Web Desk

ന്യൂഡല്‍ഹി:

April 08, 2021, 9:05 pm

ഡല്‍ഹി കലാപം: മദീന പള്ളി കത്തിച്ച കേസ് അന്വേഷണത്തില്‍ അനാസ്ഥ

Janayugom Online

വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ മദീന മുസ്‌ലിം പള്ളി കത്തിച്ച കേസിലെ അന്വേഷണത്തില്‍ ഡല്‍ഹി പൊലീസിന്റെ കര്‍ക്കശ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവിന്റേതാണ് വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കാത്തതിന് കഴിഞ്ഞമാസം 26ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച് കേസ് ഡയറി സൂക്ഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവെ കോടതി വീണ്ടും വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തിനിടെ ഫ്രെബ്രുവരി 26ന് പള്ളിയുടെ സമീപ പ്രദേശത്ത് പാചകവാതക സിലിണ്ടറുകള്‍ കൊണ്ടുവന്നിട്ട് കത്തിക്കുകയും കുങ്കുമ പതാക ഉയര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. 

അന്വേഷണത്തിലെ പക്ഷപാതപരമായ നിലപാട് നിരവധി യുവപണ്ഡിതന്മാരുടെയും യുവാക്കളുടെയും അറസ്റ്റിനും തടങ്കലിനും വഴിവച്ചു. ഇതിന് ഇരയായവരില്‍ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിലുള്ളവരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണത്തിനിടെ താങ്കള്‍ക്ക് എന്താണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് കോടതി ചോദിച്ചപ്പോള്‍ ആ സമയത്ത് കോവിഡ് ബാധിതനായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുമന്‍ മറുപടി നല്‍കിയത്.

മറുപടിയില്‍ തൃപ്തനാവാതിരുന്ന കോടതി, ആരെയൊക്കെ ചോദ്യം ചെയ്തു എന്നതടക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പതിവായുള്ള ഡയറി എന്‍ട്രികള്‍ നടത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. ഉദ്യോഗസ്ഥന്‍ മൗനം പാലിച്ചതോടെ ‘തന്റെ നാവിറങ്ങിപ്പോയോ’ എന്ന് കോടതി ചോദിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ പരാതിക്കാരനായ ഹാജി ഹാഷിം അലി ഇക്കാലമത്രയും ജയിലിലായിരുന്നുവെന്ന് ഓര്‍മിപ്പിച്ച കോടതി, കലാപക്കേസില്‍ പ്രതിയുടെ പേര് നല്‍കിയിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ അക്കാര്യം അന്വേഷിക്കുന്നില്ലെന്ന് കാട്ടി അദ്ദേഹത്തിന് കമ്മിഷണര്‍ക്ക് കത്ത് എഴുതേണ്ടി വരുമോയെന്നും കോടതി ചോദിച്ചു. 

പള്ളി കത്തിച്ചതിനെതിരേ ഹാഷിം അലി, നരേഷ് ചന്ദ് എന്നയാളുടെ പേര് എടുത്തുപറഞ്ഞ് പരാതി നല്‍കിയിരുന്നു. എന്നാല്‍, നരേഷ് ചന്ദ് നല്‍കിയ എതിര്‍ പരാതിയില്‍ കേസെടുത്ത പൊലീസ് ഹാഷിം അലിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. അടുത്തിടെയാണ് അലി ജാമ്യം നേടി പുറത്തിറങ്ങിയത്. 

ENGLISH SUMMARY:Delhi riots: Mad­i­na mosque burn­ing case
You may also like this video