ഡാലിയ ജേക്കബ്

ആലപ്പുഴ:

March 14, 2021, 9:44 pm

പ്രമോഷൻ ക്യാപ്സ്യൂൾ വീഡിയോകളുമായി ടൂറിസം വകുപ്പ്

Janayugom Online

കോവിഡിൽ തകർന്ന ടൂറിസം മേഖലയെ മൺസൂൺ ടൂറിസത്തിലൂടെ തിരികെപ്പിടിക്കാൻ ആഞ്ഞുപരിശ്രമിക്കുകയാണ് ടൂറിസം വകുപ്പ്. സന്ദർശകരുടെ എണ്ണത്തിൽ പടിപടിയായുള്ള വർധന യുണ്ടാകുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ തകർച്ച നേരിട്ട സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ഇന്നും സാമ്പത്തിക പ്രതിസന്ധികളിൽ തന്നെയാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ക്യാപ്സ്യൂൾ വീഡിയോകൾ യ്യാറാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 85 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമുണ്ടായ മാന്ദ്യത്തിൽ നിന്ന് കരകയറാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ സന്ദർശനത്തിൽ 17.81 ശതമാനത്തിന്റെയും, അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 8.52 ശതമാനത്തിന്റെയും വർധയുണ്ടായിട്ടുണ്ടായിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗണിൽ ടൂറിസം മേഖലയ്ക്ക് 15000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മൺസൂൺ ടൂറിസം സീസണായ ജൂൺ- ജൂലായ് മാസങ്ങളിൽ, യാത്രാവിലക്കുകളിൽ ഇളവുണ്ടായി കൂടുതൽ സഞ്ചാരികൾക്ക് നാട്ടിലെത്താൻ വഴിയൊരുങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്.

അന്യ രാജ്യങ്ങളെക്കാളുപരി, വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൺസൂൺ ആസ്വദിക്കാൻ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുമ്പ് മഴക്കാലത്തെ പൊതുവേ ഓഫ് സീസണായാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ 2016ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട മഴക്കാല കായൽ യാത്ര ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ ആലപ്പുഴയിലടക്കം എത്തിയിരുന്നു. 2018ലും 2019ലും തുടർച്ചയായുണ്ടായ പ്രളയങ്ങൾ മൺസൂൺ ടൂറിസത്തെ ദോഷകരമായി ബാധിച്ചിരുന്നു.

കഴിഞ്ഞ വർഷം ലോക്ക് ഡൗണും വഴി മുടക്കി. ഇതോടെ സഞ്ചാരികൾക്കിടയിൽ സോഷ്യൽ മീഡിയ വഴി മൺസൂൺ ടൂറിസത്തിന്റെ പ്രത്യേകതകൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് ആരംഭിക്കുന്നത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തെ കുറിച്ച് രാജ്യമെമ്പാടും അറിയിക്കാൻ കാപ്സ്യൂൾ വീഡിയോകളാണ് തയ്യാറായി കൊണ്ടിരിക്കുന്നത്. പരമാവധി മൂന്ന് മിനിട്ട് ദൈർഘ്യമുള്ള 30 വീഡിയോകളുണ്ടാവും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വീഡിയോ തയ്യാറാക്കുന്നതിന് രണ്ട് കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ എല്ലാ തലങ്ങളും വിശദമാക്കുന്ന വീഡിയോകളാണ് തയ്യാറാവുന്നത്.

ENGLISH SUMMARY: Depart­ment of Tourism with Pro­mo­tion Cap­sule Videos

YOU MAY ALSO LIKE THIS VIDEO