Web Desk

എര്‍ണാകുളം

July 30, 2021, 4:59 pm

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ച്കൊന്നു ; സുഹൃത്ത് ജീവനൊടുക്കി

Janayugom Online

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിനു സമീപം വിദ്യാര്‍ത്ഥിനികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ നാറാത്ത് പാര്‍വനം വീട്ടില്‍ മാനസ(24) ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി പാലയാട് രാഹുല്‍ നിവാസില്‍ രഘുത്തമന്റെ മകന്‍ രാഖില്‍ (32) ആണ് മാനസയെ കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് നിറയൊഴിച്ച് ജീവനൊടുക്കിയത്. മാനസയെ മുമ്പും രാഖില്‍ പ്രണയാഭ്യര്‍ത്ഥനയുമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ഇത് രൂക്ഷമായപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ കണ്ണൂര്‍ ഡി എസ് പിക്ക് പരാതി നല്‍കുകയും, പൊലീസ് രാഖിലിനെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

ദന്തല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന മാനസ സുഹൃത്ത്ക്കളുമൊത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇത് അറിയാവുന്ന പ്രതി കഴിഞ്ഞ ഒരു മാസമായി കോളജിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ മുറിയില്‍ പ്ലൈവുഡ് തൊഴിലാളി എന്ന വ്യാജേന താമസിച്ചുവരികയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്താണ് ഇയാള്‍ ഇവിടെ മുറിയെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം.ഇന്നലെ ഉച്ചയോടെ സുഹൃത്തുമൊത്ത് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രാഖില്‍ ഇവരുടെ അടുത്തേയ്ക്ക് കയറിചെല്ലുകയായിരുന്നു. ഇയാളെ കണ്ടതും എന്തിനാണ് നീ ഇവിടേയ്ക്ക് വന്നതെന്ന് മാനസ ചോദിച്ചെങ്കിലും രാഖില്‍ തൊട്ടടുത്ത മുറിയിലേയ്ക്ക് മാനസയെ ബലമായി കൊണ്ടുപോയി അവിടെ വച്ച് നിറയൊഴിക്കുകയായിരുന്നു. യുവതി നിലത്തുവീണയുടനെ രാഖിലും സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുകാരികളുടെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികളാണ് മുറിയുടെ വാതില്‍ തകര്‍ത്ത് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Eng­lish sum­ma­ry; Den­tal stu­dent shot dead in Kothamangalam

You may also like this video;