പ്രതിസന്ധിയിലായ ജനാധിപത്യം

Web Desk
Posted on June 02, 2019, 8:00 am
new-age editorial janayugom

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം വ്യക്തമാണെങ്കിലും അത് എല്ലാ അര്‍ഥത്തിലും അവര്‍ക്ക് അനുഗ്രഹമല്ല. തികച്ചും ലോലമായ ഒന്നാണ്. ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് ലോക മാധ്യമങ്ങള്‍ തീവ്രതയോടെ മാത്രമല്ല കടന്നാക്രമണ സ്വഭാവത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്. ന്യുയോര്‍ക്ക് ടൈംസ്, ദി വാഷിങ്ടണ്‍ പോസ്റ്റ്, ദി വാള്‍ സ്ട്രീറ്റ് ജേണല്‍, ദി ഗാര്‍ഡിയന്‍, ദി ഒബ്‌സര്‍വര്‍, ല മൊണ്ടെ, ദി സീറ്റ്, ഹസ്രത്, ബിബിസി തുടങ്ങിയ ലോക മാധ്യമങ്ങള്‍ ബിജെപിയുടെ വിജയത്തെ തികച്ചും വിമര്‍ശനാത്മകമായാണ് വിലയിരുത്തിയത്. വിജയത്തിന് കാരണമായ സംഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയെ വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തി. മതേതര സംവിധാനത്തിന്‍ മേലുള്ള കടന്നുകയറ്റം, വര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണം, ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കുക, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി അവലംബിച്ചത്. ഇന്ത്യയിലെ പൗരന്‍മാരെ പ്രത്യേകിച്ചും മുസ്‌ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന നിലപാടുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപി സ്വീകരിച്ചത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ കീര്‍ത്തി അപ്രസക്തമായ കാര്യമാണ്. സമത്വം എന്ന സങ്കല്‍പ്പം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പ്രഥമമായ ലക്ഷ്യം. തെരഞ്ഞെടുപ്പ് വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. ദിനംപ്രതി ഇത് കൂടുതല്‍ വ്യക്തമാകുന്നു. പ്രധാനമന്ത്രി അധികാരമേല്‍ക്കുന്നതിന് മുമ്പുതന്നെ രാജ്യത്തെ ജനാധിപത്യം പ്രതിസന്ധിയിലായ അവസ്ഥയിലാണ്. ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റുന്നതിന് ശക്തവും ദീര്‍ഘവുമായ ശ്രമം ആവശ്യമാണ്. രാജ്യത്തിന് അഭിമാനം പ്രദാനം ചെയ്തിരുന്ന പ്രഭാപൂരിതമായ വശങ്ങളൊക്കെ ഇപ്പോഴുള്ള പ്രതിസന്ധി കാര്‍ന്നുതിന്നുന്നു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരം, സഹിഷ്ണുത, സ്‌നേഹം, സമാധാനം എന്നിവയൊക്കെ മരീചികയാകുന്നു.

തെരഞ്ഞെടുപ്പ് വിജയം നേടിയശേഷം പ്രധാനമന്ത്രി പറഞ്ഞതാണ് നമ്മുടെ സമൂഹത്തിന്റെ അവസ്ഥ. ദുരിതം അനുഭവിക്കുന്നവരും അഭ്യുദയകാംക്ഷികളും മാത്രമാണ് സമൂഹത്തിലെ ഇരുവിഭാഗങ്ങള്‍. ആ നിമിഷമാണ് ഉന്നതജാതിക്കാരായ സഹപ്രവര്‍ത്തകരുടെ അവഹേളനത്തില്‍ മനം നൊന്ത് ആദിവാസി ഡോക്ടറായ പായല്‍ സല്‍മാന്‍ ജീവനൊടുക്കിയത്. ഇതിനു മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ഇത് തുടരും. ജാതി ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പേരിലുള്ള പീഡനങ്ങളും അവഹേളനങ്ങളും തുടരും. അസമത്വം സംരക്ഷിക്കപ്പെടുന്നു. അതോടൊപ്പം ഉന്നത ജാതിക്കാരുടെ മേല്‍ക്കോയ്മയും തുടരും.
ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പകരം ഉന്നത ജാതിക്കാര്‍ക്ക് അനുകൂലമായ സമീപനമാണ് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. സംഘപരിവാര്‍ നേതാവായിരുന്ന സവര്‍ക്കര്‍പോലും അധകൃത വിഭാഗക്കാരെ അവഗണിക്കുന്ന സമീപനങ്ങളാണ് സ്വീകരിച്ചിരുന്നത്. 1931 ല്‍ ഗണേശോത്സവവുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാണ്.

പട്ടികജാതി- പട്ടിക വര്‍ഗക്കാരുടെ സാമൂഹ്യ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംവരണം ഇല്ലാതാക്കാനുള്ള തന്ത്രങ്ങളാണ് മോഡി സര്‍ക്കാര്‍ ഒരുക്കുന്നത്. മണ്ഡല്‍ കമ്മിഷന്‍ അനുസരിച്ചുള്ള സംവരണം അവസാനിപ്പിക്കണമെന്ന ആവശ്യം ബിഹാറില്‍ നിന്നുള്ള മന്ത്രിമാര്‍ ഉന്നയിക്കുന്നു. ദളിതര്‍ക്കുള്ള സംവരണം ഒഴിവാക്കണമെന്ന ആവശ്യം ഡല്‍ഹിയിലും ഉയരുന്നുണ്ട്.
സംവരണം അവസാനിക്കുകയെന്ന ബിജെപിയുടെ ആവശ്യത്തിന് മറ്റൊരു മാനമുണ്ട്. തൊഴില്‍ മേഖലയില്‍ നിന്നും ദളിതര്‍ ഉള്‍പ്പെട്ട പിന്നാക്കക്കാരെ ഒഴിവാക്കുകയാണ് ഇതില്‍ പ്രധാനം. അതിലൂടെ സമൂഹത്തില്‍ സംതൃപ്തരായ ഒരു വരേണ്യ വര്‍ഗത്തെ സൃഷ്ടിക്കാം.
തൊഴിലില്ലായ്മ, ഇറക്കുമതിയിലുള്ള അമിത വിധേയത്വം, ചട്ടങ്ങള്‍ ലംഘിച്ചും സബ്‌സിഡി അനുവദിച്ചുമുള്ള ഇറക്കുമതി, ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ഇറക്കുമതി രാജ്യത്തെ ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഉയര്‍ത്തുന്ന ഭീഷണി, രൂപയുടെ മൂല്യത്തിലെ വ്യതിയാനം, വര്‍ധിച്ചുവരുന്ന ധനക്കമ്മി. വ്യാവസായിക മേഖലയിലെ തകര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യാവസായിക വളര്‍ച്ച കുത്തനെ ഇടിഞ്ഞ് 0.1 ശതമാനമായി. കൂടാതെ വ്യാവസായിക മേഖല ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഉല്‍പ്പാദന മേഖലയും സമാന അവസ്ഥയിലാണ്. സമ്പദ് വ്യവസ്ഥ സാമ്പത്തിക കുത്തകകളുടെ കൈകളിലെത്തി. ഉല്‍പ്പാദനത്തിലുള്ള കുറവ് നിക്ഷേപങ്ങളുടെ കുറവിന് കാരണമായി. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. സാധാരണക്കാരുടെ കഷ്ടതകളും അറുതിയില്ലാതെ തുടരുന്നു.

അവശ്യ സാധനങ്ങളുടെ ആവശ്യകതയിലുണ്ടായ ഗണ്യമായ കുറവ് നിക്ഷേപ സാധ്യതകള്‍ കുറയ്ക്കുന്നു. ഉയര്‍ന്ന നികുതി ഘടന, കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ചുവപ്പ് നാടയില്‍ കുടുങ്ങിയുള്ള കാലതാമസം എന്നിവയൊക്കെയാണ് ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപഭോക്തൃസൂചികയില്‍ 11 മുതല്‍ 12 ശതമാനം വരെ കുറവുണ്ടായെന്ന് റേറ്റിങ് ഏജന്‍സിയായ നിയല്‍സന്‍ വിലയിരുത്തുന്നു.

സമഗ്രമായ ഒരു വ്യവസായ നയം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. വന്‍കിട വ്യവസായം. ഇലക്‌ട്രോണിക് വ്യവസായം, ചെറുകിട ഇടത്തരം വ്യവ്‌സായങ്ങള്‍, ഇറക്കുമതി വ്യവസായം എന്നിവയെ കാര്യക്ഷമാമാക്കുന്നതിനുള്ള നയമാണ് രൂപീകരിക്കേണ്ടത്. എന്നാല്‍ ഇവിടെ എല്ലാ മേഖലകളിലും വിവിധ ലോകരാജ്യങ്ങളില്‍ പരാജയപ്പെട്ട സ്വകാര്യവല്‍ക്കരണമാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇനിയും ഇതുപോലുള്ള അസ്ഥിപഞ്ജരങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. കാലത്തിനൊപ്പം ഇവയൊക്കെ മറനീക്കി പുറത്തുവരും.