Friday
20 Sep 2019

ഡെമു സര്‍വീസ് ചൊവ്വാഴ്ച സര്‍വീസ് ആരംഭിച്ചേക്കും. പരീക്ഷണ ഓട്ടം നാളെ

By: Web Desk | Sunday 23 September 2018 9:46 PM IST


Demu

കൊച്ചി: കൊച്ചിന്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നുള്ള ഡെമുസര്‍വീസ് ചൊവ്വാഴ്ച ഓടിത്തുടങ്ങിയേക്കും. കഴിഞ്ഞ പതിനാലു വര്‍ഷമായി റെയില്‍വേ പാലത്തില്‍ ബാര്‍ജ് ഇടിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് സൗത്തില്‍ അവസാനിക്കുന്ന വിധത്തിലാവും ഡെമുസര്‍വീസ്.

മൂന്നുകോച്ചുകളുള്ള ട്രെയിനില്‍ 300 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവും. മട്ടാഞ്ചേരി ഹാള്‍ട്ടിന് പുറമേ നേവല്‍ ബേസിന് മുന്നിലും പെരുമാനൂരിലും സ്റ്റോപ്പ് പരിഗണനയിലുണ്ട്. സ്റ്റോപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരിയില്‍ പ്ലാറ്റ് ഫോമിന് ഉയരം കൂട്ടാനുള്ള നടപടി സ്വീകരിക്കും. രാവിലെയും വൈകിട്ടും രണ്ട് വീതം ഡെമുസര്‍വീസ് നടത്താനാണ് തീരുമാനം.

സര്‍വീസാരംഭിക്കുന്നതിന് മുന്നോടിയായി നാളെ പരീക്ഷണ ഓട്ടം നടത്താനാണ് റെയില്‍വേയുടെ നീക്കം. ഇത് വിജയിച്ചാല്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ഡെമുവിനൊപ്പം ഷൊര്‍ണൂര്‍എറണാകുളം പാസഞ്ചറും കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് നീട്ടണമെന്നും ഡെമുവിന്റെ ഒരു ട്രിപ്പ് അങ്കമാലിയിലേക്ക് നീട്ടണമെന്നുമുള്ള ആവശ്യങ്ങള്‍ യാത്രക്കാര്‍ക്കിടയില്‍ ശക്തമാണ്. രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.