പൊലീസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ് പരിഗണിച്ച കോടതി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും നോട്ടീസയ്ക്കാന്‍ ഉത്തരവായി. ജമാഅത്തെ-ഉല്‍മ‑ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

അന്വേഷണത്തിന്റെ പേരില്‍ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയക്കുന്നത് ജയിലുകള്‍ ആള്‍ക്കൂട്ട രഹിതമാക്കണം എന്ന സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കലാപ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള സ്വാഭാവിക നിയമ പോംവഴികള്‍ തേടാനുള്ള അവകാശമുണ്ടെന്ന് ബഞ്ച് നിരീക്ഷിച്ചു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് കാരണം പോലും പറയാതെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലുകളിലേക്ക് അയക്കുന്നത്. ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ആ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുംവരെ നിലവിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നും അഡ്വ. തയൂബ് ഖാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചേ അറസ്റ്റും തുടര്‍ നടപടികളും ഉണ്ടാകൂകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ജൂണ്‍ 24ലേക്കു മാറ്റി. അതിനിടെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാമിയ മിലിയ അലുമ്നി അസോസിയേഷൻ പ്രസിഡന്റ്​ ഷിഫ ഉർ റഹ്മാനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ​ അറസ്റ്റ് ചെയ്തു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത റഹ്മാനെ പത്ത് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു.

Eng­lish Sum­ma­ry: Del­hi riots: HC orders on arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.