February 8, 2023 Wednesday

ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍: കേരള ഹെല്‍ത്ത് സമ്മേളനവുമായി ആരോഗ്യവകുപ്പ്, ഫെബ്രുവരി 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
February 6, 2021 2:23 pm

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍ കേരള ഹെല്‍ത്ത് വെബിനാര്‍ സമ്മേളനം സംഘടിപ്പിക്കുന്നു. വേള്‍ഡ് ബാങ്ക്, യൂണിസെഫ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 4 വരെ അഞ്ച് വിഷയങ്ങളിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്. സാര്‍വത്രിക ആരോഗ്യ സുരക്ഷ, ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം (ഫെബ്രുവരി 17), കൊവിഡ് 19 മഹാമാരി: ആരോഗ്യവകുപ്പിന്റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ് (ഫെബ്രുവരി 18), മാതൃ-ശിശുമരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; സത്യമോ മിഥ്യയോ (ഫെബ്രുവരി 24), പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (ഫെബ്രുവരി 25), ക്ഷയരോഗ നിവാരണം; കര്‍മ്മപദ്ധതി (മാര്‍ച്ച് 4) എന്നിവയാണ് വിഷയങ്ങള്‍. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെയാണ് ചര്‍ച്ച.

 

കേരള ഹെല്‍ത്ത് വെബിനാറിന്റെ കര്‍ട്ടന്‍ റെയ്‌സറും വെബ് സൈറ്റും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനും ലോകത്ത് നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ നമുക്ക് സ്വാംശീകരിക്കാനുമാണ് ഇത്തരമൊരു അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ സുസ്ഥിരതകള്‍ കൈവരിക്കാന്‍ ഏതെല്ലാം മേഖലകളിലൂടെ മികച്ച പ്രവര്‍ത്തനം നടത്താം എന്നതാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ കേരളം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. കേരള ഹെല്‍ത്ത് ചര്‍ച്ചകളിലൂടെ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ 14-ാമത് പഞ്ചവത്സര പദ്ധതിയില്‍ ഇടം പിടിയ്ക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗോള വിദഗ്ധരുടേതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, പരിചയസമ്പത്തും അറിവും പങ്ക് വയ്ക്കല്‍, ഭരണനേതൃത്വവും വികസന പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ എന്നിവയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം. ഓരോ ദിവസവും പ്രത്യേക വിഷയത്തില്‍ മാത്രം നടത്തുന്ന ചര്‍ച്ചയിലൂടെ ഗഹനമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരും. ഇങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് നയരൂപീകരണത്തില്‍ സുപ്രധാന പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യ വികസന നിരക്കും ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കും കേരളത്തിലാണെന്ന് ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ പറഞ്ഞു. എന്നാല്‍ ജീവിതശൈലി രോഗങ്ങള്‍, പകരാത്ത രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളം വെല്ലുവിളി നേരിടുന്നുണ്ട്. നയകര്‍ത്താക്കള്‍, ആരോഗ്യവിദഗ്ധര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ തങ്ങളുടെ അറിവും നിര്‍ദേശങ്ങളും ചര്‍ച്ചകളില്‍ അവതരിപ്പിക്കുമെന്നും ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ പറഞ്ഞു.

ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ കര്‍ട്ടന്‍ റെയ്‌സറില്‍ പങ്കെടുത്തു.

eng­lish summary;Department of Health is orga­niz­ing the Ker­ala Health Webi­nar Con­fer­ence at the inter­na­tion­al level
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.