Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
ഡി രാജ

April 22, 2020, 5:15 am

ദരിദ്രജനങ്ങളോട് പ്രതിബദ്ധതയും ദൃഢനിശ്ചയവും പ്രകടിപ്പിക്കണം

Janayugom Online

ലെനിൻ എന്ന പേരിൽ ചരിത്രത്തിൽ അടയാളപ്പെട്ട വ്ളാഡിമിർ ഇലിച് ലെനിന്റെ 150-ാം ജന്മവാർഷികമാണിന്ന്. കാൾ മാർക്സിനുശേഷം ലോകം ദർശിച്ച ഒരു മികച്ച സൈദ്ധാന്തികനും പ്രത്യയശാസ്ത്ര വിശാരദനുമായിരുന്നു അദ്ദേഹം. 1917 ലെ റഷ്യൻ സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നൽകിയ ലെനിൻ മികച്ച തന്ത്രജ്ഞനുമായിരുന്നു. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവമായി ആഘോഷിക്കപ്പെടുന്ന റഷ്യൻ വിപ്ലവത്തിലൂടെയാണ് ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ രാഷ്ട്രമായ യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (യുഎസ്എസ്ആർ) സ്ഥാപി­തമായത്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പതനവും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും ഉണ്ടായെങ്കിലും മഹാനായ ലെനിന്റെ പൈതൃകം റഷ്യയിലെ ജനങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങൾക്കും പ്രേരണാശക്തിയായി തുടരുന്നു.

കാൾ മാർക്സിന് ശേഷം ലെനിനാണ് മാർക്സിയൻ സിദ്ധാന്തം തത്ത്വചിന്ത (വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം), രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ, ശാസ്ത്രീയ സോഷ്യലിസം എന്നിവ വികസിപ്പിച്ചത്. മുതലാളിത്ത വികസനത്തെ അതിന്റെ പുതിയ ഘട്ടത്തിൽ ലെനിൻ വിശകലനം ചെയ്തു. “മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായ സാമ്രാജ്യത്വം” എന്ന ലെനിന്റെ കൃതി മുതലാളിത്തത്തിന്റെ സ്വഭാവ വിശേഷങ്ങളായ ചൂഷണത്തെയും ആസന്ന മരണാവസ്ഥയെയും തുറന്നുകാട്ടുകയും മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുകയും ചെയ്തു. മഹാമാന്ദ്യത്തിന്റെ തുടക്കത്തിലും കാലഘട്ടത്തിലും ലെനിന്റെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള വിശകലനം ഒരു ബദൽ തൊഴിലാളിവർഗ രാഷ്ട്രം സ്ഥാപിക്കുന്നതിലേയ്ക്കും എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും മുക്തമായ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിലേയ്ക്കുമുള്ള വഴികൾ കാണിച്ചുതന്നു.

പുതിയ തരത്തിലുള്ള ഒരു തൊഴിലാളിവർഗ പാർട്ടിയുടെ സ്ഥാപകൻ കൂടിയായിരുന്നു ലെനിൻ. ബോൾഷെവിക് പാർട്ടിയായിരുന്നു അത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ (സിപിഎസ്‌യു) ആയി മാറി. ‘എന്തുചെയ്യണം’ എന്ന ലെനിന്റെ പുസ്തകം അത്തരമൊരു പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വഴികാട്ടിയായിരുന്നു. സാർവ്വദേശീയ ഐക്യദാർഢ്യം കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിർണ്ണായക പങ്ക് വഹിച്ച ഉജ്ജ്വലനും മഹാനുമായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ലെനിൻ. മൂന്നാം ഇന്റർ നാഷണൽ സ്ഥാപിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്ക് വഹിച്ചു. കോവിഡ് 19 പകർച്ചവ്യാധി ഇന്ത്യ ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളെയും അടച്ചുപൂട്ടുന്നതിന് കാരണമായിരിക്കുകയാണ്. അതുകൊണ്ട് വലിയതോതിലുള്ള ജന്മദിനാഘോഷപരിപാടികൾ നിയന്ത്രിച്ചിരിക്കുകയാണ്. എങ്കിലും ഇപ്പോഴത്തെ ദുഷ്കര സാഹചര്യത്തിലും നമുക്കിടയിലെ ദരിദ്രരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള പ്രതിബദ്ധതയും ദൃഢനിശ്ചയവും കമ്മ്യൂണിസ്റ്റുകാരായ നമുക്ക് പ്രകടിപ്പിക്കാൻ സാധിക്കണം.

നമ്മുടെ രാജ്യത്തിന്റെ പ്രാദേശികവും സമഗ്രവുമായ അവസ്ഥകളെക്കുറിച്ച് പഠിച്ച് അവയെകൂടി ഉൾച്ചേർത്തുകൊണ്ട് സോഷ്യലിസത്തിന്റെ ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുമെന്ന പ്രതിജ്ഞയും പ്രവർത്തനങ്ങളുമാണ് തൊഴിലാളിവർഗത്തിന്റെ മഹാനായ പുത്രന് നൽകുവാനുള്ള ആദരവ്. ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനും അവരുടെ ഉന്നമനത്തിനായി ഉചിതമായി പ്രവർത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കുന്നതിനും ലോക്ഡൗൺ ഒരു തടസ്സമാകരുത്. സങ്കൽപ്പിക്കാനാവാത്തതും പ്രയാസകരവുമായ സാഹചര്യമാണെങ്കിലും മാന്യമായ ജീവിതം നയിക്കുന്നതിനുള്ള അവകാശങ്ങൾ ജനങ്ങൾക്ക് ലഭിച്ചിരിക്കണം. പാവപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന പ്രതിജ്ഞ പുതുക്കുകയും മഹാനായ ലെനിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ENGLISH SUMMARY: Demon­strate com­mit­ment and deter­mi­na­tion to the poor