രമേശ് ബാബു

മാറ്റൊലി

July 30, 2021, 5:02 am

ജനാധിപത്യ വൈറസുകളും കോടതികളുടെ പ്രതിരോധവും

Janayugom Online

നാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ നയങ്ങളെ കോടതി അനുദിനമെന്നോണം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് രാജ്യത്ത് അടുത്തിടെ കണ്ടുകൊണ്ടിരിക്കുന്നത്. കോടതികൾ സ്ഥാനത്തും അസ്ഥാനത്തും ഇടപെടലുകള്‍ നടത്തുമ്പോള്‍ അതിനെ ജുഡീഷ്യല്‍ ആക്ടിവിസം എന്നാണ് പറയാറ്. എന്നാൽ ഭാരതത്തിന്റെ നിലവിലെ സാഹചര്യത്തിൽ ആ പദപ്രയോഗത്തിന് പ്രസക്തിയില്ല.

നിയമനിര്‍മ്മാണത്തിന് നിയുക്തരായ ജനപ്രതിനിധികള്‍ നിറഞ്ഞ സഭകള്‍ നിര്‍മ്മിക്കുന്ന ഓരോ നിയമത്തെയും കോടതികള്‍ എതിര്‍ക്കാന്‍ തുടങ്ങുമ്പോള്‍ കോടതികളാണോ ഭരണകൂടമാണോ വലുതെന്ന ചോദ്യമുയരുന്നു. ഒരു രാജ്യത്തിന്റെ നിയമം വ്യാഖ്യാനിക്കുന്നതിനും തര്‍ക്കങ്ങളിൽ‍ തീര്‍പ്പുകല്പിക്കുന്നതിനും കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനുമുള്ള സംവിധാനമാണ് നീതിന്യായ വ്യവസ്ഥ എന്ന ജുഡീഷ്യറി. ജുഡീഷ്യറി സാധാരണഗതിയില്‍ നിയമങ്ങള്‍‍ നിര്‍മ്മിക്കാറില്ല. എന്നാല്‍ ഭരണകൂടങ്ങള്‍ സ്വന്തം താല്പര്യത്തിനായി നിര്‍മ്മിത നിയമങ്ങളെ ദുരുപയോഗം ചെയ്യുകയോ പൗരന്മാരെ അന്യായമായി തടങ്കലില്‍ വയ്ക്കുകയോ, ശിക്ഷിക്കുകയോ ഒക്കെ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യറി മാത്രമാണ് അവസാനത്തെ ആശ്രയം. ഒരു രാജ്യത്തെ കോടതികള്‍ എത്രമാത്രം സ്വതന്ത്രമാണ് എന്ന് പരിഗണിച്ചാണ് ആ രാജ്യത്തിന്റെ നിലവാരം അളക്കപ്പെടുന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ വലിയൊരളവില്‍ ഭാഗ്യവതിയാണ്.

നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിക്കാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷം കടക്കുന്നു. ഈ കാലയളവില്‍ ഹൈക്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരെ മുന്നറിയിപ്പും താക്കീതുമായി എത്രയോ തവണയാണ് രംഗത്തുവന്നിരിക്കുന്നത്. പൊതുതാല്പര്യ ഹര്‍ജികള്‍ എന്നപോലെ കോടതികള്‍ സ്വന്തമായെടുത്ത കേസുകളും ഇതിന് കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ വെല്ലുവിളിച്ച് പക്ഷപാതപരമായ നിലപാടുകള്‍ ഭരണകൂടം കൈക്കൊള്ളുമ്പോഴാണ് മതേതര ജനാധിപത്യ സമ്പ്രദായത്തിന്റെ നിലനില്പിനായി കോടതികള്‍ക്ക് ഇടപെടേണ്ടിവരുന്നത്.

ലോകം മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഓരോ രാജ്യത്തെയും പൗരസമൂഹം വിറങ്ങലിച്ചുനില്ക്കുന്ന കാഴ്ചകളാണ് എങ്ങും. ഈ അവസ്ഥയെ അതിജീവിക്കാന്‍ ഭരണകൂടം ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാകൂ. ലോകത്തെ ഉത്തരവാദിത്വബോധമുള്ള ശക്തമായ ഭരണകൂടങ്ങള്‍ പലതും കോവിഡ് പ്രതിസന്ധിയെ ക്രിയാത്മകമായി നേരിടുകയും വരുതിയില്‍ വരുത്തുകയും ചെയ്തുകഴിഞ്ഞു. ഈ സമയം ഇന്ത്യയില്‍ നമ്മള്‍ പാട്ടകൊട്ടുകയും വിസ്ത പ്രോജക്ടിന് പണമിറക്കുകയും പ്രതിമകളും ആരാധനാലയങ്ങളും പണിയുകയുമായിരുന്നു. തെരുവില്‍ ജനം രോഗം മൂര്‍ച്ഛിച്ച് പ്രാണവായു കിട്ടാതെ, പ്രതിരോധ മരുന്നുകളോ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാതെയോ പിടഞ്ഞുമരിക്കുകയായിരുന്നു. മരിച്ചവരുടെ ജഡങ്ങളാകട്ടെ രാജ്യത്തെ പുണ്യനദികളില്‍ ചോദ്യചിഹ്നങ്ങള്‍പോലെ ഒഴുകി നടന്നു. അന്തര്‍ദേശീയതലത്തില്‍ ഇന്ത്യ എവിടെ നില്ക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ലോകമാധ്യമങ്ങള്‍ ഏറ്റെടുത്ത ആ കാഴ്ചകള്‍.

ഈയൊരു ഘട്ടത്തിലാണ് ആശുപത്രികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള പദ്ധിതയെന്താണ്? അങ്ങനെയൊരു പദ്ധതിയുണ്ടെങ്കില്‍ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ലാ എന്നും പരമോന്നത കോടതി ചോദിച്ചു. രാജ്യത്തെ ജനത കോവിഡ് പ്രതിരോധ മരുന്നില്ലാതെ വിഷമിക്കുമ്പോള്‍ വാക്സിന്‍ വിതരണത്തിലൂടെ പരിവേഷം സൃഷ്ടിക്കാൻ‍ ശ്രമിച്ച സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. വാക്സിന് രണ്ട് വില നിര്‍ണയിക്കേണ്ട സാഹചര്യം എന്തെന്നും വാക്സിന്‍ കിട്ടുന്നതില്‍ തുല്യത എങ്ങനെ ഉറപ്പാക്കുമെന്നും കേന്ദ്രത്തോട് ചോദിച്ച കോടതി, ഉല്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. രാ­ജ്യത്തെ കോവിഡ് മരണങ്ങളിലും നിര്‍ണായക നിര്‍ദ്ദേശങ്ങളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. രോഗം ഭേദമായാലും കോവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇനിമുതല്‍ കോവിഡ് മൂലമാണെന്ന് കണക്കാക്കണമെന്നും സഹായധനം നല്കണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ പരിരക്ഷയില്‍ കോടതികള്‍ ഭരണകൂടത്തേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നത് ആശാവഹവും പരിവര്‍ത്തനോൻമുഖവുമാണ്. വലിയ പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്കിയ കേരളത്തിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചത് ഈ ജാഗ്രതയുടെ തുടർച്ചയാണ്.

രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാനുള്ള തന്ത്രങ്ങള്‍ക്കെതിരെയും സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാര്‍ ശബ്ദം ഉയര്‍ത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനെയും അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉന്നയിക്കുന്ന പരാതികള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അനുമാനിക്കേണ്ടെന്നും കോടതി പറഞ്ഞു.

ബാങ്ക് വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ പലിശ ഒഴിവാക്കുന്നതില്‍ കോടതി ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ നല്കുന്നില്ലെന്നും അധിക സത്യവാങ്മൂലം നല്കണമെന്നും കോടതി ശാസനം നല്കിയിരിക്കുകയാണ്. അക്രമം നടത്തിയും ബൂത്തുപിടിച്ചും കള്ളവോട്ടിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന അനുശാസനവും സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഝാര്‍ഖണ്ഡിലെ ഒരു പോളിങ് ബൂത്തിന് പുറത്തുനടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കള്ളവോട്ടിലൂടെയും അട്ടിമറിയിലൂടെയും ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സുപ്രീം കോടതി ശാസന പുറപ്പെടുവിച്ചത്.

ഏറ്റവും ഒടുവില്‍, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമങ്ങള്‍ക്ക് പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹം നിശ്ചയിക്കുന്നതിന് ഒരു പരിധി കണക്കാക്കണമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ഭരണകൂടം അന്നത്തെ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായി ഉപയോഗിച്ച നിയമം രാജ്യം സ്വതന്ത്രമായിട്ട് ഏഴ് പതിറ്റാണ്ടു പിന്നിടുമ്പോഴും കാര്യമായ മാറ്റങ്ങളില്ലാതെ ഇന്ത്യന്‍ ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ എത്രയോ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്ന് തടങ്കലില്‍ ദുരിതം അനുഭവിക്കുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി ശബ്ദമുയര്‍ത്തിയത്. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിലും കോടതികളുടെ ഇടപെടലിന് രാജ്യം കാതോർക്കുകയാണ്. വിമര്‍ശനം നടത്തുന്നവര്‍ രാജ്യദ്രോഹികളാകുകയാണ്. അവര്‍ നിരന്തരം നിരീക്ഷിക്കപ്പെടുകയാണ്. അവരുടെ ഫോണുകളും ഇമെയിലുകളും ചോര്‍ത്തപ്പെടുകയാണ്. പ്രതിലോമതയും ഭയവും സമൂഹത്തില്‍ പടര്‍ത്തുകയാണ്. ഈ പ്രതിസന്ധികളെ നേരിടാനും മറികടക്കാനും പ്രതിരോധിക്കാനും ജനാധിപത്യത്തിന് കാവലാളാകാനും കോടതികള്‍ക്ക് എക്കാലവും കഴിയട്ടെ.

മാറ്റൊലി

“ഞാന്‍ നിരാശനാകുമ്പോള്‍ ചരിത്രത്തിലുടനീളം സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴി എല്ലായ്പ്പോഴും വിജയിച്ചിട്ടുണ്ടെന്ന് ഞാന്‍ ഓര്‍ക്കുന്നു. സ്വേച്ഛാധിപതികളും കൊലപാതകികളും വിജയിച്ചിട്ടുണ്ടെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഒരുകാലത്തേക്ക് അവര്‍ അജയ്യരാണെന്ന് തോന്നുമെങ്കിലും അവസാനം അവര്‍ എല്ലായ്പ്പോഴും വീഴുന്നു”.-മാഹാത്മാഗാന്ധി