ആശുപത്രി നിഷേധിച്ചു; യുവതി പ്രസവിച്ചത് ഓടയില്‍

Web Desk
Posted on December 16, 2017, 6:57 pm

കൊരാപുത് (ഒഡിഷ): ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ആദിവാസി യുവതി ഓടയില്‍ പ്രസവിച്ചു. മെഡിക്കല്‍ രേഖകളില്ലെന്ന കാരണം പറഞ്ഞാണ് സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജ് അധികൃതര്‍ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചത്.
ദൈന മുദുലി (30)യാണ് ആശുപത്രി അധികൃതരുടെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. അമ്മയെയും കുട്ടിയെയും പിന്നീട് അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദൈനയുടെ ഭര്‍ത്താവ് രഘു മുദുലിയ്ക്ക് പനിയായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തെ കാണാന്‍ വ്യാഴാച എത്തിയതായിരുന്നു ദൈനയും സഹോദരിയും ഇവരുടെ അമ്മയും. വെള്ളിയാഴ്ച രാവിലെ പ്രസവവേദനയുണ്ടായതിനെത്തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ചെന്നുവെങ്കിലും അനുവദിച്ചില്ല.

ആശുപത്രിയില്‍ പ്രവേശനമനുവദിച്ചില്ലെന്ന യുവതിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ റാത്തിന്റെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Pho­to Cour­tesy: ANI