റെജി കുര്യന്‍

 ന്യൂഡല്‍ഹി

February 25, 2020, 10:58 pm

കലാപഭൂമിയായി തലസ്ഥാനം; 13 മരണം, ഇരുനൂറോളം പേർക്ക് പരിക്ക്

നൂറിലേറെ വ്യാപാര സ്ഥാപനങ്ങളും 200-ലേറെ വാഹനങ്ങളും അഗ്നിക്കിരയാക്കി
Janayugom Online

ഡല്‍ഹി കലാപഭൂമിയായി. വടക്കു കിഴക്കന്‍ മേഖലകളില്‍ വെടിവയ്പ്പും കല്ലേറും തീവെയ്പും. മരണസംഖ്യ പതിമൂന്നായി. ഇരുനൂറോളം പേർക്ക് പരിക്ക്. സംഘർഷത്തിനിടെ ജാഫ്രാബാദിലെ പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഞായറാഴ്ചയോടെയാണ് വടക്കു കിഴക്കന്‍ മേഖലയില്‍ സിഎഎ സമരക്കാര്‍ക്കു നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അക്രമം വ്യാപിക്കുകയാണുണ്ടായത്. സിഎഎയെ അനുകൂലിക്കുന്നവര്‍ ഒരുഭാഗത്തുനിന്ന് അക്രമമഴിച്ചുവിട്ടപ്പോൾ സിഎഎ യ്‌ക്കെതിരെ സമരം നടത്തുന്നവര്‍ തിരിച്ചും പ്രതികരിച്ചു. കല്ലേറില്‍ ഒരു പൊലീസുകാരന്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. 186 പേര്‍ക്കു പരിക്കേറ്റെന്നാണ് പൊലീസ് പറയുന്നതെങ്കിലും നൂറുകണക്കിനു പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

ഇന്ന് കലാപ ഭൂമിയില്‍ വെടിയേറ്റ ബാലനെ നാലു മണിക്കൂറിനു ശേഷമാണ് പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായത്. പൊലീസിന്റെ വിന്യാസം ശക്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസും ആണയിടുമ്പോള്‍ ആളുകള്‍ പരസ്പരം കല്ലെറിയുന്ന കാഴ്ചയാണ് ജാഫ്രാബാദിലും പരിസരങ്ങളിലും കാണാനായത്. നിരവധി വാഹനങ്ങള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയായി. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കും.

ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളെയും ട്വീറ്റുകളെയും തുടർന്ന് ആർഎസ്എസ് — ബിജെപി സംഘം രംഗത്തിറങ്ങി സമാധാനപരമായി നടന്നു വന്ന സമരവേദികൾക്കുനേരെയും പരിസര പ്രദേശങ്ങളിലും നടത്തിയ അക്രമങ്ങളാണ് ഡൽഹിയുടെ വടക്കു കിഴക്കൻമേഖലയെ കലാപഭൂമിയാക്കി മാറ്റിയത്. കൂടാതെ മറ്റിടങ്ങളിൽ നിന്ന് വാഹനങ്ങളില്‍ കല്ലുകള്‍ നിറച്ച് കൊണ്ടുവന്നതായും പരിസരവാസികള്‍ പറഞ്ഞു. വാഹനങ്ങളില്‍ എത്തുന്നവരെയും വഴിയാത്രക്കാരെയും പേരു ചോദിച്ചായിരുന്നു വളഞ്ഞിട്ടാക്രമണം. ഇരുമ്പുവടികളും കല്ലുകളും കുറുവടികളുമായി അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് അക്രമികള്‍ സംഘംചേര്‍ന്ന് ആക്രമണം നടത്തിയത്. അക്രമികള്‍ തോക്കുപയോഗിച്ചത് അക്രമത്തിന്റെ വ്യാപ്തിയും ആസൂത്രണവും തയ്യാറെടുപ്പും വ്യക്തമാക്കുന്നു.

ആശുപത്രിയിലുള്ള പലർക്കും വെടിയേറ്റാണ് പരിക്കേറ്റിരിക്കുന്നത്. ഏതാണ്ട് നൂറിലേറെ വ്യാപാര സ്ഥാപനങ്ങളും 200‑ലേറെ വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ജാഫ്രാബാദില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് സമീപ പ്രദേശങ്ങളായ മൗജ്പൂര്‍, ഗോകുല്‍പുരി, ഘോണ്ഡ എന്നിവിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. ഭജന്‍പുര‑യമുനാ വിഹാര്‍ മേഖലകളില്‍ എല്ലായിടത്തുംതന്നെ ഇന്ന് വ്യാപകമായ അക്രമങ്ങളാണ് കലാപകാരികള്‍ നടത്തിയത്. കലാപം പടരാന്‍ ഇടയാക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്നാണ് വിലയിരുത്തല്‍.

ഒരു മാസത്തേക്ക് നിരോധനാജ്ഞ

കലാപ സമാനമായ സാഹചര്യത്തെത്തുടര്‍ന്ന് ഒരു മാസത്തേക്ക് തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പല മേഖലകളിലും യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. ജാഫ്രാബാദ്, മൗജ്പുര്‍ — ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്റി എന്‍ക്ലേവ്, ശിവ വിഹാര്‍ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. കര്‍വാല്‍ നഗര്‍, മൗജ്പൂര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍ എന്നിവിടങ്ങളില്‍ നിലവില്‍ സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷ മേഖലകളില്‍ ജനങ്ങളോട് വീട്ടില്‍ തന്നെ തുടരാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

മാധ്യമപ്രവർത്തകരെയും ആക്രമിച്ചു

കലാപ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമ പവര്‍ത്തകര്‍ക്കു നേരെയും വ്യാപകമായ ആക്രമണമുണ്ടായി. നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മൗജ്പുരില്‍ ജെ കെ 24X7 ന്റെ പ്രവര്‍ത്തകന്‍ ആകാശിനു വെടിയേറ്റു. എന്‍ ഡി ടി വിയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ ജനക്കൂട്ടം അക്രമിച്ചു. പള്ളി കത്തിച്ച ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം. എന്നാല്‍ ആക്രമിച്ച ശേഷമാണ് റിപ്പോര്‍ട്ടര്‍മാര്‍ ഹിന്ദുക്കളാണെന്നു തിരിച്ചറിഞ്ഞതും അവരെ വിട്ടയച്ചതും. മാധ്യമ പ്രവര്‍ത്തകരെപ്പോലും പേരു ചോദിച്ച് ജാതി തിരിച്ചാണ് ആക്രമിച്ചത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു.

ഉന്നതതലയോഗം ചേർന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി ലഫ്‌റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബയ്ജാള്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പൊലീസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കലാപ മേഖലയില്‍ സേനയെ വിന്യസിക്കണമെന്ന യോഗത്തിലെ ആവശ്യം കേന്ദ്രം നിരാകരിക്കുകയാണുണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന നിലപാട് യോഗത്തില്‍ സ്വീകരിച്ചപ്പോഴും കലാപമേഖലകളില്‍ അക്രമം തുടരുകയായിരുന്നു. കൂടുതല്‍ പൊലീസിനെയും 27 കമ്പനി അര്‍ധ സൈനികരെയും സംഘര്‍ഷ മേഖലകളില്‍ വിന്യസിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Eng­lish Sum­ma­ry; Del­hi vio­lence updates; death toll ris­es to 13

YOU MAY ALSO LIKE THIS VIDEO