Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
അജിത് കൊളാടി

വാക്ക്

July 17, 2021, 1:31 am

ജനാധിപത്യവും ജനങ്ങളും

Janayugom Online

ഡെമോക്രസി ഇന്നും യഥാർത്ഥ ഡെമോക്രസി ആയിട്ടില്ല. രാജ്യത്തെ ജനങ്ങളെയാകെ ഭരണത്തിൽ ബോധപൂർവം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഭരണമാണല്ലൊ യഥാർത്ഥ ഡെമോക്രസിയാൽ വിവക്ഷിക്കപ്പെടുന്നത്. താത്വികമായ ആ മഹിമ പ്രയോഗത്തിലിനിയും വന്നിട്ടില്ല. ഏകാധിപത്യവും ഫാസിസ്റ്റു ചിന്താഗതികളും മൂലധനശക്തികളുടെ ആധിപത്യവും ലോകത്തിൽ പലയിടത്തും അരങ്ങു തകർക്കുമ്പോൾ, ജനത അതിന്റെ കെടുതികൾ അനുഭവിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും ക്രമാതീതമായി വർധിക്കുന്നു. ജീവിതം മഹാദുരിതത്തിലാകുമ്പോൾ, ജനത ഡെമോക്രസിയുടെ അർത്ഥം എന്താണെന്ന് ആലോചിക്കാൻ മിനക്കെടുന്നില്ല. ഭരണഘടനാ നിർമ്മാണ സഭയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിക്കപ്പെട്ട ആശയമാണ് സെക്കുലർ ജനാധിപത്യം. സെക്കുലർ ജനാധിപത്യത്തിൽ ഏറ്റവും വലിയ പ്രതിബദ്ധത സത്യത്തിനോടായിരിക്കണം. വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉരുത്തിരിയുന്ന സത്യം. സെക്കുലർ ജനാധിപത്യത്തിൽ അനുകമ്പ നിലനിൽക്കണം. സമത്വത്തിനോടും ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിനോടും സ്വജനപക്ഷപാതത്തിനെതിരെ, മർദ്ദക ഭരണകൂടങ്ങൾക്കെതിരെ പോരാടാനുള്ള പ്രതിബദ്ധത വേണം. ഇന്ന് ഇന്ത്യയിൽ ഇതൊക്കെ അപ്രത്യക്ഷമാകുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനം ‘സാമൂഹിക സമത്വം’ എന്നതാണ്. പരസ്പരബഹുമാനം വേണം. പരസ്പര സഹവർത്തിത്വവും ആശയ വിനിമയവും അത് ഉൾക്കൊള്ളുന്നു. ഇന്ന് ബഹുസ്വരത അംഗീകരിക്കപ്പെടുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാൻ ഭരണാധികാരികൾ തയ്യാറാവുന്നില്ല.

ഒരാൾമാത്രം സംസാരിക്കുകയും മറ്റുള്ളവർ കേൾവിക്കാരാവുകയും ചെയ്യുന്നത് ജനാധിപത്യമല്ല. തുറന്ന സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ ആത്മാവ്.

”അധികാരമുള്ളവൻ അധികാരത്തെ ദുരുപയോഗപ്പെടുത്താനാണധികം എളുപ്പമെന്ന് കാണിച്ചുതരുന്നു. തന്റെ അധികാരങ്ങൾ അങ്ങേയറ്റം വരെ ഉപയോഗിക്കുന്നതിൽ അയാൾ തൽപരനായിരിക്കും. അധികാരത്തിന്റെ, ഗർവിന്റെ വാക്കുകൾ പറയാനാണ് അവർക്കിഷ്ടം”, ഇത് പണ്ടേ റൂസോയും വോൾട്ടയറും മോണ്ടസ്ക്യുവും പറഞ്ഞിട്ടുണ്ട്. അധികാരത്തിന്റെ യഥാർത്ഥ സ്വഭാവവും അതുണ്ടാക്കുന്ന ലഹരിയും അത്ഭുതകരം തന്നെ. അന്യഥാ നിരുപദ്രവകാരിയായ ഒരു മനുഷ്യൻ ഒരു ചെങ്കോൽ കൈയ്യിൽ കിട്ടുന്നതോടുകൂടി ആകെ മാറുന്നു. അയാളിൽ അഹങ്കാരവും പരപീഡന രതിയും മുളയ്ക്കുന്നു. ഇന്ന് ഇതൊക്കെയാണ് ജനാധിപത്യത്തിന്റെ പേരിൽ കാണുന്ന കാഴ്ച. ജനം ഇത് വേണ്ടത്ര കാണുന്നില്ല.

അധികാര കേന്ദ്രീകരണത്തിനാണ്, ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രാമുഖ്യം നൽകുന്നത്. അധികാര കേന്ദ്രീകരണം ആപത്തിലേക്ക് വഴി തെളിക്കും. വളരുവാനും വികസിക്കുവാനും ഏവർക്കും തുല്യ സന്ദർഭങ്ങൾ അനുവദിക്കപ്പെടുമെന്ന് ഡെമോക്രസി പണ്ടേ പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. പക്ഷെ അതൊന്നും സാക്ഷാത്കരിക്കാൻ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ സമൂഹത്തിന്റെ ഉപരിതലത്തിലുള്ളവർ ഇന്നും പ്രമാണിമാർ. അവർക്കൊരു നിയമം, മറ്റുള്ളവർക്ക് വേറൊരു നിയമം. സാമൂഹ്യ സാമ്പത്തിക സമത്വം എത്രയോ അകലെയാണ്.

ഇന്ത്യ എന്ന പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ജനാധിപത്യത്തിൽ പലതും എഴുതപ്പെടാത്തതാണ്. കൗശലം കൊണ്ടും ഭയപ്പെടുത്തൽ കൊണ്ടും,അഴിമതികൊണ്ടും സ്വാധീനിക്കാവുന്ന സ്ഥിതി. രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന്റെ മലീമസമായ കൂട്ടുകെട്ട് വ്യാപകമാണ്. വാർത്തകൾ പലതും പ്രതിഫലം കൊടുത്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു. ഇവിടെ മനുഷ്യർ, വസ്തുക്കൾ എല്ലാം വിൽപനക്കുള്ളതാണ്. ജനം ഇത് കണ്ടിട്ടും നിസംഗരാകുന്നു. ഇവിടെ ജനാധിപത്യം എന്താണെന്ന് മനസിലാകാത്തതു കൊണ്ടും മനസിലായിട്ടും മനസിലായില്ല എന്നു നടിക്കുന്നതുകൊണ്ടും സ്വേച്ഛാധിപത്യമോഹികളുടെ മേച്ചിൽപ്പുറമാകുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർന്നുപോയ ജനാധിപത്യം ഇന്ന് നിലനിൽക്കുന്നു. സ്വേച്ഛാധിപതികളുടെ പിന്നിൽ ചരിത്രപരമായി അണിനിരക്കുന്ന രണ്ട് ശക്തികൾ എക്കാലത്തും മതവും മൂലധനശക്തികളുമാണ്. സ്വേച്ഛാധിപതികൾ മനുഷ്യാവകാശങ്ങളും പൊതുസാമൂഹ പ്രസ്ഥാനങ്ങളും ഇല്ലായ്മ ചെയ്യുന്നതോടെ മൂലധനശക്തികൾക്ക് അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾ യാതൊരു തടസവുമില്ലാതെ നടപ്പിലാക്കാൻ സാധിക്കുന്നു.മതമേധാവികൾ അവരുടെ നിലനിൽപും അതിജീവനവും ഉറപ്പുവരുത്താൻ സ്വേച്ഛാധിപതികളെ പിന്തുണയ്ക്കും. ജനാധിപത്യമൂല്യങ്ങളെ സമൂലം എതിർത്തുകൊണ്ടാണ് ഫാസിസ്റ്റ് ആശയങ്ങൾ കടന്നു കയറുക. ലോകം ഭരിക്കേണ്ടത്, അമാനുഷരാണ് മനുഷ്യരല്ല എന്ന് അവർ പ്രചരിപ്പിക്കുന്നു. അമാനുഷിക വിശേഷണങ്ങൾ ഭരിക്കുന്ന ആൾക്കു കൊടുക്കുന്നു. അപ്പോൾ അധികാരികൾ സ്വേച്ഛാധിപതികളാകാനും കഴിയുമെന്ന് തെളിയിക്കും. അവർ സ്വയം അമാനുഷരായി നടിക്കും. ഇത് ഫാസിസ്റ്റ് രീതിയാണ്. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്നും അത് സ്വീകരിക്കപ്പെടണമെന്ന വാശിയും അവർക്കുണ്ടാകും. തങ്ങളുടെ വിശ്വാസങ്ങൾ ഇതരരുടെയും വിശ്വാസങ്ങൾ ആയിക്കൊള്ളണമെന്ന് അവർ ശഠിക്കും. ജനാധിപത്യത്തിനോട് ഒട്ടും പൊരുത്തപ്പെടുന്ന പ്രവണതകളല്ല ഇത്. നമ്മൾ ഇന്ത്യയിൽ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്നു.

ജനാധിപത്യം എന്നത് ഭരണക്രമം മാത്രമല്ല, അത് ഒരു രാഷ്ട്രീയ പദവിയും നൈതികാശയവും സാമൂഹ്യ പരിസ്ഥിതിയും ആകുന്നു എന്ന് വലിയ ഒരു വിഭാഗം ജനത തിരിച്ചറിയുന്നില്ല. ജനാധിപത്യം സാമൂഹ്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ജീവിത പരിതോവസ്ഥയാണ്. അത് ഒരു ജീവിതശൈലിയാണ്. അത് എപ്പോഴും ഉയർത്തിപ്പിടിക്കേണ്ടത് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ്. പലരും ഇതിനെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് ദുരന്തം. ജനാധിപത്യത്തിന്റെ തായ്‌വേരുകൾ മനുഷ്യാവകാശവും നിയമവാഴ്ചയുമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന അഖണ്ഡ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവർത്തിത്വവും സാഹോദര്യവും നിലനിൽക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രമായി ഇന്ത്യ നിലനിൽക്കണം. ജനാധിപത്യത്തിന്റെ സദാചാരശക്തി ജനങ്ങൾ അനീതിയെ, അഴിമതിയെ അടിസ്ഥാനപരമായിവെറുക്കുന്നു എന്നതാണ്. പക്ഷെ അനീതിയും അഴിമതിയും വർധിക്കുമ്പോഴും ജനം പ്രതികരിക്കുന്നില്ല. ജനങ്ങളുടെ ശക്തി ഉണർന്നേ മതിയാകൂ. കാരണം ഫാസിസം “റൂത്ത്‌ലെസ്” ആണ്. ഫാസിസം അനുകമ്പയില്ലാത്ത, പ്രവർത്തനശൈലിയാണ്. മനുഷ്യവിരുദ്ധമാണ് അതിന്റെ നയങ്ങൾ. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ജനാധിപത്യം എന്ന വ്യവസ്ഥ നമുക്ക് സാക്ഷാത്കരിക്കാൻ സാധിക്കുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ മതേതര ജനാധിപത്യ ഫെഡറൽ ഘടനയെ തകർക്കാൻ തന്നെ സാധ്യതയുള്ള ഒരു പ്രവണത ഇന്ത്യൻ സമൂഹത്തിൽ ആധിപത്യം പുലർത്തുന്നു. അങ്ങേയറ്റം ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തിനു മുകളിൽ ഒരു ഏകീകൃത ഹിന്ദുത്വ ദേശീയബോധം അടിച്ചേൽപ്പിക്കാൻ അവർ അക്ഷീണം പ്രയത്നിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ തങ്ങളുടെ വരുതിയിലാക്കാനുള്ള കരുനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഈ ജനാധിപത്യവിരുദ്ധ ശക്തികളെ പ്രതിരോധിക്കുന്ന കാര്യത്തിൽ എത്രത്തോളം ഫലപ്രദമായ രാഷ്ട്രീയ തന്ത്രങ്ങൾ സ്വീകരിക്കാൻ കഴിയും എന്നതാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികൾ നേരിടുന്ന വെല്ലുവിളി. ജനാധിപത്യം സംരക്ഷിക്കാൻ ഭരണഘടനക്കും നിയമങ്ങൾക്കും അപ്പുറം രാഷ്ട്രീയ ധാർമികത ആവശ്യമാണ്. മഹാത്മാഗാന്ധി ഇത് പണ്ടേ പറഞ്ഞു. അംബേദ്കർ പിന്നീട് ഇത് ശരിവച്ചു.

ജനങ്ങളെ പൂർണമായും ഉൾക്കൊണ്ടുള്ള ജനാധിപത്യത്തിനേ സുസ്ഥിരവും സമാധാനപൂർവവുമായ രാഷ്ട്രം നിലനിർത്താൻ സാധിക്കൂ. ജനാധിപത്യം ആരോഗ്യം കൈവരിക്കുന്നത് പൗരന്മാർക്ക് ചോദ്യം ചെയ്യാനുള്ള അവകാശങ്ങളിലൂടെയാണ്. യഥാർത്ഥ ജനാധിപത്യം അനുസരണയുടെ മാത്രം കലയല്ല, അത് ചോദ്യം ചെയ്യലിന്റെ കല കൂടിയാണ്. ആ ബോധം ജനങ്ങളിൽ വളരണം.

മാനസിക അടിമത്തം ഇന്നത്തെ കാലത്ത് ഒരു സ്വഭാവമായി മാറുന്നതുകൊണ്ട്, ജനാധിപത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല. ഇന്ത്യയിലെ കോടാനുകോടി സാധുജനങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിക്കുന്ന പ്രത്യാശയാണ് ഈ രാഷ്ട്രത്തിന്റെ യഥാർത്ഥ ഊർജ്ജം. ആ പ്രത്യാശയാണ് വരേണ്യവർഗങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളെ തോൽപിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ അടിത്തറ തകർക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ, നിതാന്ത ജാഗ്രതയോടെ മുന്നേറണം. നമ്മുടെ നാടിന്റെ സാംസ്കാരിക ധ്വനികൾ, സമരോത്സുകതയുടെ കാഹളങ്ങൾ. ഇനിയും തിരിച്ചു പിടിക്കേണ്ട ജീവിതത്തിന്റെ അർത്ഥസാധ്യതകൾ, തിരുത്തി എഴുതേണ്ട പ്രതിലോമ ചിന്തകൾ, സൗന്ദര്യവും സാഹിതീയവും സംഗമിക്കുന്ന സംസ്കൃതിയുടെ മുദ്രകൾ, ഇതെല്ലാം നമ്മൾ ഓർക്കണം,അതിനെ കുറിച്ച് ബോധവാന്മാരാകണം. ശുഭപ്രതീക്ഷയോടെ മുന്നേറണം. ജനാധിപത്യത്തിലുള്ള വിശ്വാസത്തിൽ അടിയുറച്ച പ്രതീക്ഷയാണത്.