September 28, 2022 Wednesday

ഡെപ്സാംഗ് നഷ്ടമായി: മൗനം തുടർന്ന് കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡൽഹി:
September 17, 2020 10:46 pm

ലഡാക്ക് അതിർത്തിയിലെ സാഹചര്യം സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ സബ് സെക്ടർ നോർത്തിലെ ഡെപ്സാംഗ് സമതലങ്ങളെകുറിച്ച് മൗനം തുടർന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്നലെ സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താൻ ഇന്ത്യൻ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുമ്പോഴും ഡെപ്സാംഗിനെ സംബന്ധിച്ച് പ്രതിരോധ മന്ത്രി പരാമർശിച്ചില്ല. ലഡാക്ക് അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിൽ നിന്ന് ഇന്ത്യൻ സൈനികരെ തടയാൻ ലോകത്തെ ഒരു ശക്തിക്കുമാകില്ലെന്ന് മാത്രമായിരുന്നു പ്രദേശത്തെ പ്രശ്നങ്ങളിൽ വിശദീകരണം നൽകാതെ രാജ്നാഥ് സിങ് പറഞ്ഞത്.

ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് (എൽഎസി) ചൈന കൈവശപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്ന തന്ത്ര പ്രധാനമേഖലയെക്കുറിച്ച് പ്രതിരോധ മന്ത്രി പ്രതികരിക്കാത്തത് അതിർത്തിയിലെ യാഥാർഥ്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. പാംഗോങ്, ഗോഗ്ര മേഖലകളിൽ ചൈന വൻ സേന വിന്യാസം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ് ഡെപ്സാംഗിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച് പ്രതികരിച്ചില്ല. ഓഗസ്റ്റ് എട്ടിന് ഇരുരാജ്യങ്ങളും തലത്തിലുള്ള മേജർ ജനറൽ തല ചർച്ചകൾ നടന്ന മേഖലയാണ് ഡെപ്സാംഗ്. പ്രദേശത്തെ അഞ്ച് പട്രോളിംഗ് പോയിന്റുകളിൽ ഇന്ത്യൻ സൈന്യം പ്രവേശിക്കുന്നത് ചൈന മെയ് മുതൽ തടഞ്ഞിരിക്കുകയാണ്.

ജൂൺ മാസത്തിലുണ്ടായ ചൈനീസ് പ്രകോപനത്തിൽ 20 ഇന്ത്യൻ സൈനികരായിരുന്നു ഗൽവാൻ താഴ്‍വരയിൽ കൊല്ലപ്പെട്ടത്. അതിനു മൂന്നു മാസത്തിനു ശേഷമാണ് തർക്കമേഖലയായ പാംഗോങ് തടാകത്തോടു ചേർന്നുള്ള ചൈനയുടെ കടന്നു കയറ്റം ഉണ്ടായത്. പിന്നാലെ ഡെപ്സാംഗ് താഴ്‍‍വര മുതൽ ചുഷുൽ വരെയുള്ള പ്രദേശത്ത് യഥാർഥ നിയന്ത്രണരേഖയിൽ ചൈനയുടെ ആസൂത്രിതമായ കടന്നു കയറ്റവുമുണ്ടായി.

ഡെപ്സാംഗിൽ മാത്രം 900 ചതുരശ്ര കിലോമീറ്റർ

കിഴക്കൻ ലഡാക്കിൽ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. ഡെപ്സാംഗ് സമതലത്തിൽ പട്രോളിങ് പോയന്റ് 10 മുതൽ 13 വരെ ചൈനീസ് സേനയുടെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തി. ഡെപ്സാംഗിൽ മാത്രം ചൈനീസ് നിയന്ത്രണത്തിലുള്ളത് 900 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്. ഗൽവാൻ താഴ്‌വരയിൽ 20 ചതുരശ്ര കിലോമീറ്റർ പ്രദേശവും ഹോട്ട്സ്പ്രിങ് ഏരിയയിൽ 12 ചതുരശ്ര കിലോമീറ്റർ പ്രദേശവും പാംഗോങ് സോയിൽ 65 ചതുരശ്ര കിലോമീറ്ററും ചുഷൂലിൽ 20 ചതുരശ്ര കിലോമീറ്റർ പ്രദേശവും ചൈന കയ്യടക്കി. ഏപ്രിൽ, മെയ് മാസങ്ങളിൽ ചൈന പ്രദേശത്ത് വൻ സേനാ വിന്യാസം നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

വെല്ലുവിളി നിറഞ്ഞ സാഹചര്യം: രാജ്നാഥ് സിങ്

അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്. സേന എന്തും നേരിടാൻ തയ്യാറെന്നും നിയന്ത്രണരേഖയ്ക്കടുത്ത് ചൈന വൻസേനാ വിന്യാസം തുടരുകയാണെന്നും രാജ്നാഥ് സിങ് പാർലമെന്റിൽ വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കപ്പെടില്ലെന്ന ധാരണ ആർക്കും വേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഘര്‍ഷ മേഖലകളില്‍ നിന്നും വേഗത്തിലും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച്‌ സമവായത്തിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചു.

ENGLISH SUMMARY: Dep­sang lost: Cen­tral gov­ern­ment fol­low­ing silence

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.