Web Desk

ന്യൂഡൽഹി

February 25, 2020, 5:04 pm

വെടിയേറ്റ രണ്ട് പേർ കൂടി മരിച്ചു; ദില്ലി കലാപത്തിൽ മരണം പത്തായി

Janayugom Online

വടക്ക് കിഴക്കൻ ദില്ലിയിലെ കലാപത്തിൽ മരണം പത്തായി. വെടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. കലാപത്തിൽ 160 പേർക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. അതിനിടെ ജഫ്രാബാദിൽ പ്രതിഷേധക്കാർ പള്ളി കത്തിച്ചു. പള്ളി കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകരെയും അക്രമകാരികൾ കയ്യേറ്റം ചെയ്തു. തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികള്‍ നില്‍ക്കുകയാണ്.

അക്രമത്തെ തുടർന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യാപക കല്ലേറുണ്ടായി.

ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാൽ അടക്കമുളളവര്‍ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്‌രിവാൾ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങള്‍ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപികരിച്ചു.

Eng­lish Sum­ma­ry; Del­hi vio­lence, Death Toll Ris­es to 10

YOU MAY ALSO LIKE THIS VIDEO