October 2, 2022 Sunday

Related news

October 2, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022

കേരളത്തിലെ കോൺഗ്രസ് ജനാധിപത്യ മുഖം ഉപേക്ഷിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
June 23, 2021 10:21 pm

കേരളത്തിലെ കോൺഗ്രസിന് ഇനിമുതൽ ജനാധിപത്യ മുഖമില്ല. പാർട്ടിക്കുള്ളിലും പുറത്തും ശബ്ദം ഉയർത്തേണ്ടവർ ആരെന്നു കെപിസിസി പ്രസിഡന്റ് തീരുമാനിക്കും. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്ക് നിലവിലുണ്ടായിരുന്ന മുഴുവൻ കമ്മിറ്റികളും നോക്കുകുത്തിയായി തുടരും. കെപിസിസി പുതുതായി ആരംഭിക്കുന്ന പൊളിറ്റിക്കൽ സ്കൂളിൽ പ്രായഭേദമന്യേ കേരളത്തിലെ മുഴുവൻ പാർട്ടി നേതാക്കളെയും രാഷ്ട്രീയം പഠിപ്പിക്കും. മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിന് തയ്യാറല്ലാത്ത ഒറ്റ നേതാക്കൾക്കുപോലും സ്ഥാനമാനങ്ങൾ നൽകില്ല.

കെപിസിസി പ്രസിഡന്റായി അധികാരമേറ്റശേഷം ചേർന്ന ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് കെ സുധാകരൻ ഇക്കാര്യങ്ങൾ അറിയിച്ചത്.

വരുതിയിൽ നിൽക്കാത്തവർക്കെതിരെ വാളോങ്ങിയും ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പൂഴിക്കടകൻ പ്രയോഗിച്ചും യോഗത്തിൽ നിശബ്ദരാക്കി. മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസൻ തുടങ്ങിയ മുൻനിര നേതാക്കളെ സംസ്ഥാന കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ പടിക്ക് പുറത്തു നിർത്തിയാണ് വൈകുന്നേരം മൂന്നിന് കെ സുധാകരൻ യോഗം വിളിച്ചു ചേർത്തത്. ഇതിനു മുന്നോടിയായി രാവിലെ ഗ്രൂപ്പു നേതാക്കളെ മാത്രം വിളിച്ച് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ നിശബ്ദരാക്കിയത്.

ജംബോ കമ്മിറ്റിക്കുപകരം 51 അംഗ കമ്മിറ്റി മാത്രമേ ഇനിഉണ്ടാകൂവെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ല. നിലവിലുള്ള ഡിസിസികൾ പിരിച്ചുവിടുകയും ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ കമ്മിറ്റികളും താഴെത്തട്ടിൽ അയൽകൂട്ട കമ്മിറ്റികളും രൂപീകരിക്കും. പതിവുപോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ അഞ്ച് മേഖലാ കമ്മിറ്റികൾക്കു രൂപം നൽകാനും തീരുമാനിച്ചതായി കെ സുധാകരൻ പറഞ്ഞു.

ഗ്രൂപ്പുനേതാക്കളെ തള്ളിപ്പറഞ്ഞ് സുധാകരനൊപ്പം ചേർന്ന പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മീഡിയാ കമ്മിറ്റിയും ചാനൽ ചർച്ചയ്ക്ക് നിയോഗിക്കാനുള്ള ഭാരവാഹികളുടെ പാനലും താൻ തയ്യാറാക്കുമെന്നും സുധാകരൻ പറഞ്ഞു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.