Web Desk

ന്യൂഡല്‍ഹി

July 29, 2021, 10:27 pm

ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തണം: ബ്ലിങ്കന്‍

Janayugom Online

സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അതാരായാലും അവര്‍ക്ക് പൂര്‍ണ ബഹുമാനം നല്‍കണം. ജനാധിപത്യ രാജ്യങ്ങളുടെ ഈ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലായിരിക്കണം നമുക്ക് പ്രതിബദ്ധത ഉണ്ടാകേണ്ടതെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘ ചര്‍ച്ചയില്‍ ബ്ലിങ്കന്‍ പറഞ്ഞു. 

പൗരന്മാര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ബ്ലിങ്കന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റടുത്തതിനു ശേഷം ആദ്യമായാണ് ബ്ലിങ്കന്‍ ഇന്ത്യയിലെത്തുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. 

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം സുദൃഢമാക്കേണ്ടത് മേഖലയില്‍ സുസ്ഥിര സമാധാനത്തിനും വികസനത്തിനും അനിവാര്യമാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പോലെ ഊഷ്മളമായ ഉഭയകക്ഷി ബന്ധങ്ങള്‍ ലോകത്തില്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായും ബ്ലിങ്കന്‍ ചര്‍ച്ച നടത്തി. 

ENGLISH SUMMARY:Democratic val­ues ​​must be strength­ened: Blinken
You may also like this video