വടക്കു കിഴക്കൻ ഡൽഹിയിൽ നടന്നത് ആസൂത്രിത കലാപമായിരുന്നുവെന്നും 1500 മുതൽ 2000 ത്തോളം പേരെ പുറത്തുനിന്നെത്തിച്ച് ചില സ്കൂളുകളിൽ പാർപ്പിച്ചുവെന്നും ഡൽഹി ന്യൂനപക്ഷ കമ്മിഷന്റെ കണ്ടെത്തൽ. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കമ്മിഷൻ നടത്തിയ തെളിവെടുപ്പിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്.
സമീപപ്രദേശങ്ങളിൽ അക്രമം നടത്തുന്നതിന് ഒരു ദിവസം മുഴുവൻ ഇവരെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചതായി ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ സഫറുൽ ഇസ്‌ലാം ഖാൻ പറഞ്ഞു. അക്രമങ്ങളെല്ലാം ആസൂത്രിതമായിരുന്നുവെന്നാണ് തങ്ങളുടെ കണ്ടെത്തലെന്നും അദ്ദേഹം ദി വയർ ഓൺലൈൻ പോർട്ടലിനോട് പറഞ്ഞു. കലാപകാരികളെ പുറത്തുനിന്നാണെത്തിച്ചത് എവിടെ നിന്നാണെന്ന് പൊലീസിന് കണ്ടെത്താവുന്നതേയുള്ളൂ. ആരൊക്കെയാണ് മുഖംമൂടികളും ഹെൽമറ്റുകളും ധരിച്ചിരുന്നതെന്നതുൾപ്പെടെ അക്രമികളുടെ ചിത്രങ്ങൾ കമ്മിഷൻ ശേഖരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് 1500 മുതൽ 2000 വരെ പേർ പുറത്തുനിന്നെത്തിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
അക്രമം അരങ്ങേറുന്നതിന് 24 മണിക്കൂർ മുമ്പുതന്നെ ഇവരെല്ലാം പ്രദേശങ്ങളിലെത്തി ചില സ്കൂളുകൾ കയ്യടക്കി അവിടെയാണ് തങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിനെ കുറിച്ച് പ്രാഥമികമായി ഇത്രയും കാര്യങ്ങളാണ് വ്യക്തമാക്കാനുള്ളതെന്ന് പറഞ്ഞ സഫറുൽ ഇസ്‌ലാം കൂടുതൽ കണ്ടെത്തലുകൾ വിശദമായ റിപ്പോർട്ടിൽ പരാമർശിക്കുമെന്ന് കൂട്ടിച്ചേർത്തു. തീവയ്പും കലാപവും പൊലീസ് നോക്കിനില്ക്കുകയായിരുന്നു. പൊലീസ് ഒന്നും സംരക്ഷിക്കാൻ ശ്രമിച്ചില്ല. മനുഷ്യരെയും വസ്തുവകകളും തീയിടുമ്പോൾ അവർ കാഴ്ചക്കാരായി നിന്നു. യഥാർത്ഥത്തിൽ അവർ അതിന് അനുവദിച്ചുവെന്നുവേണം പറയുവാൻ. രണ്ടു ദിവസങ്ങൾക്കുശേഷമാണ് പൊലീസ് രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.