ഡിമെന്‍ഷ്യ രോഗത്തെ പൊതുജനാരോഗ്യ പ്രശ്‌നമായി നേരിടണം: ന്യൂറോളജി വിദഗ്ദ്ധര്‍

Web Desk
Posted on July 13, 2019, 7:54 pm

കൊച്ചി: ഓര്‍മ്മ ശക്തിക്ക് അസാധാരണമാം വിധം തകരാര്‍ സംഭവിച്ചുണ്ടാകുന്ന ഡിമെന്‍ഷ്യ (മേധാക്ഷയം) രോഗങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക നടപടികളും, അന്താരാഷ്ട്ര മാര്‍ഗ്ഗരേഖകളും രാജ്യാന്തര ന്യൂറോളജി സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി.
കേരള അസോസ്സിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഗ്രാന്റ് ഹയാത്തില്‍ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര മണ്‍സൂണ്‍ സമ്മിറ്റ് നടക്കുന്നത്.

ലോകത്തെ 5 കോടി ജനങ്ങള്‍ ഡിമെന്‍ഷ്യ രോഗത്തിന്റെ പിടിയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം ഒരു കോടി ജനങ്ങളില്‍ ഡിമെന്‍ഷ്യ പുതുതായി കടന്നു വരുന്നുണ്ട്. ഇതില്‍ 68% പേര്‍ 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. ഡിമെന്‍ഷ്യ രോഗികളില്‍ 6070 ശതമാനം പേര്‍ക്ക് മസ്തിഷ്‌ക രോഗങ്ങളെ ബാധിക്കുന്ന അല്‍ഷിമേഴ്‌സ് രോഗമാണുള്ളത്.

ഗുരുതരമായ മറവിക്ക് അടിമപ്പെടുന്ന രോഗിയെ പരിചരിക്കുന്ന കുടുംബത്തിനും അടുത്ത വ്യക്തികള്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്ന് ന്യൂയോര്‍ക്ക് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിന്‍ ന്യൂറോളജി പ്രൊഫസര്‍ ഡോ.ജോ വര്‍ഗ്ഗീസ് പറഞ്ഞു. രോഗിയുടെ പരിചരണമേറ്റെടുക്കുന്ന വ്യക്തികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും വേദനയും ചെറുതല്ല. രോഗിയോടൊപ്പം തന്നെ ഇവരില്‍ പലരും കടുംബ ജീവിതം ജോലി സാമൂഹ്യ ജീവിതം എന്നിവയില്‍ നിന്നും പിന്‍വലിക്കുന്നതായാണ് കാണുന്നത്.ഈ അവസ്ഥക്കു മാറ്റമുണ്ടാകണമെന്ന് ഡോ.ജോ വര്‍ഗ്ഗീസ് പറഞ്ഞു.

ഡിമെന്‍ഷ്യ രോഗത്തെ പൊതുജനാരോഗ്യ പ്രശ്‌നമായി കരുതി പ്രത്യേക പരിചരണ കേന്ദ്രങ്ങളും വിദഗ്ദ്ധ പരിശീലനം നേടിയവരുടെ സേവനവും ഇന്ന് പല രാഷ്ട്രങ്ങളിലും നിലവിലുണ്ട്. നെതര്‍ലാന്‍ഡ്‌സ്, കാനഡ എന്നീ രാജ്യങ്ങളില്‍ രോഗികള്‍ക്ക് മാത്രമായി ഡിമെന്‍ഷ്യ ഗ്രാമങ്ങള്‍ വരെ ഒരുക്കിയിരിക്കുന്നു. ഇതു പോലെ പരിശീലനം സിദ്ധിച്ച ധാരാളം പേര്‍ നമ്മുടെ ആരോഗ്യ മേഖലക്കാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അല്‍ഷിമേഴ്‌സും മറ്റുഡിമെന്‍ഷ്യ രോഗങ്ങളെ കുറിച്ചും ഫലപ്രദമായ ഗവേഷണവും പീനങ്ങളും നടത്തുന്നതിന് ഇന്‍ഡോ യു എസ് സംയുക്ത സമിതിയായ കേരള ഐന്‍സ്റ്റീന്‍ സ്റ്റഡി ( കെ ഇ എസ്) 2008 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡോ. ജോ. വര്‍ഗ്ഗീസ് , ഡോ.പി എസ് മധുര നാഥ് (നിംഹാന്‍സ് ബാംഗ്‌ളൂര്‍) ഡോ.വി ജി പ്രദീവ് കുമാര്‍ (ബേബി മെമ്മേറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്) ഡോ.കെ എ സലാം (മൈത്ര ഹോസ്പിറ്റല്‍) ഡോ.മോഹന്‍ നൂണ്‍ (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍) എന്നിവര്‍ ഇതിലംഗങ്ങളാണ്.

ഓര്‍മ്മ പരിശോധക്ക് നിലവിലുള്ള ടെസ്റ്റുകള്‍ വഴി പരിശോധന സാധ്യമല്ലാത്ത ഗ്രാമീണ മേഖലയിലെ പ്രായമായവരെ പരിശോധിക്കാന്‍ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കോഗ്‌നിറ്റീവ് സ്‌ക്രീനിങ്ങ് ടെസ്റ്റ് അടക്കം വിവിധ പദ്ധതികള്‍ക്ക് കെ ഇ എസ് രൂപം നല്‍കിയിട്ടുണ്ട്.

ജീവിത ശൈലിയില്‍ വരുത്താവുന്ന നല്ല മാറ്റങ്ങള്‍ക്ക് വലിയൊരളവില്‍ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. വി.ജി. പ്രദീപ് കുമാര്‍ പറഞ്ഞു. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും, മത്സ്യവും ഉള്‍പ്പെടുത്തിയ ഭക്ഷണം , പതിവായുള്ള വ്യായാമം, സംഗീതം സംയോജിപ്പിച്ചുള്ള വ്യായാമവും നൃത്തവും, വേണ്ടത്ര ഉറക്കവും വിശ്രമവുമെല്ലാം പ്രതിരോധ നടപടികളാണ്. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയാരോഗ്യം എന്നിവ കൃത്യമായി പരിപാലിക്കുക വഴിയും ഡിമെന്‍ഷ്യ രോഗങ്ങളിലേക്ക് നയിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കും, ഡോ പ്രദീപ് കുമാര്‍ പറഞ്ഞു.
വിവിധ സംസ്ഥാനത്തില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും, പതിനഞ്ചിലധികം അന്താരഷ്ട്ര വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടനാ പ്രതിനിധികളും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.