October 3, 2022 Monday

Related news

September 27, 2022
September 14, 2022
September 13, 2022
August 17, 2022
August 8, 2022
August 6, 2022
August 3, 2022
July 30, 2022
July 27, 2022
July 21, 2022

കൂട്ടികളിലെ വിഷാദം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

Janayugom Webdesk
September 10, 2020 6:24 pm

നമ്മുടെ എല്ലാരുടെയും ഇടയിലുള്ള ഒരു പ്രശ്നം തന്നെയാണ് വിഷാദം. എല്ലാ പ്രായക്കാരെയും പിടികൂടുന്നതാണ് വിഷാദം. ഒരു കുഞ്ഞിന് പോലും വിഷാദം വരാം. മാതൃലാളനയിലും പരിചരണത്തിലും ഈ വിഷാദം കുട്ടിയെ കാര്യമായി ബാധിക്കില്ല. എന്നാൽ ഇന്നത്തെ അണുകുടുംബങ്ങളും, മാതാവോ പിതാവോ മാത്രമുള്ള കുഞ്ഞുങ്ങൾ, പുതിയ വിദ്യാഭ്യാസലക്ഷ്യം, മാറിവരുന്ന സാമൂഹ്യ വ്യവസ്ഥികൾ, സാമ്പത്തിക നില, ജീവിതത്തോടുള്ള പുത്തൻ കാഴ്ചപ്പാട് തുടങ്ങിയവ കൂടുതൽ വിഷാദരോഗികളെ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ്.

കൂട്ടികളിലെ വിഷാദം

1. പ്രതീക്ഷയ്ക്കനുസരിച്ച് റിസൾട്ട് ലഭിക്കാതെ വരുമ്പോൾ മാതാപിതാക്കൾ കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഇത് അവരുടെ മനസ്സിൽ നിരാശ നിറയ്ക്കുകയും വിഷാദത്തിന് കാരണമാകുന്നു.

2. അണുകുടുംബവ്യവസ്ഥിതിയും കുട്ടികളുടെ വിഷാദരോഗത്തിന് കാരണമാകാറുണ്ട്. മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നു. സൈക്കിളിൽ നിന്ന് ഇരുചക്രവാഹനത്തിലേക്കും അവിടെ നിന്നും കാറിലേക്കും ആഗ്രഹം വ്യാപിക്കുന്നു. ഏതെങ്കിലും ഒരാഗ്രഹത്തിന് നേരെ മാതാപിതാക്കൾ മുഖം തിരിക്കുമ്പോൾ ഉണ്ടാകുന്ന നിരാശയെ തരണം ചെയ്യാൻ അവർക്ക് കഴിയുന്നില്ല. ഇത് വിഷാദരോഗത്തിലേക്ക് നയിക്കും.

3. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ കിട്ടാതെ വളരുന്നവർക്കും ബാല്യകാലത്ത് മാതാപിതാക്കളുടെ കർശനനിയന്ത്രണം, കടുത്ത ശിക്ഷ എന്നിവയേൽക്കുന്ന കുട്ടികൾക്കും വിഷാദരോഗമുണ്ടാകാം. ബാല്യകാലരോഗങ്ങൾ, പീഡാനുഭവങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, പിതാവിൻറെ മദ്യപാനം, സ്കൂൾമാറ്റം, പരീക്ഷയിലെ പരാജയം എന്നിവയൊക്കെ കുട്ടികൾക്ക് വിഷാദമുണ്ടാക്കുന്ന സാഹചര്യമാണ്.

4. കുടുംബത്തിലെ അരക്ഷിതത്വമാണ് വഴിതെറ്റിയ ബന്ധത്തിന് കാരണമാകുന്നത്. ജോലിത്തിരിക്കിനിടയിൽ കുട്ടിയെ ശ്രദ്ധിക്കാൻ ഇവർക്ക് സമയം ലഭിക്കുന്നില്ല. ക്രമേണ മാതാപിതാക്കൾ കുട്ടിക്ക് അന്യരാകുന്നു. അവരോട് തങ്ങളുടെ ആവശ്യങ്ങളും മാനസിക സംഘർഷങ്ങളും തുറന്നു പറയാൻ കുട്ടിക്ക് കഴിയുന്നില്ല. പരസ്പരം കലഹിക്കുന്ന മാതാപിതാക്കളാണെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. ഇതു കാരണം പ്രണയബന്ധങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തികൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗിക ചൂഷണം എന്നിവയിലേക്ക് കുട്ടികൾ ചെന്നെത്തുന്നു. വിഷാദരോഗമാണ് ഇതിൻറെ പര്യവസാനം.

കുട്ടികൾക്കും വിഷാദരോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു

പത്തുവയസ്സുവരെയുള്ള കുട്ടികളുടെ പെരുമാറ്റ രീതികളിൽ നിന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന വിഷാദ പ്രശ്നങ്ങളെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുമെന്ന് അമേരിക്കയിലെ പുതിയ പഠനങ്ങൾ. കുട്ടികളിൽ ഉത്കണ്ഠ, മ്ലാനത ഇവ വളരെ ഉയർന്ന നിരയിൽ കാണുകയാണെങ്കിൽ അത് ഭാവിയിൽ വിഷാദമായി മാറും. അമിതമായ അക്രമ വാസന, മോഷണ താൽപര്യം എന്നിവ ഉള്ളവരിൽ ഇവ ഇല്ലാത്തവരെക്കാൾ വിഷാദം ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്.

കുട്ടികളിൽ കാണാവുന്ന അത്യധികമായ ലജ്ജയും ഭാവിയിൽ സാമൂഹ്യ ജീവിതത്തിൽ നിന്ന് ഉൾവലിയാനും അതുവഴി വിഷാദരോഗത്തിലേയ്ക്കും നയിച്ചേക്കാം. കുട്ടിക്കാലത്തെ വൈകാരികപ്രശ്നങ്ങൾ എന്തുകൊണ്ടാണ് വിഷാദം പോലെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് എന്നതിനെപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു. കുട്ടിക്കാലത്ത് സാമൂഹ്യമായ ബന്ധത്തിനേറ്റ പരാജയങ്ങളാവാം ഭാവിയിൽ വിഷാദമായി മാറുന്നതിന് കാരണം. ദേഷ്യവും, വിശദീകരിക്കാനാവാത്ത രോഗലക്ഷണങ്ങളും അതായത് തലവേദന, വയറുവേദന എന്നിവയുണ്ടെന്ന് പറയുക, പഠനത്തിലുള്ള താത്പര്യം കുറയുക, സ്കൂളിൽ പോകാൻ വിസമ്മതിക്കുക തുടങ്ങിയവ വിഷാദരോഗത്തിൻറെ ലക്ഷണങ്ങളാണ്.

കുട്ടിയുടെ കൂട്ടുകാർ, ശീലങ്ങൾ എന്നിവയെക്കുറിച്ച് ശ്രദ്ധിക്കണം. ക്രിയാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം. താത്പര്യമനുസരിച്ചുള്ള പഠനമേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണം. മാതാപിതാക്കളുടെ വിശ്വാസം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. അനാവശ്യമായ നിയന്ത്രണമരുത്.

കുട്ടികൾക്ക് മാതൃകയാകുന്ന ജീവിതശൈലി മാതാപിതാക്കൾ സ്വീകരിക്കണം. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷവും മാതാപിതാക്കൾ നൽകുന്ന സുരക്ഷിതത്വബോധവും കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തി അവരെ നാളെയുടെ നിലവിളക്കുകളാക്കുക.

Eng­lish sum­ma­ry; Depre­sion in chil­dren; pay atten­tion to these things

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.