ഡല്‍ഹി കലാപക്കേസ് അന്വേഷണം തെറ്റായ ദിശയിലായിരുന്നുവെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍മാര്‍. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെയുണ്ടായ കലാപങ്ങള്‍ ഡല്‍ഹി പൊലീസ് അന്വേഷിച്ചത് തെറ്റായ ദിശയിലായിരുന്നുവെന്നു കാട്ടി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കോണ്സ്റ്റിട്ട്യൂഷണല് കണ്ടക്ട് ഗ്രൂപ്പിലെ (സിസിജി) ഒമ്പതുപേര്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ് എന്‍ ശ്രീവാസ്തവയ്ക്ക് തുറന്ന കത്തെഴുതി.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ ജനറല്‍ ഷാഫി അലാം, സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ കെ സലീം അലി, പഞ്ചാബ് മുന്‍ ജയില്‍ ഡിജിപി മൊഹീന്ദര്പാല് ഔലഖ്, മുന്‍ കശ്മീര്‍ ഒഎസ്ഡി എ എസ് ദൗലത്ത്, ഉത്തരാഖണ്ഡ് പ്രൊസിക്യൂഷന് മുന്‍ ഡയറക്ടര്‍ ജനറല്‍ അലോക് ബി ലാല്‍, വ്യോമസേന മുന്‍ ഡയറക്ടര്‍ അമിതാഭ് മാതൂര്‍, സിക്കിം മുന്‍ ഡിജിപി അവിനാഷ് മൊഹാനനെ, ഗുജറാത്ത് മുന്‍ ഡിജിപി പിജിജെ നമ്പൂതിരി, പശ്ചിമബംഗാള്‍ ഇന്റലിജന്‍സ് മുന്‍ ഡിജിപി എ കെ സാമന്ത എന്നിവരാണ് കത്തെഴുതിയത്.
ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത നടപടികള്‍ പുനരവലോകനം ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ സ്പെഷ്യല്‍ കമ്മിഷണര്‍മാര്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതായും കത്തില്‍ പറയുന്നു.
കലാപക്കേസില്‍ ബിജെപി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് വര്‍മ്മ, ധനമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ പേര് ഒരു എഫ്ഐആറില്പോലും രേഖപ്പെടുത്തിയിട്ടില്ലെന്നതും കത്തില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ന്യൂനപക്ഷത്തിനെതിരെ കലാപം അഴിച്ചുവിടുന്നതില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ഉത്തരവാദികളാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ENGLISH SUMMARY:Delhi riots; Investigation in the wrong direction: Former IPS officers
You may also like this video