പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി തുടർന്ന് ഡൽഹി പൊലീസ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരുടെ പേരും ഉൾപ്പെടുത്തിയതായി ഹഫിങ്ടൺപോസ്റ്റ് റിപ്പോർട്ട് ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത്ത് ജഹാൻ, വ്യവസായി മുഹമ്മദ് ഖാലിദ് സൈഫി എന്നിവരുടെ വെളിപ്പെടുത്തൽ പ്രസ്താവനകളിലുൾപ്പെടുത്തിയാണ് പ്രശാന്ത് ഭൂഷന്റെയും സൽമാൻ ഖുർഷിദിന്റെയും പേരുകൾ ചേർത്തിരിക്കുന്നത്.
ഖജുരിയിലെ പ്രതിഷേധസ്ഥലത്ത് വച്ച് ഭൂഷനും ഖുർഷിദും പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതായി പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഇരുവരും നിയമപരമായി കേസിലെ പ്രതികളല്ലെങ്കിലും ഇവർക്കെതിരെ കൂടുതൽ അന്വേഷണത്തിന് വഴിതുറക്കാനെന്നോണമാണ് നീക്കമെന്നും ഭാവിയിൽ 120 (ബി) വകുപ്പ് പ്രകാരം ഇവരെ പ്രതി ചേര്‍ത്തേക്കാമെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വെളിപ്പെടുത്തൽ പ്രസ്താവനകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികളുടെ അഭിഭാഷകരും ആരോപിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി സർക്കാരിനെയും ബിജെപിയെയും ശക്തമായി വിമർശിച്ചവരാണ് ഭൂഷനും ഖുർഷിദും. ഡിസംബർ, ജനുവരി മാസങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ഇവർ സംസാരിച്ചിരുന്നു. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ കലാപ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയും പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കപിൽ മിശ്രയേയും കൂട്ടാളികളേയും വെറുതെ വിടുകയും അതേസമയം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂർവാനന്ദ്, രാഹുൽ റോയി എന്നിവർക്കെതിരെ കുറ്റപത്രം ചുമത്തുകയും ചെയ്ത നടപടി ഡൽഹി പൊലീസിന്റെ വഞ്ചനാപരമായ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭുഷണിന്റെയും സൽമാൻ ഖുർഷിദിന്റെയും പേരുകൾകൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സംബന്ധിച്ച് വാർത്തകൾ പുറത്തുവരുന്നത്.
English summary; Delhi riots; Prashant Bhushan and Salman Khurshid in the chargesheet
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.