Web Desk

April 04, 2020, 3:00 am

ജനങ്ങളെ കുരങ്ങു കളിപ്പിക്കുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണം

Janayugom Online

‘ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ഒമ്പതു മിനിട്ടുനേരം വീടുകളിലെ ലൈറ്റുകള്‍ അണച്ച് വിളക്കുകളോ മെഴുകുതിരികള്‍ കൊളുത്തിയോ മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ലൈറ്റുകള്‍ തെളിയിച്ചോ കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ കൂട്ടായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കണം.’ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ രാജ്യത്തിനു നല്കിയ വീഡിയോ സന്ദേശമാണ് ഇത്. മാര്‍ച്ച് 22 നും സമാനമായ രീതിയില്‍ താന്‍ ആഹ്വാനം ചെയ്ത ‘ജനതാ കര്‍ഫ്യു’ ദിനത്തില്‍ വൈകുന്നേരം അഞ്ചു മണിക്ക് കൈകൊട്ടിയും കിണ്ണം മുട്ടിയും മണിയടിച്ചും കൊറോണ വൈറസിനെതിരായ പട നയിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കണമെന്ന് മോഡി ആവശ്യപ്പെട്ടിരുന്നു. കൊറോണ വ്യാപനത്തിനെതിരെ ഭരണകൂട ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിക്കുന്നതില്‍ പരാജയമടഞ്ഞ മോഡിയും സംഘവും പ്രകടനാത്മകമായ ചില ചെപ്പടിവിദ്യകളിലൂടെ ജനങ്ങളെ ആവര്‍ത്തിച്ച് കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അന്ധവിശ്വാസങ്ങളില്‍ രൂഢമൂലമായ ചില അനാചാരങ്ങളെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിവിദഗ്ധമായി പ്രയോഗിച്ച് കയ്യടി നേടാനും തന്റെ ജനപ്രീതി നിലനിര്‍ത്താനും നടത്തുന്ന തന്ത്രങ്ങള്‍ക്ക് അപ്പുറം ഇത്തരം പ്രകടനങ്ങള്‍ നിരര്‍ഥകങ്ങളാണ്. ജനത കര്‍ഫ്യു ‘പാക്കേജി‘ല്‍ ഉള്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അഭിവാദ്യവും കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളുടെയും താരതമ്യം ആ അര്‍ഥശൂന്യത വെളിവാക്കും. കൈകൊട്ടിയും കിണ്ണം മുട്ടിയും മണിയടിച്ചും നടന്ന അഭിവാദ്യച്ചടങ്ങ് സാമൂഹിക അകലം പാലിക്കുക എന്ന പ്രഖ്യാപിത പ്രതിരോധത്തിന്റെ നഗ്നമായ ലംഘനമായിരുന്നു. രാജ്യത്ത് മിക്കയിടങ്ങളിലും അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു സാമൂഹിക ആഘോഷമായി മാറി. മോഡി സര്‍ക്കാര്‍ ല­ക്ഷ്യം വച്ച രാഷ്ട്രീയ മുതലെടുപ്പ് വിജയിച്ചെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കാളരാത്രികള്‍ അവിടെ ആരംഭിക്കുകയായിരുന്നു.

കൊറോണ ബാധിതരെ ചികിത്സിക്കുന്ന ഡോ­­ക്ടര്‍മാര്‍ക്കും നഴ്സുമാ­ര്‍ക്കും പ്രതിരോധ പ്രവ­ര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാരാമെഡിക്കുകള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അനിവാര്യമായും നല്‍കേണ്ട സുരക്ഷാ കവചങ്ങള്‍ നല്‍കുന്നതിനുപോലും കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ വാക്സിന്റെയും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ചികിത്സാരീതിയുടെയും മരുന്നുകളുടെയും അഭാവത്തില്‍ രോഗം കണ്ടെത്തുക, രോഗിയെ സംരക്ഷിത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സിക്കുക, രോഗബാധ സംശയിക്കുന്നവരെ സമൂഹത്തില്‍ നിന്നു വേര്‍പെടുത്തി നിരീക്ഷിക്കുക, ആവശ്യമായ മുന്‍കരുതല്‍ വഴി രോഗവ്യാപനത്തിന്റെ കണ്ണികള്‍ പൊട്ടിക്കുക എന്നിവയാണ് കരണീയ മാര്‍ഗം. രോഗം ചൈനയില്‍ പൊട്ടിപുറപ്പെടുകയും ലോക ആരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ട് മൂന്നുമാസം പിന്നിടുമ്പോഴും കാര്യക്ഷമമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുന്നതില്‍ രാജ്യം എത്രയോ പിന്നിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

യുപിയും ബിഹാറും അടക്കം ഉത്തരേന്ത്യയിലെ രോഗനിര്‍ണയ തോത് അത്യന്തം നിരാശാജനകമാണ്. ഏപ്രില്‍ രണ്ട് വരെ രാജ്യത്താകെ 55,851 രോഗനിര്‍ണയ പരിശോധനകളാണ് നടന്നിട്ടുള്ളത്. കോവിഡ് വ്യാപനം ഫലപ്രഥമായി തടയാന്‍ കഴിഞ്ഞ് ലോക മാതൃകയായി മാറിയ ദക്ഷിണ കൊറിയയുടെ വിജയത്തിന് ആധാരം വ്യാപകമായ രോഗനിര്‍ണയ പരിശോധനയാണ്. അഞ്ചരക്കോടിയില്‍ താഴെമാത്രം ജനസംഖ്യയുള്ള ആ രാജ്യം ഏതാണ്ട് അ‍ഞ്ചു ലക്ഷത്തില്‍പരം രോഗനിര്‍ണയ പരിശോധന നടത്തുകയുണ്ടായി. ഇന്ത്യയില്‍ പത്തു ലക്ഷം പേരില്‍ കേവലം 41 പേര്‍മാത്രമെ ഇതുവരെ പരിശോധനാ വിധേയമായിട്ടുള്ളു.

രോഗനിര്‍ണയ പരിശോധന എന്ന ഏറ്റവും പ്രാഥമിക തലത്തില്‍പോലും തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കാതെ കേവലം അടച്ചുപൂട്ടല്‍ കൊണ്ടും കിണ്ണം മുട്ടിയും വിളക്കു കൊളുത്തിയും ഗോമൂത്രചികിത്സ കൊണ്ടും കൊറോണയെ തടയാമെന്ന ചിന്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്ന് ഡിജിറ്റല്‍ ദന്തഗോപുരങ്ങളില്‍ യോഗാക്രമങ്ങളുമായി കഴിഞ്ഞുകൂടുന്ന സ്വേച്ഛാധിപധികള്‍ക്ക് മാത്രമേ ഉണ്ടാകു. തങ്ങളുടെ സമഗ്രാധിപത്യ ഭാവനയ്ക്ക് അനുസൃതമായി ജനങ്ങളെ കുരങ്ങുകളിപ്പിക്കുക എന്നത് എല്ലാ സ്വേച്ഛാധിപത്യ പ്രവണതകളുടെയും സ്വഭാവ സവിശേഷതയാണ്. അത്തരക്കാര്‍ ശാസ്ത്ര സത്യങ്ങളും യുക്തിഭദ്രമായ ഉപദേശങ്ങളും ഒരിക്കലും അംഗീകരിക്കില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആ സ്വഭാവവിശേഷമാണ് അമേരിക്കന്‍ ജനതയെ കോവിഡ് ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനെ പറ്റിയുള്ള‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ രാജ്യത്തെ എണ്ണൂറില്‍പരം പ്രമുഖ ശാസ്ത്രജ്ഞരും, സാങ്കേതിക, സാമ്പത്തിക വിദഗ്ധരും നല്കിയിരിക്കുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂട. പ്രതീകാത്മകവും പ്രകടനപരവുമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് അപ്പുറം ഒരു ജനതയുടെ ജീവനായിരിക്കണം രാഷ്ട്രം നല്കേണ്ട ഏറ്റവും മുന്തിയ പരിഗണന.