Web Desk

പ്രയാഗ്‍രാജ്

January 14, 2021, 7:59 pm

ആശ്രിത നിയമനം: വിവാഹിതരായ പെൺമക്കളും അര്‍ഹരെന്ന് ഹൈക്കോടതി

Janayugom Online

സർവീസിലിരിക്കെ മരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവാഹിതരായ പെൺമക്കളും ആശ്രിത നിയമനത്തിന് അർഹരാണെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് സ്വദേശിനിയായ മഞ്ജുൾ ശ്രീവാസ്തവയുടെ അപേക്ഷയിലാണ് ജസ്റ്റിസ് ജെ ജെ മുനീറിന്റെ നിരീക്ഷണം. സർവീസിലിരിക്കെ മരിച്ച പിതാവിന്റെ തസ്തികയിലേക്ക് ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് പ്രയാഗ്‍രാജ് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ 2020 ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു മഞ്ജുൾ ഹർജി സമർപ്പിച്ചത്. 

അപേക്ഷ സമർപ്പിച്ചിരിക്കുന്നത് മരിച്ച ഉദ്യോഗസ്ഥന്റെ ‘വിവാഹിതയായ മകളാണ്’ എന്നും അവരുടെ നിയമനം ഉത്തർപ്രദേശിൽ സർക്കാർ സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമം, 1974ലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കാട്ടിയായിരുന്നു ജില്ലാ വിദ്യാഭ്യാസ വകുപ്പ് നിരസിച്ചത്. എന്നാൽ, വിവാഹിതനോ, അവിവാഹിതനോ ആയ മകനോ അവിവാഹിതയായ മകൾക്കോ എന്നതുപോലെ തന്നെ വിവാഹിതയായ പെൺമക്കൾക്കും സർക്കാർ സർവീസിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത്തരം കാരണങ്ങളാൽ നിയമനം നിരസിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 

വിവാഹ ശേഷം പെൺകുട്ടികളെ ജനിച്ചു വളർന്ന കുടുംബത്തിന്റെ ഭാഗമല്ലാതെ കാണുന്നതും ഇത്തരം നിയമനങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഭരണഘടനാ വിരുദ്ധവും മൗലീക അവകാശങ്ങളുടെ ലംഘനമാണെന്ന് നേരത്തെ സമാനമായ വിമല ശ്രീവാസ്ത കേസിലും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാന സർക്കാർ നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ലെങ്കിലും, ഈ നിയമത്തിന്റെ പിൻബലത്തിൽ വിവാഹിതയായ മകളുടെ അവകാശവാദം നിരസിക്കാൻ ആർക്കും കഴിയില്ല. മകൾ എന്ന വാക്കിനെ അവരുടെ വൈവാഹിക നില പരിശോധിക്കാതെ നോക്കിക്കാണണമെന്നും കോടതി നിരീക്ഷിച്ചു. രണ്ട് മാസത്തിനകം മഞ്ജുളിന്റെ ആശ്രിത നിയമനത്തിനുള്ള അവകാശവാദം പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി ജില്ലാ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY: Depen­dent appoint­ment: High court rules mar­ried daugh­ters are also eligible
You may also like this video