കൊറോണ ബാധയെത്തുടര്‍ന്നുള്ള അതിജാഗ്രതയ്ക്കിടെ വടക്കന്‍ കേരളത്തില്‍ ഡെങ്കിപ്പനിയും കുരങ്ങുപനിയും മഞ്ഞപ്പിത്തവും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി ബാധയുള്ളത്. വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് കുരങ്ങുപനി ഭീഷണി. കുരങ്ങുപനി ബാധിച്ച് ഇതുവരെ നാലുപേരാണ് വയനാട്ടില്‍ മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കും കുരങ്ങുപനിബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇരിട്ടി, ശ്രീകണ്ഠപുരം, ചെറുപുഴ ഭാഗങ്ങളിലെ മലയോരമേഖകളിലാണ് ഡെങ്കിബാധയുള്ളത്. വയനാട്ടിലെ തിരുനെല്ലിയിലും സമീപ മേഖലകളിലുമാണ് കുരങ്ങുപനി പടര്‍ന്നിരിക്കുന്നത്.
ഇതോടൊപ്പം വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്ത ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളിലെല്ലാം കൊറോണ ജാഗ്രതയുള്ളതിനാല്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ ആളുകള്‍ ഭയപ്പെടുന്ന സ്ഥിതിയാണ്. ഇത് മൂലം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മതിയായ ചികിത്സ തേടാനും ആളുകള്‍ മടിക്കുന്നുണ്ട്. മാനന്തവാടി താലൂക്ക് ആശുപത്രി കോറോണ സ്‌പെഷ്യല്‍ ആശുപത്രിയാക്കിയതിനാല്‍ ആദിവാസി മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ ബുദ്ധിമുട്ടുള്ളതായി പരാതിയുണ്ട്.
കുരങ്ങുപനി ബാധയുള്ള തിരുനെല്ലി മേഖലകളില്‍ ആദിവാസികളും മറ്റ് പ്രദേശവാസികളും കാട്ടിനുള്ളില്‍ കയറുകയും വിറക് അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്നതും കര്‍ശനമായി തടഞ്ഞിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് വനത്തിലൂടെയും എസ്റ്റേറ്റുകളിലൂടെയും ഇപ്പോഴും ആളുകള്‍ കേരളത്തിലേക്ക് വരുന്നതായി അതിര്‍ത്തി മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും റവന്യു-തദ്ദേശവകുപ്പ് അധികൃതരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
എങ്കിലും അതിര്‍ത്തി മേഖലയിലെ സ്വകാര്യ എസ്റ്റേറ്റുകളിലൂടെയാണ് ഇപ്പോള്‍ ആളുകള്‍ അനധികൃതമായി സഞ്ചരിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചി, വാഴ മുതലായവ കൃഷി ചെയ്യുന്നതിന് നൂറുകണക്കിനാളുകളാണ് പോയിട്ടുള്ളത്. കേരളത്തില്‍ നിന്നെത്തി കൃഷി ചെയ്യുന്നവരെ തിരികെ പോകാന്‍ പ്രദേശവാസികള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് കര്‍ണാടത്തില്‍ കൃഷി ആവശ്യത്തിനായി പോയിരിക്കുന്ന മലയാളികള്‍ പരാതിപ്പെടുന്നുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.