കെ രംഗനാഥ്

കുവൈറ്റ്സിറ്റി

April 05, 2020, 9:35 am

കൊറോണ വ്യാപനം: പ്രവാസികളെ മരുഭൂമിയില്‍ തള്ളുകയോ നാടുകടത്തുകയോ ചെയ്യണം; വിവാദ പരാമര്‍ശവുമായി നടി

Janayugom Online

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ മരുഭൂമികളില്‍ കൊണ്ടു ചെന്നു തള്ളുകയോ നാടുകടത്തുകയോ ചെയ്യണമെന്ന കുവൈറ്റ് നടി ഹയാത്ത് അല്‍ഫഹദിന്റെ അഭിപ്രായം സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ വന്‍‍ പ്രതിഷേധത്തിനു വഴിമരുന്നിടുന്നു. കുവൈറ്റിലെ ആശുപത്രികള്‍ കൊറോണ ബാധിച്ച പ്രവാസികളെ കൊണ്ടു നിറഞ്ഞു കവിയുന്നതിനാല്‍ സ്വദേശികള്‍ക്കു ചികിത്സയൊരുക്കാന്‍ ഇതു മാത്രമാണ് മാര്‍ഗമെന്നും ‘മാ ഹേസ്റ്റ് കലായി’ ലൂടെ പ്രശസ്തയായ 71 കാരിയായ ഈ നടി ടി വി അഭിമുഖത്തിലൂടെ നടത്തിയ ജല്പനമാണ് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

”സഹിക്കാവുന്നതിനപ്പുറമാണിത്. സ്വദേശിക്കു രോഗം വന്നാല്‍ കിടത്തി ചികിത്സിക്കാന്‍ ആശുപത്രികളില്ല. എല്ലാം പ്രവാസികള്‍‍ കയ്യടക്കിവച്ചിരിക്കുന്നു. അവരുടെ രാജ്യങ്ങള്‍ക്കു വേണ്ടാത്തവരെ നാമെന്തിനു ചുമക്കണം”. വൃദ്ധനാടക നടി പൊട്ടിത്തെറിച്ചു. നാടുകടത്തിയില്ലെങ്കില്‍ ഇവറ്റകളെ മരുഭൂമികളില്‍ കൊണ്ടുപോയി തള്ളുക എന്ന ക്രൂരമായ ഉപദേശമാണ് ജനങ്ങളെ രോഷാകുലരാക്കിയത്. മനുഷ്യപ്പറ്റില്ലാതെയാണ് ഹ യാത്ത് അല്‍ഫഹദ് സംസാരിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ജനം കുറ്റപ്പെടുത്തി.

കുവൈറ്റ് എങ്ങനെ കുവൈറ്റ് ആയെന്ന് ഈ നടിക്കറിയാമോ എന്ന് ആരാഞ്ഞ മറ്റൊരാള്‍ പ്രവാസികളുടെ അധ്വാനഫലമായാണ് കുവൈറ്റ് എന്ന രാജ്യം കെട്ടിപ്പൊക്കിയതെന്ന് ഓര്‍മ്മിപ്പിച്ചു.

Eng­lish Sum­ma­ry; Kuwaiti actress says deport­ing pravasi work­ers or throw­ing them in the desert

YOU MAY ALSO LIKE THIS VIDEO