Janayugom Online
പികെവി അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

മോഡി ഭരണത്തില്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നു: കാനം

Web Desk
Posted on July 12, 2019, 10:58 pm

പെരുമ്പാവൂര്‍: ബിജെപി ഭരണത്തില്‍ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐയും സിപിഎമ്മും സിപിഐ (എം എല്‍) അടക്കമുള്ള ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യമാണ് രാജ്യം നേരിടുന്ന അതീവഗുരുതരമായ പ്രതിസന്ധിയ്ക്ക് പരിഹാരമെന്നും കാനം കൂട്ടിച്ചേര്‍ത്തു. പുല്ലുവഴിയില്‍ പി കെ വാസുദേവന്‍ നായര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കാനം.
ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഐക്യത്തിനായി നിലകൊണ്ട നേതാവായിരുന്നു പികെവി എന്നും കാനം അനുസ്മരിച്ചു. പി കെ വിയുടെ 14-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി പുല്ലുവഴിയിലെ കാപ്പിള്ളി തറവാട്ട് മുറ്റത്തെ സ്മൃതികുടീരത്തില്‍ പാര്‍ട്ടിനേതാക്കളും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ ജില്ലാസെക്രട്ടറി പി രാജു അധ്യക്ഷനായിരുന്നു.

സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായില്‍ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ അഷറഫ്, ബാബുപോള്‍, അഡ്വ. കെ എന്‍ സുഗതന്‍, എസ് ശ്രീകുമാരി, എം ടി നിക്‌സണ്‍, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. എന്‍ സി മോഹനന്‍, ഏരിയസെക്രട്ടറി പി എം സലിം, എല്‍ദോ എബ്രഹാം എം എല്‍എ, ശ്രീമൂലനഗരം മോഹനന്‍, സി പി ഐ നേതാക്കളായ മുണ്ടക്കയം സദാശിവന്‍, കെ എം ദിനകരന്‍, സി വി ശശി, പി കെ സോമന്‍, എന്‍ അരുണ്‍, കെ കെ സുബ്രഹ്മണ്യന്‍, സി എസ് നാരായണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി കെ വി ട്രസ്റ്റ് സെക്രട്ടറി രാജപ്പന്‍ എസ് തെയ്യാരത്ത് സ്വാഗതവും സിപിഐ മണ്ഡലം സെക്രട്ടറി കെ പി റെജിമോന്‍ നന്ദിയും പറഞ്ഞു. പി കെ വിയുടെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കം നൂറുകണക്കിന് ആളുകള്‍ അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു. രാവിലെ 8 ന് സിപിഐ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പികെവിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പതാക ഉയര്‍ത്തി.