മോചിപ്പിക്കണമെന്ന് ആവശ്യം; ജയിലിൽ നിരഹാരം തുടങ്ങി രാജീവ് ഗാന്ധി വധക്കേസ് പ്രതി

Web Desk
Posted on October 26, 2019, 7:29 pm

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, 28 വർഷമായി ജയിലിൽ കഴിയുന്ന തന്നെയും ഭർത്താവിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിരാഹാരം തുടങ്ങി.വെള്ളിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണെന്ന് ജയില്‍ അധികൃതര്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രഭാത ഭക്ഷണം നിരസിക്കുകയും ചെയ്തു.

മോചന ആവശ്യവുമായി നിരവധി അപേക്ഷകള്‍ നളിനി സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മകളുടെ വിവാഹത്തിനായി നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. 51 ദിവസത്തെ പരോള്‍ കാലാവധി അവസാനിപ്പിച്ച്‌ സെപ്റ്റംബര്‍ 16നാണ് നളിനി വെല്ലൂര്‍ ജയിയിലില്‍ തിരിച്ചെത്തിയത്.

28 വര്‍ഷമായി താനും ഭര്‍ത്താവും ഏകമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും മുരുകന്റെ പിതാവ് ചികിത്സക്കാ‍യി ഇന്ത്യയിലെത്തുന്നുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കാന്‍ ഒരു മാസം പരോള്‍ അനുവദിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു. 1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച്‌ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയാണ് കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചത്.