ജനാധിപത്യം അപകടത്തിൽ

Web Desk
Posted on August 10, 2020, 2:00 am

ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയിട്ട് 12 മാസം പിന്നിട്ടിരിക്കുന്നു. എന്നാൽ ഒരു വർഷം മുമ്പുണ്ടായിരുന്നതുപോലെ സുസ്ഥിരമല്ല കശ്മീരിലെ സാഹചര്യങ്ങൾ. ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ — ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ — 32 പൗരന്മാരും 143 ഭീകരരും 54 സുരക്ഷാ ഭടന്മാരുമാണ് അവിടെ കൊല്ലപ്പെട്ടത്.

ഒരു വർഷം പൂർത്തിയാകുന്നതിന്റെ തലേദിവസം ശ്രീനഗർ ജില്ലാ ഭരണകൂടം ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പ്രാബല്യത്തിൽ വരുന്ന വിധം കർഫ്യൂ ഏർപ്പെടുത്തി. പൊതു സഞ്ചാരത്തിന് പൂർണ്ണമായും വിലക്ക്/കർഫ്യൂ ബാധകമാക്കി. ജനാധിപത്യത്തിന് നേരെയുള്ള തുറന്ന കടന്നാക്രമണവും ന്യൂനപക്ഷ സമുദായത്തിന് ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തെ ഇല്ലാതാക്കുന്നതിനുള്ള ശ്രമവുമാണിത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭൂരിപക്ഷമുള്ളവർക്കിടയിൽ വർഗീയത ഊട്ടിയുറപ്പിക്കുന്നതിനും ഇതിനെ ഉപയോഗിക്കുന്നു. ഇത്തരം നടപടികൾ പുതിയതല്ല. ആധിപത്യത്തിന് ശ്രമിക്കുന്നവരും അതിന് വിധേയരാകുന്നവരും തമ്മിലുള്ള സംഘർഷത്തിന്റെ ജ്വാലകൾ സാമൂഹ്യ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകാറുണ്ട്. എന്നാൽ മുതലാളിത്തത്തിന്റെ ഉല്പന്നമായ സാമുദായിക വിഭജനം പൗരോഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് അധീനപ്പെടുത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു. അനുച്ഛേദം 370 റദ്ദാക്കൽ ഈ വിഭജന മനഃശാസ്ത്രത്തിന്റെ ഭാഗമാണ്. തുടർന്ന് അടച്ചുപൂട്ടൽ, തെരുവുകളിൽ സൈന്യത്തിന്റെ പ്രകടനങ്ങൾ, എല്ലാ ജനങ്ങളും ഭയത്തോടെ കഴിയേണ്ടിവരിക, വീടുകളുടെ നാല് ചുവരുകളിൽ അടയ്ക്കപ്പെടുക എന്നിവയുണ്ടായി. നേതാക്കളെ തടവിലാക്കൽ കൂടിയായപ്പോൾ വ്യവസ്ഥ പൂർണമായും താറുമാറായി.

കഴിഞ്ഞ ഒരു വർഷംകൊണ്ട് ജനാധിപത്യത്തിന്റെ തകർച്ചയ്ക്കു ശേഷമുള്ള നാടിന്റെ നേർക്കാഴ്ച നമുക്ക് ലഭിച്ചു. വർഗീയ വിപത്തിനിടയിൽ തീവ്ര ജനാധിപത്യം ശക്തിപ്പെട്ടു. രാജ്യത്തിന്റെ മതേതര സംഹിതയ്ക്കെതിരായ കടന്നാക്രമണങ്ങളും ശക്തമായി. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ വൈവിധ്യ സംസ്കാരത്തിനും ഭരണഘടനയ്ക്കു തന്നെയും എതിരായ കുറ്റകൃത്യമാണ്. ഭരണഘടന അംഗീകരിച്ചതിന്റെ നാലു പതിറ്റാണ്ടുകൾക്കിപ്പുറം, എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പേ പണിതീർത്ത ബാബറി മസ്ജിദെന്ന പേരിൽ സജീവമായിരുന്നൊരു പള്ളി തകർത്തെറിഞ്ഞു. നമ്മുടെ ജനാധിപത്യ വിശ്വാസികളുടെ മനസിനെ അത് ആഴത്തിൽ മുറിവേല്പിച്ചു. ആ സംഭവം നിരവധി കോടതി നടപടികളെ അഭിമുഖീകരിച്ചു. പക്ഷേ ഒടുവിൽ ക്ഷേത്ര നിർമ്മാണത്തിനാണ് അനുമതി ലഭിച്ചത്. അതിന്റെ തറക്കല്ലിടൽ ചടങ്ങ് ഈ വർഷം ഓഗസ്റ്റ് അഞ്ചിന് നടന്നു. പ്രസ്തുത ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഭൂരിപക്ഷ മതത്തിന് ഔദ്യോഗിക പദവി നല്കുന്നതിന് സമാനമാണ്. ജനാധിപത്യത്തെ പൗരോഹിത്യം കൊണ്ട് മായ്ക്കാനുള്ള നീക്കമാണിത്. യഥാർത്ഥത്തിൽ ഇത് സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളല്ല. മറിച്ച് യുഎസിൽ വലിയൊരു വിഭാഗം അണിനിരന്ന റാലികളിൽ ഉയർത്തപ്പെടുകയും തൊഴിലാളി ജീവിതത്തിന്റെ സത്യത്തെ പ്രതിഫലിപ്പിക്കുന്നതിനായി ലോകമാകെ മുഴങ്ങുകയും ചെയ്യുന്ന 99 ശതമാനവും അവശേഷിക്കുന്ന ഒരു ശതമാനവും തമ്മിലുള്ള സംഘർഷമാണിത്. കേവല ഭൂരിപക്ഷം അടിച്ചമർത്തപ്പെട്ടാൽ ലോകം വീണ്ടും വീണ്ടും പുനർനിർമ്മിക്കപ്പെടും. അടിച്ചമർത്തൽ നയങ്ങൾക്കിടയിലും ഒരു ശതമാനത്തിന്റെ ഭരണം ദീർഘനാൾ നിലനിൽക്കില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ബോധത്തെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നാലും ഒരു ശതമാനത്തിന്റെ സ്വേച്ഛാധിപത്യം ഉൾക്കൊള്ളാൻ ഒരിക്കലും അവർ തയ്യാറാകില്ല.

വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ അത്തരമൊരു അടിച്ചമർത്തൽ ശ്രമത്തിന്റെ ഭാഗമാണ്. പാഠങ്ങൾ ദുർബ്ബലപ്പെടുത്തുകയും രാജ്യത്തിന്റെ ബൗദ്ധിക പരിണാമത്തിൽ ഇടപെടുന്നതിന് വിദേശ നിക്ഷേപകരെ ക്ഷണിക്കുകയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായി കോഴ്സുകൾ പരിമിതപ്പെടുത്തുകയും വലിയ പണം മുടക്കേണ്ടിവരികയും ചെയ്യുന്നതിലൂടെ സാധാരണക്കാർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതി വിദ്യാഭ്യാസമേഖലയിലുണ്ടാക്കും. ഇത് തീർത്തും സ്വകാര്യവല്ക്കരണത്തിലേക്കാണ് വഴിവയ്ക്കുക. ഇത് യഥാർത്ഥ വാണിജ്യവൽക്കരണവുമായിരിക്കും. അവ്യക്തമായല്ലാതെ ഒരു തലത്തിലും വിദ്യാർത്ഥികളുടെയോ ജീവനക്കാരുടെയോ ജാതികളുടെയോ സംവരണത്തെക്കുറിച്ച് പുതിയ വിദ്യാഭ്യാസനയത്തിൽ പരാമർശിക്കുന്നില്ല. നിരാലംബരും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗങ്ങൾക്ക് എസ്ഇഡിജി (സോഷ്യലി ആന്റ് ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ്പ്) എന്ന ചുരുക്കപ്പേര് നൽകിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പരാമർശമില്ല. ഗോത്രമേഖലയിലെന്ന പോലെ രാജ്യത്തിന്റെ മറ്റിടങ്ങളിലും ആശ്രമാലയങ്ങളുണ്ടാകും. ഒന്നിലധികം വിഷയങ്ങളും ബഹുവിഷയങ്ങളും കൈകാര്യം ചെയ്യുന്ന സംയോജിത സംവിധാനങ്ങളെ കുറിച്ചല്ലാതെ വിദൂരപ്രദേശങ്ങളിലെ സ്കൂളുകൾക്കെതിരാണ് പുതിയ വിദ്യാഭ്യാസനയം. അധ്യാപകരുടെ ദൗർലഭ്യവും വിദ്യാർത്ഥികൾ സ്വന്തമായി പഠിക്കേണ്ടിവരുന്നുവെന്നതും യാഥാർത്ഥ്യമാണ്. പിന്നെ ഭരണഘടനയുമായി ബന്ധപ്പെട്ടതാണ്. ഭരണഘടനാധിഷ്ഠിതമായ ചില മൂല്യങ്ങൾ പരാമർശിക്കുന്നുണ്ട്: “… മനുഷ്യ, ഭരണഘടനാ മൂല്യങ്ങളുടെ അറിവും പ്രയോഗവും — ദേശസ്നേഹം, ത്യാഗം, അഹിംസ, സത്യം, സത്യസന്ധത, സമാധാനം, നീതിപൂർവകമായ പെരുമാറ്റം, ക്ഷമ, സഹിഷ്ണുത, കരുണ, സഹതാപം, സഹായ മനസ്കത, ശുചിത്വം, മര്യാദ, ആത്മാർത്ഥത, ബഹുസ്വരത, ഉത്തരവാദിത്തം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ”(എൻഇപി 4.23). ഈ സംഗ്രഹം പൂർണമാണെങ്കിലും മൗലികാവകാശങ്ങളെ കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചുമുള്ള ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നു. ഇതേകുറിച്ച് ചെറിയ പരാമർശങ്ങളേയുള്ളൂ. ഉദ്ദേശ്യം വ്യക്തമാണ്, വളർന്നുവരുന്ന യുവാക്കളെ ആശയക്കുഴപ്പത്തിലാക്കുക. പരിഷ്കൃത സമൂഹത്തിന് പ്രതീക്ഷ നല്കുന്ന ഒന്നും തന്നെ പുതിയ വിദ്യാഭ്യാസ നയത്തിലില്ലെന്നതാണ് വസ്തുത.