11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 10, 2024
October 9, 2024
October 8, 2024

കുരുമുളകിനും വയനാടന്‍ മുളകിനും ഡിമാന്റ് വര്‍ധിക്കുന്നു

Janayugom Webdesk
കൊച്ചി
September 8, 2024 9:33 pm

ഓണാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത്‌ റബർ ഉല്പാദനം ഉയർന്ന്‌ തുടങ്ങുമെന്ന പ്രതീക്ഷയിൽ വിപണി വൃത്തങ്ങളും വ്യവസായികളും. ആഭ്യന്തര മാർക്കറ്റിൽ നിന്നുള്ള ശക്തമായ ഡിമാന്റ് കുരുമുളക്‌ വില ഉയർത്തി. ചുക്ക്‌ ഉല്പാദകർ ഉത്തരേന്ത്യൻ വാങ്ങലുകാരുടെ വരവിനെ ഉറ്റുനോക്കുന്നു.
ഓണം കഴിയുന്നതോടെ കാലാവസ്ഥ മാറ്റം അവസരമാക്കി റബർ ടാപ്പിങ്‌ ഊർജിതമാക്കാൻ കാർഷിക മേഖല നീക്കം തുടങ്ങും. സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ ഷീറ്റ്‌ വരവ്‌ കുറഞ്ഞ അളവിലെങ്കിലും കാലാവസ്ഥ തെളിഞ്ഞാൽ റബർ വെട്ടിന്‌ ഉല്പാദകർ തിടുക്കം കാണിക്കാം. ഉത്തരേന്ത്യൻ വ്യവസായികളും ടയർ കമ്പനികളും രംഗത്തുണ്ടെങ്കിലും ഡിമാന്റിന്‌ അനുസൃതമായി ഷീറ്റ്‌ കൈമാറാൻ വിപണിക്കാവുന്നില്ല. അതേസമയം ചരക്ക്‌ ക്ഷാമത്തിനിടയിലും ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 23,900 രൂപയിൽ നിന്നും 22,900 ലേയ്‌ക്ക്‌ ഇടിച്ചു. ഓണാവശ്യങ്ങൾ മുൻനിർത്തി കാർഷിക മേഖല വൻതോതിൽ 

റബർ വില്പനയ്‌ക്ക്‌ ഇറക്കുമെന്ന നിഗമനത്തിലായിരുന്നു വ്യവസായികളെങ്കിലും മുഖ്യ വിപണികളിൽ ലഭ്യത നാമമാത്രമായിരുന്നു.
ജപ്പാനീസ്‌ വിപണിയിൽ റബർ അവധി വില 382 യെന്നിൽ നിന്നും 346 ലേയ്‌ക്ക്‌ താഴ്‌ന്ന ശേഷമുള്ള തിരിച്ചു വരവിൽ വാരാന്ത്യം 360 യെന്നിലാണ്‌. റബർ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വില 23,592 രൂപയിൽ നിന്നും 22,437 രൂപയായി. സിംഗപ്പൂർ, ചൈനീസ്‌ മാർക്കറ്റുകളിലും റബർ വില പിന്നിട്ടവാരം കുറഞ്ഞു. പുതിയ സാഹചര്യത്തിൽ ടയർ വ്യവസായികൾ ഇറക്കുമതിക്ക്‌ പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യത.
കുരുമുളകിന്‌ ഉത്തരേന്ത്യയിൽ നിന്നും കൂടുതൽ അന്വേഷണങ്ങളെത്തിയത്‌ നിരക്ക്‌ ഉയർത്തി ചരക്ക്‌ സംഭരിക്കാൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഓഫ്‌ സീസണിലെ ഉയർന്ന വില മോഹിച്ച്‌ കർഷകരും ഇടനിലക്കാരും ചരക്ക്‌ നീക്കം നിയന്ത്രിക്കുന്നതിനാൽ വിപണികളിൽ ലഭ്യത കുറവാണ്‌.
ഹൈറേഞ്ച്‌, വയനാടൻ മുളകിന്‌ ഉത്തരേന്ത്യൻ ആവശ്യം വർധിച്ചു. ദീപാവലിക്ക്‌ മുന്നോടിയായുള്ള കുരുമുളക്‌ സംഭരണം അന്തർസംസ്ഥാന വാങ്ങലുകാർ ഊർജിതമാക്കി. ആഗോള തലത്തിൽ ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക്‌ ഇനിയും ഉയരുമെന്ന നിഗമനത്തിലാണ്‌ കാർഷിക മേഖല. ഇതിനിടയിൽ ഓണാവശ്യങ്ങൾ മുന്നിൽ കണ്ട്‌ ചെറുകിട കർഷകർ മുളക്‌ വില്പന നടത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ മുളക്‌ 64,900 രൂപയിൽ നിന്നും 65,800 രൂപയായി.

ഉത്തരേന്ത്യയിൽ നിന്നും ചു­ക്കി­­­ന്‌ ശൈത്യകാലത്തെ ഓർഡറുകളുടെ വരവിനെ ഉറ്റ്‌ നോക്കുന്നു ഉല്പാദകർ. തണുപ്പ്‌ ശക്തിയാർജിക്കും മുന്നേ അന്തർസംസ്ഥാന ഇടപാടുകാർ വിപണിയിൽ ഇടം പിടിക്കാറുണ്ട്‌. എന്നാൽ ഇക്കുറി ഉത്തരേന്ത്യൻ വാങ്ങലുകാർ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും അല്പം അകന്ന്‌ നിൽക്കുകയാണ്‌. 

വിദേശത്ത്‌ പ്രീയമേറിയ ബെസ്‌റ്റ്‌ ചുക്കിന്‌ അന്വേഷണങ്ങൾ കുറഞ്ഞതായി ഇടപാടുകാർ. കയറ്റുമതിക്കാർ പലരും സീസണ്‍ ആരംഭത്തിൽ തന്നെ ഉയർന്ന അളവിൽ ചുക്ക്‌ സംഭരിച്ചിട്ടുണ്ട്‌. വൈകാതെ അറബ്‌ രാജ്യങ്ങളിൽ നിന്നും ചുക്കിന്‌ പുതിയ ഓർഡറുകൾ എത്തുമെന്ന നിഗമനത്തിലാണ്‌ കയറ്റുമതിക്കാർ. യൂറോപിൽ നിന്നും ഇന്ത്യൻ ചുക്കിന്‌ ആവശ്യകാർ എത്താറുണ്ട്‌. 

ഓണം അടുത്തിട്ടും വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നില്ല. ഉത്സവ വേളയിലെ ബംബർ വിന പ്രതീക്ഷിച്ച്‌ വെളിച്ചെണ്ണ ഒരുക്കിയവർ സമ്മർദ്ദത്തിലാണ്‌. കഴിഞ്ഞ മാസം 15,900 രൂപയിൽ വിപണനം നടന്ന വെളിച്ചെണ്ണ നിലവിൽ 16,800 ലാണ്‌. വെളിച്ചെണ്ണയെ 17,500 ന്‌ മുകളിലേക്ക്‌ ഉയർത്താൻ കാങ്കയം ആസ്ഥാനമായുള്ള വ്യവസായികൾ നീക്കം നടത്തിയെങ്കിലും അതിന്‌ വിപണിയുടെ പിൻതുണ ലഭ്യമായില്ല. നാളികേര കർഷകർ പച്ചതേങ്ങയും കൊപ്രയും ഓണവേളയിൽ കൂടിയ വിലയ്‌ക്ക്‌ വിറ്റഴിക്കാമെന്ന നിഗമനത്തിലായിരുന്നു.
കേരളത്തിലെ വിപണികളിൽ സ്വർണ വില വാരത്തിന്റെ ആദ്യ പകുതിയിൽ 53,360 രൂപയിൽ നിലകൊണ്ട ശേഷം വെളളിയാഴ്‌ച്ച 400 രൂപ ഉയർന്ന്‌ പവൻ 53,760ലേക്ക്‌ കയറി. എന്നാൽ വാരാന്ത്യം നിരക്ക്‌ 53,440 രൂപയായി താഴ്‌ന്നു. ഒരു ഗ്രാം സ്വർണ വില 6680 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2497 ഡോളർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.