June 6, 2023 Tuesday

കായൽ ടൂറിസം മേഖലയെ കോർത്തിണക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ ‑2’ മാർച്ച് ആദ്യവാരം സർവീസ് ആരംഭിക്കും

ആർ ബാലചന്ദ്രൻ
ആലപ്പുുഴ
February 26, 2020 7:54 pm

കായൽ ടൂറിസം മേഖലയെ കോർത്തിണക്കി ജലഗതാഗത വകുപ്പിന്റെ ആത്യാധുനിക ലക്ഷ്വറി ബോട്ട് സർവീസ് മാർച്ച് ആദ്യവാരം ആരംഭിക്കുന്നു. സാധാരണ യാത്രക്കും ഇതോടൊപ്പം വിനോദസഞ്ചാരികൾക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി എം നായർ ജനയുഗത്തോട് പറഞ്ഞു. ഇതിന് പ്രത്യേക സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. ആലപ്പുഴ- കോട്ടയം ജലപാതവഴി സർവീസ് നടത്തുന്ന ബോട്ട് അരൂരിലെ ട്രാഗാ മറൈൻ എന്ന സ്വകാര്യ കമ്പനിയാണ് ജലഗതാഗത വകുപ്പിന് നിർമിച്ച് നൽകിയത്.

രണ്ട് കോടി രൂപ മുതൽ മുടക്കി നിർമിച്ച ഈ ബോട്ടിന്റെ ഒരു ഭാഗം ശീതികരിച്ചതാണ്. കഴിഞ്ഞ വർഷമാണ് ബോട്ടിന്റെ നിർമാണം തുടങ്ങിയത്. മുൻപും വിനോദസഞ്ചാര മേഖലക്ക് പ്രയോജനകരമാകുന്ന രീതിയിൽ ബോട്ടുകൾ സർവീസ് തുടങ്ങിയിരുന്നു. അതിൽ ഒന്നായിരുന്നു സീ കുട്ടനാട്. ഇത്തരം ബോട്ടുകൾക്ക് കൂടുതൽ ജന സ്വീകാര്യത ലഭിച്ചതോടെയാണ് പുതിയ പരീക്ഷണങ്ങൾ നടത്താൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചത്. നിലവിൽ വിനോദസഞ്ചാര മേഖലയെ ഉൾപ്പെടുത്തി അഞ്ചോളം സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ ലക്ഷ്വറി ബോട്ട് സർവീസ് വകുപ്പിന് മുതൽ ശക്തിപകരുമെന്നാണ് കരുതുന്നത്.

120 സീറ്റുകൾ ഉള്ള ബോട്ടിന് ‘വേഗ ‑2’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സാധാരണ ബോട്ടിനേക്കാൾ 12 നോട്ടിക്കൽ മൈൽ വേഗതയിൽ ഇതിന് സഞ്ചരിക്കാൻ കഴിയും. ടൂറിസം മേഖലകളെ പ്രത്യേകം കോർത്തിണക്കി സർവീസ് നടത്തുന്ന ആദ്യ സംരംഭമാണിത്. ആലപ്പുഴയിൽ നിന്നും രാവിലെ 10 മണിക്ക് സർവീസ് ആരംഭിക്കുന്ന ബോട്ട് പുന്നമട വഴി തണ്ണീർമുക്കം, കുമരകം പക്ഷി സങ്കേതം, പാതിരാമണൽ എന്നിവിടങ്ങളിൽ സഞ്ചാരികളെ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കുമരകത്ത് യാത്ര അവസാനിപ്പിക്കും. തുടർന്ന് രണ്ട് മണിയോടെ തിരിച്ച് ആലപ്പുഴയിലേക്ക് യാത്ര തുടങ്ങും. ദിവസേന രണ്ട് സർവീസുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ മിതമായ നിരക്കിൽ യാത്രക്കാർക്ക് നാടൻ ഉച്ചഭക്ഷണവും ലഘുഭക്ഷണവും ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.

കായൽ വിഭവങ്ങളായ കരിമീൻ, ആറ്റുകൊഞ്ച് എന്നിവയാണ് പ്രധാന ഇനങ്ങളായി ലഭിക്കുന്നത്. ഇവ യാത്രക്കാർക്ക് വാങ്ങുന്നതിനും സൗകര്യമുണ്ട്. ശീതികരിച്ച വിഭാഗത്ത് യാത്ര ചെയ്യുന്നതിന് 300 രൂപയും നോൺ എ സി വിഭാഗത്തിന് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സുരക്ഷക്കും ഉല്ലാസത്തിനും ഒരുപോലെ ഉതകുന്ന ബോട്ടിന് മുൻകൂർ ബുക്കിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾ കൂടുതലുള്ള സമയത്താണ് ബുക്കിംഗ് സംവിധാനം ഉപയോഗിക്കുക. സാധാരണ കായൽ വിനോദസഞ്ചാരം ആസ്വദിക്കുന്നതിന് ചുരുങ്ങിയത് 10,000 രൂപയുടെ ചെലവാണ് വരുന്നത്. എന്നാൽ വളരെ കുറഞ്ഞ നിരക്കിൽ ജലഗതാഗത വകുപ്പ് ഏർപ്പെടുത്തിയ ബോട്ട് വീണ്ടും ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ.

Eng­lish Sum­ma­ry: Depart­ment of water trans­ports vega 2 to begin ser­vice on march 1st

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.