Tuesday
22 Oct 2019

മോഷ്ടാവിന്റെ വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല; ഡെലിവറി ബോയ് കൊണ്ടുപോയ ഡോട്ടുവിനെ കാത്ത് കുടുംബം

By: Web Desk | Wednesday 9 October 2019 5:34 PM IST


പൂനെ: സൊമാറ്റോ ഡെലിവറി ബോയ് നായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. ഭക്ഷണവുമായി എത്തിയ സൊമാറ്റോ കമ്പനിയുടെ ഡെലിവറി ബോയാണ് നായക്കുട്ടിയുമായി കടന്നുകളഞ്ഞതെന്നാണ് നായയുടെ ഉടമയുടെ പരാതി.

ഉടമ വന്ദന ഷായുടെ ഒരു ട്വീറ്റിലൂടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ ഡോട്ടു എന്ന നായക്കുട്ടിയെയാണ് യുവാവ് മോഷ്ടിച്ചത്. തിങ്കളാഴ്ചയാണ് ഇതിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുന്ന ഡോട്ടുവിനെ കണ്ടെത്തി. എന്നാല്‍ പെട്ടെന്ന് ഡോട്ടു എങ്ങോട്ട് പോയി എന്നായിരുന്നു എല്ലാവരുടെയും സംശയം. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിയും നല്‍കി.

ഒടുവില്‍, വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെക്കുറിച്ച് തിരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി അവര്‍ അറിയുന്നത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതോടെ ഇയാളുടെ നമ്പറില്‍ വിളിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും നായ്ക്കുട്ടിയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമത്തിലേക്ക് അയച്ചെന്ന് പറഞ്ഞ് ഡെലിവറി ബോയി ഒഴിയുകയായിരുന്നെന്ന് ദമ്പതികള്‍ പറഞ്ഞു. നായക്കുട്ടിക്ക് പകരം പണം തരാമെന്ന് പറഞ്ഞെങ്കിലും ഡെലിവറി ബോയി ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്‌തെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മോഷ്ടാവിന്റെ വിവരങ്ങളടക്കം വന്ദനാ ഷാ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒടുവില്‍ ഇവര്‍ സൊമാറ്റോയെ സമീപിച്ചു. വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കാന്‍ ആവശ്യപ്പെട്ട സൊമാറ്റോ അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആരെങ്കിലും വീട്ടിലെത്തുമെന്ന് മറുപടി നല്‍കി. അതേസമയം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചെന്നാണ് ഇവരുടെ ആരോപണം.

Related News