July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല

Janayugom Webdesk
September 12, 2021

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ലോക്‌സഭയിലും രാജ്യസഭയിലും (പാര്‍ലമെന്റില്‍) സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും മുപ്പത്തിമൂന്ന് ശതമാനം സംവരണം ഉറപ്പുനല്കുന്ന വനിതാ സംവരണബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം സെപ്റ്റംബര്‍ 12ന് പൂര്‍ത്തിയാവുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയ മഹിളാ ഫെഡറേഷനും വനിതാ സംവരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്. 1996ലെ പൊതു തെരഞ്ഞെടുപ്പ് മുതലാണ് ഇന്ത്യയിലെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ 33 ശതമാനം സംവരണം നിയമസഭകളിലും പാര്‍ലമെന്റിലും നല്കുമെന്ന് സ്ത്രീകള്‍ക്ക് വാഗ്ദാനം നല്കിയത്. 1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ ശ്രീ. ദേവഗൗഡയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ സ: ഗീതാമുഖര്‍ജി ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് വനിതാസംവരണബില്‍ (81ാം ഭേദഗതിബില്‍) ഇന്ത്യന്‍ പാര്‍ലമെന്റില്‍ ‘ഇന്ത്യാ ചരിത്രത്തിലെ ഒരു വിശേഷപ്പെട്ട ദിനമെന്ന് വിശേഷിപ്പിച്ചിരുന്ന ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധരായവരാണ് പാര്‍ലമെന്റിലെ ഭരണകക്ഷികള്‍ എന്ന ജനാധിപത്യ ധാരണയ്ക്ക് വിരുദ്ധമായി അന്നത്തെ ഭരണമുന്നണിക്കാര്‍ തന്നെ ഈ ബില്ലിനെ എതിര്‍ത്തു. ഭിന്നാഭിപ്രായങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ബില്ല് പാര്‍ലമെന്റിന്റെ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിട്ടു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഒരു ബില്ലിനും ഇത്രമാത്രം ഗതികേടുണ്ടായിട്ടില്ല.

 


ഇതുകൂടി വായിക്കൂ: വനിതാ സംവരണവും ലതിക സുഭാഷിന്റെ തലമുണ്ഡനവും


 

ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് നേതൃത്വം കൊടുത്ത ഗീതാമുഖര്‍ജി ബില്‍ പാസാക്കാന്‍ വേണ്ടി തീവ്രശ്രമങ്ങളായിരുന്നു നടത്തിയത്. സിപിഐയും ഇടതുപക്ഷ പാര്‍ട്ടികളുമാണ് ബില്ലിനൊപ്പം ആത്മാര്‍ത്ഥമായി നിലകൊണ്ടത്. നിരവധി ഭേദഗതികളും ചര്‍ച്ചകളും സെലക്ടീവ് കമ്മിറ്റിക്ക് മുമ്പില്‍ വരികയും ഭിന്നാഭിപ്രായ കുറിപ്പോടെ അംഗീകരിക്കുകയും ചെയ്തു. വീണ്ടും 1997ല്‍ പ്രധാനമന്ത്രി ഗുജ്റാള്‍‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവതരിപ്പിക്കാന്‍ പോലും അനുവദിക്കാത്ത അവസ്ഥ പാര്‍ലമെന്റില്‍ ശരദ് യാദവിനെപ്പോലുള്ള നേതാക്കളുണ്ടാക്കി.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2008മെയില്‍ രാജ്യസഭയില്‍ വീണ്ടും ബില്‍ അവതരിപ്പിക്കുകയും സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭയില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ ഈ ബില്‍ നിയമമാവണമെങ്കില്‍ ലോകസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതോടൊപ്പം പകുതിയിലധികം നിയമസഭകള്‍ ഈ ബില്ലിനെ അംഗീകരിക്കേണ്ടതുമുണ്ട്. 2010ന് ശേഷം ഈ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ പിന്നീട് വന്ന ബിജെപിയോ മുന്‍കെെ എടുത്തിട്ടില്ല. അഞ്ച് വര്‍ഷമായി ഫ്രീസറില്‍ വച്ചിരിക്കുകയാണ്.

 

2014ലും 2019ലും ബിജെപി സ്ത്രീകളുടെ വോട്ട് നേടാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ വച്ച വാഗ്ദാനം വനിതാസംവരണബില്‍ പാസാക്കുമെന്നാണ്. സ്ത്രീകളെ രാഷ്ട്രം കെട്ടിപ്പടുക്കുന്നവരായി വിശേഷിപ്പിച്ച പ്രധാനമന്ത്രിയും ബിജെപിയും സ്ത്രീകളുടെ ഭരണരംഗത്തേക്കുള്ള പ്രവേശനത്തിന് തടസം നില്‍ക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാം പണയം വയ്ക്കുന്ന ബില്ലുകള്‍, ജനവിരുദ്ധ കര്‍ഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ, സ്ത്രീവിരുദ്ധ ബില്ലുകള്‍ നിമിഷനേരംകൊണ്ട്, കയ്യടിച്ച് പാസാക്കുന്ന കേന്ദ്രഭരണ രാഷ്ട്രീയക്കാരെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. സ്ത്രീകളെ ബാധിക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ എന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാലവിളമ്പമായിരുന്നു എന്ന് ഇന്ത്യയുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീധന നിരോധന നിയമം പാസാക്കാന്‍ ഒന്‍പത് വര്‍ഷമെടുത്തു. പ്രീ നാറ്റല്‍ ഡയ്ഗനോസ്റ്റിക് ടെക്നിക് (റെഗുലേഷന്‍ ആന്റ് പ്രിവന്‍ഷന്‍ ഓഫ് മിസ് യൂസ്) അഞ്ചുവര്‍ഷം, ഇപ്പോള്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷവും കഴിഞ്ഞു.

ലോകത്തിലെ 193 രാജ്യങ്ങളുടെ പാര്‍ലമെന്റിലെ സ്ത്രീ പങ്കാളിത്തം ആഗോളതലത്തില്‍ തന്നെ പരിശോധിച്ചാല്‍ ഭൂരിഭാഗം രാജ്യങ്ങളിലും മതിയായ നിലയില്‍ രാഷ്ട്രീയ പ്രാതിനിധ്യം ഉണ്ടായിട്ടില്ല എന്ന് കാണാം. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യമായി 1979 ഡിസംബര്‍ 18ാം തീയതി ഐക്യരാഷ്ട്രസഭ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കണം എന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. നെയ്റോബിയില്‍ നടന്ന കണ്‍വന്‍ഷന്‍ ഫോര്‍ ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്റെ (സിഇഡിഎഡബ്ല്യു) നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയില്‍ ‘നാഷണല്‍ പെര്‍സ്പെക്ടീവ് പ്ലാന്‍ ഫോര്‍ വുമണ്‍’ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. മാത്രമല്ല 1990ലെ യുഎന്‍ കമ്മിഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ എല്ലാ അംഗരാജ്യങ്ങളോടും നിയമനിര്‍മ്മാണ സഭകളില്‍ മുപ്പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് 1992ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 73, 74ഭേദഗതികളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം ലഭിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്ത്രീപക്ഷ നയത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നല്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ആത്മാര്‍ത്ഥതയോടെയും അര്‍പ്പണ മനോഭാവത്തോടെയും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് സ്ത്രീകളിലുണ്ടാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്, ഭരണ നേതൃത്വത്തിലേക്ക് സ്ത്രീക്ക് കടന്നുവരാന്‍ അവസരമുണ്ടാക്കിയത് നിയമത്തിന്റെ പിന്‍ബലമാണ്. ഈ വസ്തുത മുന്നിലുള്ളതുകൊണ്ടാണ് വനിതാസംവരണം നിയമമാക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്.

 


ഇതുകൂടി വായിക്കൂ: ‘ഹരിത’ത്തില്‍ വരള്‍ച്ച വിതയ്ക്കുന്ന ലീഗ് താലിബാനിസം


 

നിയമനിര്‍മ്മാണ പ്രക്രിയയില്‍ പ്രാധാന്യമുള്ള സഭകളില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ജനാധിപത്യ സമൂഹം ഗൗരവമായി കാണണം. നിയമനിര്‍മ്മാണ പ്രക്രിയയിലും നടപ്പാക്കല്‍ പ്രക്രിയയിലും പങ്കാളിയാവുമ്പോള്‍ മാത്രമാണ് ഒരു പൗരയെന്ന രീതിയില്‍ സ്ത്രീയുടെ വികാസം പൂര്‍ണമാവുന്നത്. അധികാര കേന്ദ്രത്തിലേക്കുള്ള സ്ത്രീയുടെ കടന്നുവരവ് സാമൂഹ്യമാറ്റത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.

ലോകത്തിലെ 193 രാജ്യങ്ങളുടെ പാര്‍ലമെന്റിലെ സ്ത്രീ പങ്കാളിത്തം പരിശോധിച്ചാല്‍ നമ്മുടെ രാജ്യം 149ാം സ്ഥാനത്താണെന്ന് നരേന്ദ്രമോഡി മനസിലാക്കുന്നത് നല്ലതാണ്. ക്യൂബ, അംഗോള, റുവാണ്ട എന്നീ മൂന്ന് രാജ്യങ്ങളില്‍ തുല്യപങ്കാളിത്തവും നിക്കരാഗ്വ, ഐസ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ 40 ശതമാനം പ്രാതിനിധ്യമുണ്ട്. അമേരിക്കയില്‍ മുപ്പത് ശതമാനവും കാനഡയില്‍ പത്തൊമ്പത് ശതമാനവും ഓസ്ട്രേലിയയില്‍ 31 ശതമാനവുമാണ്. അഫ്ഗാനിസ്ഥാനില്‍ 27.7 ശതമാനമായിരുന്നു പാകിസ്ഥാനില്‍ 20.6ഉം സൗദി അറേബ്യയില്‍ 19.7 ശതമാനവും ഉള്ളപ്പോള്‍ ഇന്ത്യയില്‍ 14.8 ശതമാനവുമാണ്.

ഭരണഘടനാ നിര്‍മ്മാണസഭയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സ്ത്രീകളായ അംഗങ്ങള്‍ അന്ന് പറഞ്ഞത് ‘ഞങ്ങള്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ സംവരണമെന്ന ഊന്നുവടിയുടെ ആവശ്യമില്ല’ എന്നാണ്. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന ബീഗം റസൂല്‍ 1997ല്‍ പറഞ്ഞത് ‘ഇന്നാണെങ്കില്‍ ഞാന്‍ സംവരണം വേണമെന്ന് പറയും’ എന്നാണ്. അന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്നത് ജനാധിപത്യ പ്രക്രിയയിലൂടെ അവള്‍ അര്‍ഹിക്കുന്ന സ്ഥാനം നേടിയെടുക്കുമെന്നായിരുന്നു. എന്നാല്‍ 75 വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അനുഭവങ്ങള്‍ സ്ത്രീക്ക് ഒട്ടും അംഗീകരിക്കാവുന്നതല്ല.

 

Begum rasul

 

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സ്ത്രീവിരുദ്ധതയിലൂന്നിയതായത് കൊണ്ടുതന്നെ രാജസ്ഥാനിലും ഹരിയാനയിലും 2014ലുണ്ടായ തെരഞ്ഞെടുപ്പനുഭവം സ്ത്രീകള്‍ക്ക് കയ്പേറിയതായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്ന ഒരു വ്യവസ്ഥയുള്ള ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഈ ഓര്‍ഡിനന്‍സില്‍ അഞ്ചാംതരം, എട്ടാംതരം, പത്താംതരം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് കുറഞ്ഞ യോഗ്യത വേണമെന്ന നിബന്ധന വച്ചു. മാത്രമല്ല സ്ഥാനാര്‍ത്ഥി താമസിക്കുന്ന വീട്ടില്‍ ഉപയോഗക്ഷമമായ ടോയ്‌ലറ്റ് വേണമെന്നും നിബന്ധനയുണ്ടാക്കി. ഈ വ്യവസ്ഥകള്‍മൂലം സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളുമായ നിരവധി പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഈ വിഭാഗങ്ങള്‍ക്ക് സാമ്പത്തികമായ, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ രൂക്ഷമായതുകൊണ്ട് അവരെ രാഷ്ട്രീയമായും പാര്‍ശ്വവല്‍ക്കരിച്ചു. ബിജെപിയുടെ ഈ ഭരണഘടനാവിരുദ്ധമായ നിലപാടിന്റെ ഭാഗമായി 80 ശതമാനം സ്ത്രീകള്‍ മത്സരരംഗത്തു നിന്നും അയോഗ്യരാക്കപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിച്ച സംഭവമായിരുന്നു ഇത്. സാമൂഹ്യപ്രവര്‍ത്തകരായ നെരോട്ടിഭായ്, കമല മെഗ്വാള്‍ ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും ആശ്വാസം ലഭിച്ചില്ല. ജനാധിപത്യത്തിന്റെ അവസരസമത്വത്തില്‍ നിന്നാണ് സ്ത്രീകളെ ബിജെപി ചവിട്ടി പുറത്താക്കുന്നത്. സ്ത്രീകളെ ജനാധിപത്യ പ്രക്രിയയുടെ തീരുമാന കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് ഇവര്‍ക്ക് താല്പര്യം.

‘സബ്കാ സാത്ത്… സബ്കാ വികാസ്’ എന്ന മുദ്രാവാക്യം പോരാ, നിയമനിര്‍മ്മാണ പ്രക്രിയയിലും നടപ്പാക്കലിലും പങ്കാളിയാക്കണം- അപ്പോഴേ വികാസം പൂര്‍ണമാവുകയുള്ളു. എന്ന തിരിച്ചറിവും ഭരണാധികാരികള്‍ക്ക് ആവശ്യമാണ്.

 

 

ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്, ജനാധിപത്യത്തിന്റെ വിജയത്തിന് ആ രാഷ്ട്രത്തിലെ എല്ലാ പൗരന്മാരുടെയും തുല്യവും ശക്തവുമായ പ്രാതിനിധ്യം ആവശ്യമാണ്. മഹാനായ ലെനിന്‍ പറയുകയുണ്ടായി ‘സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല, സ്ത്രീകളെക്കൂടി രാഷ്ട്രീയത്തില്‍ കൊണ്ടുവരാതെ ബഹുജനങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല.’

ഇന്ത്യയില്‍ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയാണ് ഇന്നും നിലനില്‍ക്കുന്നത്. ഈ സാമൂഹ്യവ്യവസ്ഥ നിലനിര്‍ത്താനാണ് ബിജെപിയും ആര്‍എസ്എസും നിലകൊള്ളുന്നത്. സ്ത്രീയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം ശക്തികള്‍ തടസം നില്‍ക്കുകയാണ്. ഈ ഭരണാധികാരിവര്‍ഗം സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്കി അംഗീകരിക്കാന്‍ മടികാണിക്കുന്നവരാണെന്ന് മനസിലാക്കിക്കൊണ്ട്, നിയമനിര്‍മ്മാണ സഭയിലെ സ്ത്രീ പ്രാതിനിധ്യം രാഷ്ട്രപുരോഗതിക്ക് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സിപിഐയും ദേശീയ മഹിളാ ഫെഡറേഷനും ദേശവ്യാപകമായി സംവരണബില്‍ പാസാക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.