പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ച് അഭയകേന്ദ്രത്തിലെ കൊടിയ പീഡനം

Web Desk
Posted on December 29, 2018, 7:25 pm

ന്യൂഡല്‍ഹി: സമൂഹത്തിലെ ക്രൂരതകളിൽ നിന്നും രക്ഷപ്പെടാന്‍ അഭയ കേന്ദ്രത്തിലെത്തുന്ന പെണ്‍കുട്ടികള്‍ അവിടെയും നേരിടുന്നത് ക്രൂര പീഡനം. അഭയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ തന്നെ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നത്.

ഡല്‍ഹി വനിതാ കമ്മീഷന്റെ അന്വേഷണത്തിലാണ് ദ്വാരകയിലുള്ള അഭയ കേന്ദ്രത്തില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. അഭയകേന്ദ്രത്തിലെ ജോലികളോ മറ്റോ ചെയ്യാതിരുന്നാൽ സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ച്‌ തങ്ങളെ ഉപദ്രവിക്കാറുണ്ടെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തല്‍. ശിക്ഷാരീതിയെന്ന നിലയിലാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. അന്തേവാസികളായ പെണ്‍കുട്ടികള്‍ തന്നെയാണ് ഇവിടെ പാചകവും ശുചീകരണപ്രവര്‍ത്തനങ്ങളും ചെയ്യുന്നതെന്നും കമ്മീഷന് മനസ്സിലായി.

ഡിസംബര്‍ 27നാണ് അഭയ കേന്ദ്രത്തില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളുടെ പരിശോധന നടത്തിയത്.  ഇവിടെ അഭയം തേടിയെത്തിയിട്ടുള്ള പെണ്‍കുട്ടികളുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ആറു മുതല്‍ 15 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളുമായിട്ടായിരുന്നു കൂടിക്കാഴ്ച നടന്നത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനായി ദ്വാരക ഡെപ്യൂട്ടി കമ്മീഷണറെ അറിയിച്ചു. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അഭയകേന്ദ്രത്തിലെത്തി പെണ്‍കുട്ടികളില്‍നിന്ന് മൊഴിയെടുത്ത ശേഷം അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും വനിതാ കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.