Thursday
21 Feb 2019

നോട്ട് നിരോധനം: സഹകരണമേഖലയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടന്നു: മുഖ്യമന്ത്രി

By: Web Desk | Saturday 10 February 2018 5:21 PM IST

കണ്ണൂര്‍: നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണെന്നും അന്നും പിന്നീടും ഇപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒട്ടേറെ ദുരൂഹത നിറഞ്ഞ കാര്യങ്ങള്‍ സഹകരണ മേഖലക്ക് അനുഭവിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണത്തോടെ സഹകരണ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രകടമായ മാറ്റമാണ് വന്നത്.ഇതിനുശേഷം വന്ന സഹകരണ മേഖലയുമായി ബന്ധപ്പെട്ട കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളും സഹകരണ മേഖലക്ക് വലിയ ആഘാതമേല്‍പ്പിക്കുന്നവയാണ്. വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതില്‍ ഏറ്റവും വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഈ റിപ്പോര്‍ട്ട് സഹകരണ മേഖലയെ തകര്‍ക്കുമെന്ന നിലപാടാണ് കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കും സഹകാരികള്‍ക്കും ഉണ്ടായിരുന്നത്. സഹകരണ മേഖലയെ എങ്ങനെ കരുത്തുറ്റതാക്കാം എന്നും അതിന്റെ ഗുണം എങ്ങനെ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കാം എന്നതിന് മുന്‍തൂക്കം കൊടുത്താണ് സഹകാരികള്‍ ഇവിടെ നിലപാട് സ്വകീരിച്ചത്. ഈ നിലപാടാണ് കേരളത്തിലെ സര്‍ക്കാരുകളിലും പ്രതിഫലിച്ചത്.
ജനങ്ങളുടെ സ്വന്തമായ മേഖലയാണ് സഹകരണ രംഗം. ഇടപാടുകാരെ ചൂഷണം ചെയ്യുകയെന്ന സമീപനം സഹകരണ ബാങ്കുകള്‍ക്കില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാത്രം ഈടാക്കിയത് 1771 കോടി രൂപയാണ്. ഇത്തരത്തിലാണ് മാതൃകയാകേണ്ട ദേശസാല്‍കൃത ബാങ്കുകള്‍ പോലും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണണം.
കേരളത്തിലെ സഹകരണ രംഗത്ത് ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത് വായ്പാ സംഘങ്ങളാണ്. സംസ്ഥാന സഹകരണ ബാങ്കിനെ ഒരു പരിവര്‍ത്തനത്തിലൂടെ കേരള കോ ഓപ്പറേറ്റീവ് ബാങ്ക് എന്ന നിലയില്‍ കൂടുതല്‍ കരുത്തുള്ള ഒരു സ്ഥാപനമായി മാറ്റുന്നതിനാണ് ഇപ്പോള്‍ നാം ലക്ഷ്യമിടുന്നത്. നിലവിലുള്ള ത്രിതല സംവിധാനത്തിന് പകരം ദ്വിതല സംവിധാനത്തിലേക്ക് മാറും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്.
സമസ്ത മേഖലയിലും കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്തൃ രംഗത്ത് പൊതുവില്‍ മികച്ച പ്രവര്‍ത്തനമാണെങ്കിലും താഴെ തട്ടില്‍ കൂറേക്കൂടി ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ജനങ്ങള്‍ക്ക് നേരിട്ട് സഹായം നല്‍കാന്‍ കഴിയുന്ന മേഖലയെന്ന് കണ്ട് കൂടുതല്‍ ശ്രദ്ധ ഈ രംഗത്ത് സഹകാരികള്‍ നല്‍കണം. മാര്‍ക്കറ്റിങ്ങ് സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വലിയ ബാധ്യത വന്നതാണ് അലട്ടുന്ന പ്രശ്‌നമായിട്ടുള്ളത്. സാമ്പത്തിക സഹായം ലഭിച്ചാലേ ഇതിന് പരിപാരിഹാരം ഉണ്ടാക്കാനാകൂ. ഇക്കാര്യത്തില്‍ കേന്ദ്രസഹായം ലഭിക്കാന്‍ കൂടുതല്‍ ശക്തമായി ഒന്നിച്ച് നിന്ന് ആവശ്യപ്പെടുകയാണ് മാര്‍ഗം. കൈത്തറി സംഘങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന് പരിഹാരം ഉണ്ടാക്കാനാണ് യുപി സ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂനിഫോം നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലാളികെള ആകര്‍ഷിക്കാനും ഉള്ള തൊഴിലാളകിള്‍ക്ക് മെച്ചപ്പെട്ട് തൊഴില്‍ ലഭിക്കാനും സാഹചര്യമുണ്ടാക്കും. എന്നാല്‍ ആവശ്യത്തിന് ഉല്‍പ്പാദനം നടത്താന്‍ സംഘങ്ങള്‍ക്ക് കഴിയുന്നില്ലെന്നതാണ് സ്ഥിതി. എന്നാല്‍ വേറെ ഏതെങ്കിലും തുണി കൊണ്ടുവന്ന് സഹായിച്ചുകളയാം എന്ന് ആരും കരുതരുത്. അങ്ങനെ ചില നീക്കങ്ങള്‍ക്ക് ശ്രമം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസ രംഗങ്ങളിലും സഹകരണ സംഘങ്ങള്‍ക്ക് നല്ല സാധ്യതയുണ്ട്. ശേഷിക്കനുസരിച്ചുള്ള ഇടപെടല്‍ ഈ രംഗങ്ങളില്‍ സഹകരണ സംഘങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.