25 April 2024, Thursday

Related news

March 14, 2024
August 23, 2023
February 12, 2023
February 10, 2023
February 9, 2023
May 19, 2022
April 23, 2022
December 9, 2021
September 7, 2021
August 17, 2021

പാലാഴി തീര്‍ക്കാന്‍ ക്ഷീരഗ്രാമം പദ്ധതി

മന്ത്രി ജെ ചിഞ്ചുറാണി 
February 10, 2023 4:45 am

പശുഗ്രാമം, എംഎസ്ഡിപി, സുനാമി പുനരധിവാസ പരിപാടികൾ, ക്ഷീരഗ്രാമം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ക്ഷീരവികസന വകുപ്പ് കഴിഞ്ഞ 10 വർഷമായി നടപ്പാക്കിയ ഹെർഡ് ഇൻഡക്ഷൻ പ്രോഗ്രാമുകൾ സംസ്ഥാനത്തിന്റെ പാലുല്പാദനം സുസ്ഥിരമാക്കാനും ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന സ്വപ്നത്തിലേക്ക് മുന്നേറാനും സഹായിച്ചു. 2006-07 വർഷത്തിൽ നടപ്പിലാക്കിയ പശുഗ്രാമം പദ്ധതിയിലൂടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ വാങ്ങുന്ന പദ്ധതി ആരംഭിച്ചു. സംസ്ഥാനത്ത് കറവപ്പശുക്കളുടെ എണ്ണം കുറയുന്നത് ഒഴിവാക്കുവാനും റിപ്ലെയ്സ്മെന്റ് സ്റ്റോക്ക് നിലനിർത്താനുമാണ് പശുഗ്രാമം പദ്ധതി ലക്ഷ്യമിട്ടത്. “സ്വയംപര്യാപ്ത ക്ഷീരകേരളം” എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനൊപ്പം ക്ഷീരകർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച് ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംയോജിത പദ്ധതിയാണ് “ക്ഷീരഗ്രാമം”. 2016–17 വർഷത്തിലാണ് ക്ഷീരഗ്രാമം പരിപാടി ആരംഭിച്ചത്. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും, പൊതുമേഖലാസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ ഉരുത്തിരിഞ്ഞതാണ് ഈ ആശയം. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെ മാതൃകാ ക്ഷീരഗ്രാമങ്ങളാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.

ആവശ്യാനുസരണം പശുക്കളെ വാങ്ങുന്നതിനുള്ള സഹായങ്ങൾ നല്കുക, യന്ത്രവൽക്കരണം, പുൽക്കൃഷി വികസന പദ്ധതികൾ, ക്ഷീരസഹകരണ സംഘങ്ങളുടെ ശാക്തീകരണം എന്നിവ വഴി ഗ്രാ‍മപഞ്ചായത്തിനെ പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പദ്ധതി സഹായിക്കും. ക്ഷീരകർഷകർക്ക് മെച്ചപ്പെട്ട സാമൂഹിക‑സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കും. നാളിതുവരെ 63 ഗ്രാമപഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 20 പഞ്ചായത്തുകളിൽ കൂടി പദ്ധതി നടപ്പിലാക്കുവാൻ സർക്കാർ അനുമതി ലഭ്യമായിട്ടുമുണ്ട്. ഇത്തവണ അനുവദിച്ച 10 കോടി ഉള്‍പ്പെടെ ഇതുവരെ 50.83 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. 8656 കറവപ്പശുക്കളെയും 1201 കിടാരികളെയും പുറത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചു. പാലുല്പാദനം വർധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഉരുക്കളുടെ എണ്ണത്തിലും വർധനവുണ്ടായി. പുതിയ സംരംഭകർക്കും, നിലവിലുള്ള ക്ഷീരകർഷകർക്കും പ്രയോജനകരമായ വിവിധ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭകർക്ക് രണ്ട് പശു, അഞ്ച് പശു ഡയറി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നിലവിലെ കര്‍ഷകര്‍ക്ക് പശുക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഫാമുകളുടെ ആധുനികവൽക്കരണത്തിനും തൊഴുത്ത് നിർമ്മാണത്തിനും കറവയന്ത്രം വാങ്ങുന്നതിനും ധാതുലവണ മിശ്രിതം വാങ്ങുന്നതിനും ധനസഹായം നല്കുന്നു. കൂടുതൽ ജനകീയ പങ്കാളിത്തത്തോടെയും മറ്റ് വകുപ്പുകളുടെയും ഏജൻസികളുടെയും സാമ്പത്തിക സാങ്കേതിക സഹകരണത്തോടെയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പദ്ധതി നടപ്പാക്കാന്‍ സാധിക്കും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.


ഇതുകൂടി വായിക്കൂ: ഇടുക്കിയിലെ കര്‍ഷക ലക്ഷങ്ങള്‍ക്ക് പ്രതീക്ഷ 


സംസ്ഥാനത്തെ തെരഞ്ഞെടുത്ത മാതൃകാ പഞ്ചായത്തുകളിൽ ക്ഷീരമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. വികേന്ദ്രീകൃത വികസന മാതൃക വികസിപ്പിക്കുക, പഞ്ചായത്തിലെ ക്ഷീരകർഷകരുടെ ലാഭം ഇരട്ടിയാക്കുക, ഗ്രാമപഞ്ചായത്തിൽ പാലുല്പാദനം 1000 ലിറ്ററാക്കി ഉയർത്തുക, ഹെർഡ് ഇൻഡക്ഷൻ, യന്ത്രവൽക്കരണം, ആവശ്യാധിഷ്ഠിത ധനസഹായം, ഓരോ ഗ്രാമപഞ്ചായത്തിലും 576 ഗുണഭോക്താക്കൾക്ക് സഹായം, 84 കറവപ്പശുക്കളെ വാങ്ങുന്നതിന് ധനസഹായം, ഗുണഭോക്തൃ ഗ്രാമപഞ്ചായത്തിൽ നിന്നും ഏകദേശം 107 ക്ഷീരകർഷകർക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യന്ത്രവൽക്കരണത്തിനും ധനസഹായം, പഞ്ചായത്തിലെ 11 ക്ഷീരകർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് സഹായം, 420 കർഷകർക്ക് സബ്സിഡി നിരക്കിൽ ധാതുമിശ്രിതം വാങ്ങുന്നതിന് ധനസഹായം എന്നിവയും പദ്ധതിയില്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകരുടെ എണ്ണം, പുതുതായി കടന്നുവന്ന സംരംഭകരുടെ എണ്ണം, താല്പര്യമുള്ള യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം, കറവയുള്ള മൃഗങ്ങളുടെയും ഫാമുകളുടെയും എണ്ണം, നിലവിലുള്ള പാലുല്പാദനം, ക്ഷീര സഹകരണ സംഘങ്ങളുടെ എണ്ണം, സംഘങ്ങൾ കൈകാര്യം ചെയ്യുന്ന പാലിന്റെ വിഹിതം, പ്രാദേശിക യൂണിയനുകളുടെ മിൽക്ക് റൂട്ട്, വിപണന സാധ്യതകൾ, പുൽക്കൃഷിയുടെ ലഭ്യത, സാധ്യമായ ഭൂമിയുടെ ലഭ്യത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ്, എറണാകുളം-ആലങ്ങാട്, അരക്കുഴ, ഇടുക്കി-വണ്ടിപ്പെരിയാർ, കണ്ണൂർ- പരിയാരം, കാസർകോട്-ചെമ്മനാട്, കൊല്ലം-അഞ്ചൽ, ചിതറ, കല്ലുവാതുക്കൽ, കോട്ടയം-മരങ്ങാട്ടുപള്ളി, വാഴൂർ, കോഴിക്കോട്-നരിപ്പറ്റ, മലപ്പുറം- കരുളായി, പാലക്കാട്- നഗലശേരി, ഷോളയൂർ, പത്തനംതിട്ട‑കടമ്പനാട്, തിരുവനന്തപുരം- പുല്ലമ്പാറ, തൃശൂർ‑മാടക്കത്തറ, താന്ന്യം, വയനാട്-മീനങ്ങാടി എന്നിവയാണ് ഇക്കൊല്ലം പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകള്‍. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഡയറക്ടറേറ്റ്, ജില്ലാ ഓഫീസുകൾ, ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റുകൾ എന്നിവയിൽ നിന്നുള്ള സാങ്കേതിക പിന്തുണയും രജിസ്ട്രേഷൻ നടത്തുന്നതിന് വകുപ്പിന്റെ ഹെൽപ്ഡെസ്ക് സൗകര്യവും ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുത്താനാവും. പദ്ധതിയുടെ നടത്തിപ്പിനായി ഗുണഭോക്തൃ ഗ്രാമപഞ്ചായത്തിലെ പ്രവർത്തനമികവുള്ള ഒരു ക്ഷീരസംഘത്തെ നോഡൽ ഏജൻസിയായി തെരഞ്ഞെടുക്കും. ഓരോ പഞ്ചായത്തിലും 32 വ്യക്തിഗത ഗുണഭോക്താക്കൾക്ക് രണ്ട് പശു യൂണിറ്റിന് ധനസഹായം നല്കും. ഒരു ഗുണഭോക്താവിന് 46,500 രൂപയാണ് ലഭിക്കുക. 20 ഗ്രാമ പഞ്ചായത്തുകൾക്കാ‍യി ആകെ 297.6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും നാല് വ്യക്തിഗത ഗുണഭോക്താക്കൾക്ക് അഞ്ച് പശു യൂണിറ്റിന് ധനസഹായം നൽകും. ഒരു ഗുണഭോക്താവിന് 1,32,000രൂപയാണ് ലഭിക്കുക. ഇതിനായി 105.6 ലക്ഷം രൂപ വകയിരുത്തി. ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 107 പുരോഗമനോന്മുഖരായ ക്ഷീരകർഷകർക്ക് ആവശ്യാധിഷ്ഠിത ധനസഹായം നല്കും.

ഒരു ഗുണഭോക്താവിന് പരമാവധി 50,000 രൂപ. ഈ പദ്ധതി ഘടകത്തെ നാലായി തരംതിരിച്ചിട്ടാണ് ധനസഹായം നല്കുന്നത്. 20,000 രൂപയിൽ താഴെ ചെലവിൽ ആവശ്യാധിഷ്ഠിത സാധനങ്ങൾ വാങ്ങുന്ന 25 പേർക്ക് പരമാവധി 5000 രൂപയും 50,000 രൂപയിൽ താഴെയുള്ള ആവശ്യാധിഷ്ഠിത സാധനങ്ങൾ വാങ്ങുന്ന 25 പേർക്ക് 10,000 രൂപയും 1,00,000 രൂപയിൽ താഴെ ആവശ്യാധിഷ്ഠിത സാധനങ്ങൾ വേണ്ട 27 പേർക്ക് പരമാവധി 25,000 രൂപ, 1,00,000 രൂപയ്ക്ക് മുകളിലുള്ള ആവശ്യാധിഷ്ഠിത സാധനങ്ങൾക്ക് 30 പേർക്ക് 50,000 രൂപയുമാണ് ലഭ്യമാക്കുക. പഞ്ചായത്തിലെ 11 കർഷകർക്ക് കറവ യന്ത്രം വാങ്ങുന്നതിന് പരമാവധി 30,000 രൂപയോ മൊത്തം ചെലവിന്റെ 50 ശതമാനമോ സഹായമായി നല്കും. 420 ക്ഷീര കർഷകർക്ക് കാൽസാഗർ (ഫീഡ് സപ്ലിമെന്റ്) വാങ്ങുന്നതിന് ഒരാള്‍ക്ക് പരമാവധി 135 രൂപ നല്കും. കേരള ലൈവ്സ്റ്റോക്ക് ബോർഡ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുമായി ചേർന്ന് ക്ഷീരവികസന വകുപ്പ് ഗുണഭോക്തൃ പഞ്ചായത്തുകളിൽ പ്രത്യേക കർമ്മപരിപാടിയിലൂടെ സെക്സ് സോർട്ടഡ് സെമൻ പദ്ധതി ജനകീയമാക്കും. പ്രാദേശിക വെറ്ററിനറി സർജന്റെ സേവനം ഉറപ്പാക്കിക്കൊണ്ട് കുളമ്പ് രോഗം, ചർമ്മമുഴ, തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ കാർപെറ്റ് വാക്സിനേഷൻ പ്രോഗ്രാം ഉറപ്പാക്കും. ക്ഷീരവികസന വകുപ്പ് കണ്ടെത്തിയ നോഡൽ ക്ഷീര സഹകരണസംഘം, പ്രാദേശിക വെറ്ററിനറി സർജന്റെ സഹകരണത്തോടെ പ്രത്യേക വന്ധ്യതാ നിവാരണ ക്യാമ്പുകളും സംഘടിപ്പിക്കും. 2022–23 വർഷത്തിൽ ഒരു ഗുണഭോക്തൃ ഗ്രാമപഞ്ചായത്തിൽ മൂന്ന് ക്യാമ്പുകൾ വീതമാണ് ലഭ്യമാക്കുക. വിവിധ ധനകാര്യസ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഗുണഭോക്തൃ ഗ്രാമപഞ്ചായത്തിൽ സമ്പൂര്‍ണ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിൻ നടത്തും.

ക്ഷീരകർഷകരെ വരുംവർഷങ്ങളിൽ ക്ഷീരസാന്ത്വനം പദ്ധതിയിലേക്ക് പരമാവധി ചേർക്കുന്നതിനും പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും. ക്ഷീരകർഷക ക്ഷേമനിധിയിലേക്ക് 100 ശതമാനം എൻറോൾമെന്റ് ഉറപ്പാക്കുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ഡ്രൈവ് നടത്തും. മിൽമയുമായും പ്രാദേശിക യൂണിയനുകളുമായും കൈകോർത്ത്, ക്ഷീരകർഷകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി പ്രത്യേക ഡ്രൈവ് / സ്പെഷ്യൽ എക്സ്റ്റൻഷൻ പ്രോഗ്രാമും അനുബന്ധ പരിപാടികളും നടത്തുന്നുണ്ട്. ഡയറി ഫാമുകൾ ആരംഭിക്കുന്നതിന് ബാങ്കുകൾ മുഖേന ലോൺ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമന്വയിപ്പിച്ച്,എംഎന്‍ആര്‍ഇജിഎസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഡ്രൈവ് പ്രോഗ്രാം എന്നിവയും നടത്തും. തൊഴുത്ത് നിർമ്മാണം, പുൽക്കൃഷി വികസന പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾക്കാണ് ഇത് ഉപയുക്തമാക്കുക. നിര്‍ദിഷ്ട ക്ഷീരഗ്രാമം പദ്ധതി വഴി, ഗുണഭോക്തൃ ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിലൂടെ സംസ്ഥാനത്തെ ക്ഷീരമേഖലയുടെ പരിപോഷണവും കർഷക പങ്കാളിത്തം ഇരട്ടിയാക്കുന്നതിലൂടെ ക്ഷീരസഹകരണ മേഖലയുടെ ശാക്തീകരണവും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.