അസാധു നോട്ടുകള്‍ വ്യാപകം; നിസംഗതയോടെ കേന്ദ്രം

Web Desk
Posted on June 05, 2018, 10:59 pm

ബേബി ആലുവ

കൊച്ചി: കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനെയും വെല്ലുവിളിച്ച് അസാധു നോട്ടുകളുടെ ഒഴുക്ക് തുടരുന്നു. ഒന്നര വര്‍ഷം മുമ്പ് നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരവുമായി ഇപ്പോഴും നോട്ടുകടത്തല്‍ സംഘങ്ങള്‍ പിടിയിലാകുമ്പോഴും ഇതിനു പിന്നിലെ പൊരുളന്വേഷിക്കാതെ നിസ്സംഗത പാലിക്കുകയാണ് അധികൃതര്‍.
ഏറ്റവും ഒടുവിലായി അടുത്തിടെയാണ് ഒന്നരക്കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചംഗ സംഘം തൃശൂര്‍ ജില്ലയിലെ ചാവക്കാട് പൊലീസിന്റെ പിടിയിലായത്.കോയമ്പത്തൂരില്‍ നിന്ന് നോട്ടുകളുമായി സംഘം എറണാകുളത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സംഘം പൊലീസ് ഒരുക്കിയ വലയില്‍പ്പെട്ടത്. നോട്ടു കൈമാറല്‍ സംഘത്തിന് ചാവക്കാടും ബന്ധങ്ങളുണ്ടെന്ന സംശയത്തിലാണ് പൊലീസ്.അഞ്ചംഗ സംഘത്തിലെ മൂന്നു പേര്‍ കോയമ്പത്തൂര്‍ സ്വദേശികളും രണ്ടു പേര്‍ പാലക്കാടുകാരുമാണ്.
ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 100 കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചതായിരുന്നു, 2016 നവം. എട്ടിന് രാജ്യത്ത് നോട്ട് നിരോധനം പ്രാബല്യത്തില്‍വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വേട്ട. ടെക്സ്റ്റയില്‍, റിയല്‍ എസ്റ്റേറ്റ്, മണി എക്‌സ്‌ചേഞ്ച് രംഗങ്ങളിലെ വന്‍കിടക്കാരായ രാജ് രത്തന്‍ ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ആനന്ദ് ഖത്രിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന വീട്ടില്‍ നിന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പണം പിടിച്ചത്.റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിയോഗിയുടെ ഒറ്റായിരുന്നു റെയ്ഡിന് ആധാരം. ഈ പണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ബാങ്കുകളില്‍ നിന്ന് പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കാന്‍ സൂക്ഷിച്ചതാണെന്നായിരുന്നു എന്‍ഐഎ‑യുടെ നിഗമനം.എന്നാല്‍ അത്തരം അനധികൃത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതിയും കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും അവ കൈവശം സൂക്ഷിക്കുന്നതിലെ ദുരൂഹതയിലേക്കൊന്നും റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ കടന്നില്ല. രണ്ടു ലക്ഷത്തിലേറെ രൂപയുടെ അസാധു നോട്ടുകളുമായി ജനുവരിയില്‍ത്തന്നെ കര്‍ണ്ണാടക സ്വദേശികളായ രണ്ടു പേര്‍ കാസര്‍കോട്ടെ ബദിയടുക്കയില്‍ പൊലീസ് പിടിയിലാവുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എട്ടു കോടി രൂപയുടെ അസാധു നോട്ടുകളുമായി കായംകുളത്ത് അഞ്ചു പേര്‍ പിടിയിലായതാണ് കേരളത്തില്‍ നടന്ന ഏറ്റവും വലിയ വേട്ട. ഈ സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍, നോട്ട് കൈമാറ്റ സംഘങ്ങള്‍ കോയമ്പത്തൂരില്‍ സജീവമാണെന്നും എട്ടു കോടിയില്‍ അഞ്ചുകോടി 55 ലക്ഷത്തിന്റെ പുതിയ നോട്ടു കൊടുത്ത് കോയമ്പത്തൂരില്‍ നിന്ന് മാറ്റി വാങ്ങിയതാണെന്നും പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുപോലും റിസര്‍വ് ബാങ്കിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ ഇടപെടല്‍ ഈ കാര്യത്തിലുണ്ടായില്ല. കായംകുളം സംഭവത്തിനു തൊട്ടുപിന്നാലെ ഒരഭിഭാഷകനടങ്ങുന്ന സംഘം 2.46 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലാവുകയുണ്ടായി.
റദ്ദാക്കലിനു ശേഷം നിയമപ്രകാരം മാറ്റിയെടുക്കേണ്ട കാലാവധിക്കുള്ളില്‍ അതിനു കഴിയാതെ പോയതും അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ചതുമായ പണമാണ് കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിടിയിലാകുന്നതെന്നായിരുന്നു, ഇതിനെ ലഘൂകരിക്കത്തക്ക വിധത്തിലുള്ള പ്രഥമ ഔദ്യോഗിക വിലയിരുത്തല്‍.എങ്കില്‍പ്പോലും ഇവ എവിടെ നിന്നു വരുന്നു, എങ്ങോട്ട് പോകുന്നു ‚എന്തു ചെയ്യുന്നു തുടങ്ങിയ മര്‍മ്മപ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള തല പുകച്ചിലൊന്നും ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടായില്ല. അസാധു നോട്ടുകള്‍ മൂല്യമുള്ള നോട്ടുകളായി മാറ്റിയെടുക്കാനുള്ള സൗകര്യമൊന്നും നിലവില്‍ ഇല്ലെന്നിരിക്കെ ഇവയുടെ വിനിമയത്തിനു പിന്നിലെ ദുരൂഹത അതുപോലെ തുടരുകയാണ്.
അന്തര്‍ സംസ്ഥാന, അന്തര്‍ദ്ദേശീയ ബന്ധങ്ങളുള്ള വ്യാജ നോട്ട് നിര്‍മ്മാണ സംഘങ്ങളുടെയും ദേശവിരുദ്ധ ശക്തികളുടെയും സാന്നിദ്ധ്യം അസാധു നോട്ട് കൈമാറ്റത്തിനു പിന്നിലുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നിരോധിത നോട്ടുകളുടെ സെക്യൂരിറ്റി ത്രെഡ് എടുത്ത് കള്ളനോട്ട് നിര്‍മ്മിക്കുകയാവാം ഉദ്ദേശ്യമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.നിലവിലുള്ള നിയമപ്രകാരം റദ്ദാക്കിയ നോട്ട് കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും പിടിയിലായാല്‍ ജയില്‍ ശിക്ഷയില്ല, പിഴ ശിക്ഷയേയുള്ളു. ഇതും നോട്ട് കൈമാറ്റ സംഘങ്ങള്‍ക്ക് തുണയാകുന്നു.
കള്ളപ്പണം പിടിക്കാനാണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അതല്ല, ഡിജിറ്റല്‍ പണമിടപാടിലേക്കു മാറാനാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച നടപടിക്കു ശേഷം, റദ്ദാക്കിയ കറന്‍സിയില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് 2017 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ആര്‍ബിഐ — യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.15.44 ലക്ഷം കോടിയുടെ കറന്‍സി റദ്ദാക്കിയപ്പോള്‍ 15.28 ലക്ഷം കോടി തിരിച്ചെത്തി.1600 കോടി രൂപയ്ക്കുള്ള കറന്‍സി തിരിച്ചെത്തണം. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു റിപ്പോര്‍ട്ട്.ആ വര്‍ഷം ജുലൈ 31 വരെ വിദേശ ഇന്ത്യക്കാര്‍ക്ക് പഴയ നോട്ട് മാറ്റിയെടുക്കാനുള്ള അവസരം നല്‍കിയിരുന്നു.നേപ്പാളുമായുള്ള പ്രത്യേക കരാര്‍ പ്രകാരം അവിടെ ഇന്ത്യന്‍ കറന്‍സി ഉപയോഗത്തിലുണ്ട്. റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ പ്രസിദ്ധികരിക്കുമ്പോഴും നേപ്പാളിലുള്ള നൂറുകണക്കിനു കോടി രൂപ തിരിച്ചെത്തിക്കാനുള്ള ക്രമീകരണം പൂര്‍ത്തിയായിരുന്നില്ല. വിദേശ ഇന്ത്യക്കാരുടെ കൈവശമുണ്ടായിരുന്നതും നേപ്പാളില്‍ ഉപയോഗത്തിലുണ്ടായിരുന്നതുമായ പണം ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴും നിരോധിത നോട്ടുകള്‍ പുറത്തുണ്ടെന്ന് ഇടയ്ക്കിടെ നടക്കുന്ന പിടിത്തം തെളിയിക്കുന്നു. പിടിയിലാകാതെ പോകുന്നവയുമുണ്ടാകാം. എന്നിട്ടും, ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ക്ക് മുതിരാത്തത് സംശയകരമാണ്.