16 April 2024, Tuesday

പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി വ്യാപകം: ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2021 9:27 am

ഇന്ത്യയില്‍ കോവിഡ് മഹാമാരിക്കിടെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഉന്നതതലയോഗം സംഘടിപ്പിച്ചത്. മറ്റു രോഗങ്ങളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സെറോടൈപ്പ് 2  ഡെങ്കി കേസുകള്‍ 11 സംസ്ഥാനങ്ങളില്‍ വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.

ഇത്തരം കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യാനും ഹെല്‍പ്പ്‌ലൈനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ടെസ്റ്റിംഗ് കിറ്റുകള്‍, ലാര്‍വിസൈഡുകള്‍, മരുന്നുകള്‍ എന്നിവയുടെ മതിയായ സംഭരണം എന്നിവ ഉറപ്പുവരുത്തണം. പനി- സമ്പര്‍ക്കം കണ്ടെത്തല്‍, വെക്റ്റര്‍ കണ്‍ട്രോള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിക്കണം. കൂടാതെ രക്തത്തിന്റെയും രക്ത ഘടകങ്ങളുടെയും, പ്രത്യേകിച്ച് പ്ലേറ്റ്‌ലെറ്റുകളുടെയും മതിയായ സംഭരണത്തിനായി രക്ത ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, ഹെല്‍പ്പ് ലൈനുകള്‍, വെക്റ്റര്‍ നിയന്ത്രണ രീതികള്‍, വീടുകളില്‍ ഉറവിടം കുറയ്ക്കല്‍, ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ഐഇസി(ഇന്‍ഫര്‍മേഷന്‍, എഡ്യുക്കേഷന്‍, കമ്മ്യൂണിക്കേഷന്‍) എന്നീ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോള്‍ , ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ (ആരോഗ്യം), പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ (ആരോഗ്യം), മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Dengue out­break in 11 states: High lev­el meet­ing convened

You  may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.