5 March 2024, Tuesday

Related news

February 28, 2024
February 26, 2024
February 7, 2024
February 6, 2024
February 6, 2024
November 14, 2023
October 19, 2023
October 18, 2023
October 18, 2023
October 16, 2023

ഡല്‍ഹി കലാപം: കോടതി നിര്‍ദ്ദേശങ്ങളെ പൊലീസ് അവഗണിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2021 9:40 pm

വടക്കു കിഴക്കന്‍ ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് പൊലീസിന് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കലാപവുമായി ബന്ധപ്പെട്ട് കേസുകള്‍ വേര്‍തിരിച്ചുള്ള അപേക്ഷകള്‍ നല്‍കുന്നതിനുള്ള നടപടി വൈകിച്ചതിന് ഡല്‍ഹി പൊലീസിന് 25,000 രൂപ പിഴചുമത്തി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഈ തുക നല്‍കാനാണ് ഉത്തരവ്. ഈ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് നിര്‍ദ്ദേശം നല്‍കി. നടപടിക്രമങ്ങള്‍ വൈകിപ്പിച്ച പൊലീസ് കുറ്റാരോപിതര്‍ക്ക് അനാവശ്യമായ ഉപദ്രവം സൃഷ്ടിച്ചുവെന്ന് നീരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ശരിയായ അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയാക്കുന്നതിനായി പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് ഏഴു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കലാപവുമായി ബന്ധപ്പെട്ട് നേരത്തെ ഡിസിപിക്കും ജോയിന്റ് കമ്മിഷണര്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കേട്ടഭാവം നടിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുകളില്‍ നേരിട്ട് ഇടപെടണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മജിസ്ട്രേറ്റ് വിമര്‍ശിച്ചു. ഫൈസല്‍ ഖാന്‍ എന്നയാളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച തൽ‌സ്ഥിതി റിപ്പോര്‍ട്ടിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അഖില്‍ അഹമ്മദ് എന്നയാളുടെയും ഫൈസല്‍ ഖാന്റെയും കേസുകള്‍ വ്യത്യസ്തമായി അന്വേഷിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ കഴിഞ്ഞ മാസം 10ന് പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ പൊലീസ് ഇതുവരെ ഒരു കേസ് ഡയറി പോലും തയാറാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അടുത്ത മാസം 20ന് വീണ്ടും വാദം കേള്‍ക്കും.

കലാപവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് അലംഭാവം കാട്ടുകയാണെന്ന് നേരത്തെയും നിരവധി തവണ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മൊഹമ്മദ് നാസിര്‍ കേസില്‍ എഫ്ഐആര്‍ സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവിന്മേല്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചതിന് ബജന്‍പുര എസ്എച്ച്ഒയ്ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് 25,000 രൂപ പിഴ ചുമത്തിയിരുന്നു. കലാപക്കേസില്‍ 12 തവണ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച വിനോദ് യാദവിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്‍ ചര്‍ച്ചയായിരുന്നു.
eng­lish summary;Delhi riots: Police ignore court order
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.