28 March 2024, Thursday

നീര ഉല്പാദനം വര്‍ധിപ്പിക്കാന്‍ കർമ്മ പദ്ധതിയുമായി കൃഷിവകുപ്പ്

ആർ ബാലചന്ദ്രൻ
ആലപ്പുഴ
September 21, 2021 9:51 pm

നിലച്ചുപോയ നീര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയുമായി കൃഷിവകുപ്പ്. 10 വർഷം മുൻപ് ആരംഭിച്ച നീര ഉല്പാദന പദ്ധതി കർഷകർക്ക് ഏറെ ഗുണകരമായിരുന്നു. നീര ഉല്പാദനം കൂടുതൽ ആകർഷണീയമാക്കി സംരംഭകരെ സൃഷ്ടിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനെക്കുറിച്ച് പഠിക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പദ്ധതിയുടെ പ്രായോഗികത, കേടു കൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ, വിപണന സാധ്യത എന്നിവയാണ് നിര ഉല്പാദനവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ആരായുന്നത്. തെങ്ങ് കൃഷിയെ കൂടി പ്രോത്സാഹിപ്പിച്ച് നീര ഉല്പാദന രംഗത്തെ വ്യാവസായികമായി നിലനിർത്തുകയെന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നീര ഉല്പാദനം ആരംഭിച്ചത്. നാളികേര വികസന ബോർഡ് വഴി കേന്ദ്രസർക്കാരും സബ്സിഡി നൽകി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നുൾപ്പെടെ വായ്പയെടുത്ത് 29 നാളികേര ഉൽപ്പാദക കമ്പനികളാണ് (സിപിസി) രൂപീകരിച്ചത്. ഇതിൽ 15 എണ്ണം ഉൾപ്പെടുത്തി കൺസോർഷ്യമുണ്ടാക്കി കിഫ്ബി സഹായത്തോടെ ടെട്രാപാക്ക് യൂണിറ്റ് സ്ഥാപിക്കാനായിരുന്നു എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. 

പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരം 25 കോടി രൂപ മുടക്കിൽ സ്ഥാപിക്കാനുദ്ദേശിച്ച മുതലമടയിലെ പ്ലാന്റ് ഏറ്റെടുക്കാനാണു ലക്ഷ്യമിട്ടത്. എന്നാൽ, 2020 മാർച്ചിൽ ധനമന്ത്രിയുടെ കൂടി സാന്നിധ്യത്തിലെടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയില്ല. സർക്കാർ ഉത്തരവില്ലാതെ പദ്ധതി അംഗീകരിക്കാനാകില്ലെന്നാണ് കിഫ്ബി സ്വീകരിച്ച നിലപാട്. പദ്ധതി നിലച്ചതോടെ സിപിസികളുടെ പ്രവർത്തനവും അവസാനിപ്പിക്കേണ്ടി വന്നു. പല കമ്പനികളും ജപ്തിഭീഷണിയിലാണ്.

നീര ഉല്പാദന രംഗത്തു സജീവമായിരുന്ന 11 കമ്പനികൾക്ക് ആകെ 20 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇപ്പോൾ കൊല്ലം കൈപ്പുഴയിലെ ഒരു കമ്പനി മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ നീര ഉല്പാദിപ്പിക്കുന്നത്. കാർഷിക രംഗം കൂടുതൽ ശക്തമാക്കുന്നതിന് സർക്കാർ അർഹമായ മുൻഗണനയാണ് നൽകുന്നത്. പദ്ധതി ഉപേക്ഷിക്കാതെ കർഷകർക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിലേക്ക് വളർത്തിയെടുക്കുകയാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
eng­lish summary;Department of Agri­cul­ture with action plan to increase juice production
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.