15 October 2024, Tuesday
KSFE Galaxy Chits Banner 2

ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സോളാറിലേക്ക് മാറ്റുന്നു

Janayugom Webdesk
June 14, 2022 10:15 pm

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ പൂർണമായി സോളാറിലേക്ക് മാറുന്നു. ആദ്യഘട്ടത്തിൽ 9 പുതിയ ബോട്ടുകൾ ഈ വർഷം ആലപ്പുഴയിൽ നീറ്റിലിറക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. 

കാലപ്പഴക്കം ചെന്ന ബോട്ടുകൾക്ക് പകരം സോളാർ ബോട്ട് ഉപയോഗിക്കും. 2017 ജനുവരിയിൽ വൈക്കം –തവണക്കടവ് റൂട്ടിൽ ആരംഭിച്ച സോളാർഫെറിയുടെ വിജയമാണ് കൂടുതൽ പരീക്ഷണത്തിന് സർക്കാരിന് പ്രേരണയായത്. മലിനീകരണതോതും സർവീസ് ചെലവും ഗണ്യമായി കുറയ്ക്കാനാകും എന്നതാണ് നേട്ടം. ഡീസൽ ഉപയോഗിച്ച് സർവീസിന് 10,000 രൂപ വേണ്ടിടത്ത് സോളാർഫെറിക്ക് 500 രൂപയിൽ താഴെ മതി. 2020ൽ ആലപ്പുഴയിൽ സർവീസ് ആരംഭിച്ച വേഗ 2 ഡീസൽ ബോട്ട് വരുമാനത്തിൽ റെക്കോഡ് കളക്ഷനിലാണ്. 56,000 രൂപ പ്രതിദിന കളക്ഷനുണ്ട്. ഓപ്പറേഷൻ ചെലവ് 16,000 രൂപയും. ഇതിൽ 120 സീറ്റാണ്. 40 എസിയും 80 നോൺ എസിയും. ടിക്കറ്റ് നിരക്ക് യഥാക്രമം 400, 600 രൂപ. കുടുംബശ്രീയുടെ ഭക്ഷണവിതരണവും ഇതിലുണ്ട്. 

അതേസമയം, സോളാർ യാത്രാ ബോട്ടുകൾ വരുന്നതിനൊപ്പം രാജ്യത്തെ ആദ്യത്തെ സോളാർ ക്രൂയിസർ ‘ഇന്ദ്ര’യുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. എറണാകുളം മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുക. കേരളത്തിന് ഓണസമ്മാനമായി സർക്കാർ ഇത് നാടിന് സമർപ്പിക്കും. കൊച്ചിയിലെ നവ്ഗതി മറൈൻ ഡിസൈൻ ആന്റ് കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണം. ബോട്ട് പൂർണമായും ടൂറിസത്തിന് ഉപയോഗിക്കും. 100 സീറ്റാണുള്ളത്. രണ്ടുനിലയിൽ താഴെയാണ് സീറ്റുകൾ. മുകളിൽ ആഘോഷപരിപാടിക്കായി ക്രമീകരിക്കും. ഒരുഭാഗം പുറംകാഴ്ച ആസ്വദിക്കാൻ തുറന്നിരിക്കും. 3.15 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇന്ധന വില വർധനവ് കാരണം ജലഗതാഗത വകുപ്പ് വൻ നഷ്ടം നേരിടുന്ന സമയത്താണ് സോളാർ ബോട്ടുകളും മറ്റും ആവിഷ്കരിച്ച് നടപ്പാക്കിയത്. 

Eng­lish Sum­ma­ry: Depart­ment of Water Trans­port boats are being con­vert­ed to solar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.